ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരുമില്ല തന്നെ. ചോക്ലേറ്റ് നിർമ്മിക്കുന്നത് കൊക്കോ കുരുവിൽ നിന്നാണ്. അതിനാൽ കൊക്കോ മരത്തെ ചോക്ലേറ്റ് മരം എന്നു വിളിക്കാറുണ്ട്. “തിയോ വാമ കക്കാവോ' എന്നാണിതിന്റെ ശാസ്ത്രനാമം.
'സ്റ്റേർ കുലിയേസി' എന്ന സസ്യകുടുംബത്തിലെ ഒരംഗം. തെക്കേ അമേരിക്കയിലെ ആമസോൺ, ഒറിനാക്കോ എന്നീ പ്രദേശങ്ങളിലെ വനങ്ങളിൽ വളരെയധികം കൊക്കോമരങ്ങൾ കാണപ്പെടുന്നതു കൊണ്ട് അവിടം കൊക്കോയുടെ ജന്മദേശം എന്നു കരുതപ്പെടുന്നു.
മാതൃവൃക്ഷങ്ങൾ ഗുണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ
1. ഫോറസ്റ്റിറോ ഇനത്തിൽപ്പെട്ട മരങ്ങളിൽ ഉണ്ടാകുന്ന 350 ഗ്രാമിൽ കുറയാത്ത ഭാരമുള്ളതും വിളയാത്ത കായ്കൾക്കു പച്ചനിറമുള്ളതും മൃദുത്വമേറിയതും അധികം ആഴമില്ലാത്ത ചാലുകൾ ഉള്ളതുമായ പുറന്തോടോടു കൂടിയതുമായ കായ്കൾ.
2. വർഷം തോറും 100 കായ്കളിൽ കുറയാത്ത ഉത്പാദനം.
3. ഓരോ കായിലും 35 എണ്ണത്തിൽ കൂടുതൽ വിത്തുകൾ.
4. ഉണങ്ങിയ ഓരോ കുരുവിനും ഒരു ഗ്രാമിൽ കൂടുതൽ തൂക്കം.
5. കായ്കളുടെ പുറന്തോടിന് ഒരു സെ.മീറ്ററിൽ കൂടുതൽ കനം ഉണ്ടായിരിക്കരുത്.
6. ഒരു കി.ഗ്രാം പച്ചക്കുരു ലഭിക്കാൻ 12 കായ്കളിൽ കൂടരുത്.
തിരഞ്ഞെടുത്ത മാതൃവൃക്ഷത്തിൽ നിന്നും കായ്കൾ പഴുത്തു തുടങ്ങിയാലുടൻ ശേഖരിക്കാം. കായ്കൾ പൊട്ടിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ പാകുന്നതാണ് ഏറ്റവും നല്ലത്.
പോളിബാഗുകളിൽ ആറ്റുമണ്ണ്, ചെമ്മണ്ണ്, ഉണക്കിപ്പൊടിച്ച ചാണകം എന്നിവ 1:1:1 എന്ന അനുപാതത്തിൽ കൂട്ടി കലർത്തി നിറച്ച് കൊക്കോക്കുരു പാകാം. 1-2 സെ.മീറ്ററിൽ കൂടുതൽ ആഴത്തിൽ വിത്തുകൾ താഴ്ന്നു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യാനുസരണം ജലസേചനം നടത്തണം. വിത്തു മുളച്ച് മൂന്നു മാസം കഴിയുമ്പോൾ വളർച്ച അനുസരിച്ച് തൈകളെ തരം തിരിക്കണം. ഏകദേശം 25% ചെടികൾ ആരോഗ്യം കുറഞ്ഞവയായിരിക്കും. ഇവ നടാൻ പാടില്ല.
കാർഷിക സർവ്വകലാശാലയിൽ നടത്തിയ ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത് വിത്തുപാകി മുളപ്പിക്കുന്ന ചെടികളേക്കാൾ കൂടുതൽ ഉത്പാദനക്ഷമത ബഡ് ചെയ്ത ചെടികൾക്കാണെന്നാണ്.