ചീരവിത്ത് വളരെ ചെറുതാണ്; പച്ചക്കറി വിത്തുകളുടെ കൂട്ടത്തിൽ ചെറുത്. തലേവർഷം വളർന്ന മുപ്പെത്തിയ ചെടികളിൽ നിന്നെടുത്ത് അടർത്തിയെടുത്ത വിത്ത് ഉണക്കി സൂക്ഷിച്ചത് നടാൻ ഉപയോഗിക്കാം. ടെറസ്സിൽ മറ്റു ചെടികൾ നടാൻ വേണ്ടി തയ്യാറാക്കിയ തടത്തിൽ കുറച്ച് ചീരവിത്തുകൾ വിതറിയിട്ടാൽ അവയെല്ലാം മുളച്ചു വരും. അല്പം പൂഴിമണലുമായി കലർത്തിയിട്ട് വിത്തിട്ടാൽ മുളക്കുന്ന ചെടികൾ തമ്മിൽ അകലം കിട്ടും.
വിത്തിട്ടതിനുശേഷം എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നനച്ചു കൊടുക്കണം. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിത്ത് മുളച്ച് ഇലകൾ വരും. മുളച്ച കുഞ്ഞുചീരക്ക് അഞ്ച് ഇലകൾ വന്നാൽ പറിച്ചുനടാൻ തുടങ്ങാം. വൈകുന്നേരം പറിച്ചു നടുന്ന ചീരതൈകൾക്ക് സൂര്യ പ്രകാശമേൽക്കാതെ രണ്ട് ദിവസം തണൽ നൽകണം.
വളരെ ചെറിയ വിത്തുകൾ ആയതിനാൽ അല്‌പം വിത്തിട്ടാലും ധാരാളം ചീരത്തൈകൾ ലഭിക്കും. ഇതെല്ലാം പറിച്ചു മാറ്റി നടാൻ മാത്രം സ്ഥലം നമ്മുടെ ടെറസ്സിൽ ഉണ്ടായെന്ന് വരില്ല. അതിനാൽ മാറ്റി നട്ടതിനു ശേഷം ബാക്കി വരുന്ന ചീരത്തൈകൾ അതേ സ്ഥലത്ത് ഒന്നിച്ച് വളരാൻ അനുവദിക്കണം. അവയെല്ലാം വളർന്ന് വലുതാവുമ്പോൾ കൂട്ടത്തിൽ വലിയവ നോക്കി വേരോടെ പിഴുതെടുത്ത് കറിവെക്കാം (ചെടി കഴുകിയശേഷം വേരിന്റെ അറ്റം മാത്രം മുറിച്ചു മാറ്റിയാൽ മതിയാവും). ഇങ്ങനെ രണ്ടോ മുന്നോ തവണയായി തടത്തിലെ ചീരകളൊക്കെ പിഴുതുമാറ്റിയാൽ അവിടെ മറ്റു വിളകൾ നടാം.
ടെറസ്സിൽ സൂര്യപ്രകാശം ധാരാളം ലഭിക്കുന്നതിനാൽ ചീരത്തൈ പറിച്ചു നടുമ്പോൾ കൂടുതൽ അകലം ആവശ്യമില്ല. ചെടിച്ചട്ടിയിലും പോളിത്തീൻ ബാഗിലും മറ്റു വിളകളുടെ ഒപ്പം നട്ടാലും നല്ല വിളവ് ലഭിക്കും. പോളിത്തിൻ ബാഗിൽ നടുക്ക് വെണ്ടയോ, വഴുതനയോ, മുളകോ നട്ടതിനുശേഷം വശങ്ങളിൽ മൂന്നോ നാലോ ചീരത്തൈ നടാം.
വളം ചേർക്കുമ്പോൾ വെണ്ടക്കും ചീരക്കും ഒരേപോലെ ഗുണം ലഭിക്കും. മറ്റു ചെടികളുടെ കൂടെ നടുന്ന ചീരത്തൈകൾ വലുതാവുന്ന മുറക്ക് വേരോടെ പിഴുതെടുത്ത് ഉപയോഗിക്കണം; ശാഖകൾ മുറിച്ചെടുത്ത് വീണ്ടും വളരാൻ അനുവദിക്കേണ്ടതില്ല. വെണ്ടയും വഴുതനയും പുഷ്‌പിച്ച് കായ്ക്കുമ്പോൾ കൂടെ വളരുന്ന ചീര മൂപ്പെത്തുന്നതിനു മുൻപ് പിഴുതുമാറ്റി ഉപയോഗിക്കണം.