വെറ്റില ചവയ്ക്കുന്നവർ വെറ്റിലത്തട്ടത്തിലെ മുന്തിയ വെറ്റിലയാണ് തെരഞ്ഞെടു ക്കുന്നത്. വെറ്റില എടുത്ത് തുമ്പ് നുള്ളി നെറ്റിയിൽ വച്ച ശേഷം ഞെട്ട് ഇറുത്തുകളയും, വെറ്റില കമഴ്ത്തിവച്ച് കൈനഖത്തിന്റെ സഹായത്താൽ ഞരമ്പുകൾ എടുത്തു മാറ്റും. എന്നിട്ട് ഇടതുകൈയിൽ കമഴ്ത്തി മടക്കിവച്ചശേഷം വലതുകൈയുടെ നടുവിരൽകൊണ്ട് ചുണ്ണാമ്പു തേച്ച് മുകളിൽനിന്നും താഴോട്ടും താഴെനിന്നും മുകളിലോട്ടുമാണ് മടക്കുന്നത്. എന്തിനേറെ, വെറ്റിലച്ചെല്ലം നിവർക്കുന്നതും അടയ്ക്കുന്നതിനുമുണ്ട് ഓരോ രീതികൾ.
തുറക്കാനും അടയ്ക്കാനും രണ്ട് കൈകളിലെയും തള്ളവിരലും നടുവിരലും താഴേക്കും മുകളിലേക്കും കറക്കി (ഒരു മുദ്രപോലെ)യാണ് ചെല്ലം തുറക്കുന്നതും അടയ്ക്കുന്നതും. വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്നത് അതിന്റെ അടിവശത്താണ്. കാരണം, വെറ്റിലയിൽ രോഗാണുക്കൾ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുള്ളത് അടിവശത്താണ്. ചുണ്ണാമ്പ് പുരട്ടുന്നതോടെ അണുക്കൾ ഉണ്ടെങ്കിൽ അത് നശിക്കാൻ ഈ രീതി സഹായിക്കും.
മുറുക്കുന്നതിനുള്ള അനുസാരികളെല്ലാം സൂക്ഷിക്കുന്നതിന് പ്രത്യേകം സജ്ജീകരണങ്ങളുള്ള തടികൊണ്ടുണ്ടാക്കിയ മുറുക്കാൻ പെട്ടികളും ലോഹനിർമിതമായ ചെങ്ങളും തട്ടങ്ങളുമുണ്ട്.
നാലുകാലിൽ ഉറപ്പിച്ചതും രണ്ട് വശങ്ങളിലായി പിള്ള അറകളോടുകൂടിയതും അടയ്ക്കുകയും തുറക്കുകയും ചെയ്യാൻ പാകത്തിൽ അടപ്പോടുകൂടിയതുമായ തടികൊണ്ടുണ്ടാക്കുന്ന ചെറിയ പെട്ടികളാണ് മുറുക്കാൻ പെട്ടി. ചുണ്ണാമ്പ് നിറച്ച കരണ്ടകവും പാക്ക് അരിയുന്നതിനുള്ള പാക്കുവെട്ടിയും പെട്ടിയിലുണ്ടാവും. ചുണ്ണാമ്പ് സൂക്ഷിക്കുന്നതിന് ഓട്, പിത്തള എന്നിവയിലുണ്ടാക്കിയ ചെറിയ ചിമിഴാണ് കരണ്ടകം.
പ്രായമായവർക്ക് മുറുക്കാൻ ഇടിച്ച് പരുവപ്പെടുത്തിയെടുക്കുന്ന തിനായി ഇടികല്ലും കുഴവിയും വീടുകളിലുണ്ടാവും. യാത്രയ്ക്ക് പോകുമ്പോൾ സൗകര്യപ്രദമായി മുറുക്കാൻ സൂക്ഷിക്കുന്നതിന് വിവിധ ആകൃതിയിലും രൂപത്തിലുമുള്ള മുറുക്കാൻ ചെലങ്ങളുണ്ടാവും. ജൻമിയുടെ പിന്നാലെ പല്ലവുമായി പോകുന്ന കാര്യസ്ഥൻമാരും ഉണ്ടായിരുന്നു.
ചാരുകസേരയിൽക്കിടന്ന് ചെല്ലം തുറന്ന് വെറ്റിലയെടുത്ത് അതിന്റെ ഇളമ്പ് മുറിച്ച് നെറ്റിയുടെ വശത്ത് ഒട്ടിച്ച്, ഇടത്തെ കൈവിടർത്തി വെറ്റില വിടർത്തിവച്ച് വെറ്റില ഞരമ്പ് വലത്തേ കൈവിരലാൽ എടുത്ത് (വെറ്റില ഞരമ്പിൽ വെറ്റിലപ്പാമ്പ് ഉണ്ടെന്ന് പരക്കെ പറയപ്പെടുന്നു. അതിനാലാണ് ആ ഭാഗം എടുത്തുകളയുന്നത്) ചുണ്ണാമ്പ് തേച്ച് മടക്കി വായിലേക്കുതന്നെവച്ച് മുറുക്കി രസിക്കുന്ന കാരണവർ.
ചാരുകസേരയുടെ ഒരുവശത്ത് കിടന്നുകൊണ്ടുതന്നെ തുപ്പുന്നതിന് ഉയരം കൂടിയ തുപ്പൽ കോളാമ്പിയുണ്ടാവും, ചിലയിടങ്ങളിൽ കൈകൊണ്ട് എടുത്ത് തുപ്പുന്നതിനുള്ള ചെറിയ കോളാമ്പികളും ഉണ്ടാവും.