കാർഷികഗ്രാമമായ മേലൂർ ഗ്രാമപ്പഞ്ചായത്തിന് ഇത് അഭിമാനനേട്ടം. ഗ്രാമത്തിലെ അടിച്ചിലി, കുന്നപ്പിള്ളി പീച്ചാമ്പിള്ളിക്കുണ്ട് മാമ്പടത്തിൽ കൊച്ചുമോന്റെയും രാജിയുടെയും ഇളയമകൾ എയ്‌സലിനാ(14)ണ് വിദ്യാർഥികളിൽ മികച്ച കാർഷികപ്രവർത്തനത്തിനുള്ള കൃഷിവകുപ്പിന്റെ സംസ്ഥാന അവാർഡ് (കർഷകതിലകം).
നാലുവർഷത്തിനിടെ എയ്‌സൽ നടത്തിയ കഠിനപ്രയത്നത്തിന്റെ കഥകൂടിയുണ്ട് ഈ നേട്ടത്തിനു പിന്നിൽ. എറണാകുളം ജില്ലയിൽ പാലിശ്ശേരി സർക്കാർ സ്‌കൂളിൽ ഒമ്പതാംതരത്തിലാണ് എയ്‌സൽ പഠിക്കുന്നത്. പഠനം മുടക്കാതെ രാവിലെയും വൈകീട്ടും അമ്മ രാജി നൽകുന്ന കൃഷിപാഠങ്ങളുമായി ചെളി നിറഞ്ഞ പറമ്പിലിറങ്ങുമ്പോൾ ഒരു അവാർഡ് തേടിയെത്തുമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല.
വീടിനു ചുറ്റും തുമ്പ, മുക്കുറ്റി ഉൾപ്പെടെ ആയുർവേദസസ്യങ്ങൾ, പച്ചക്കറിയിനങ്ങൾ, കിഴങ്ങുകൾ, പഴവർഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ വളർന്നുനിൽക്കുന്നു. ചെണ്ടുമല്ലിയുൾപ്പെടെ പൂവിനങ്ങളും കൃഷിയിടത്തിലുണ്ട്. കോഴി, മുയൽ എന്നിവയെയും പരിപാലിക്കുന്നു.
മേലൂർ കൃഷി ഓഫീസർ രാഹുൽ കൃഷ്ണൻ ശുപാർശ ചെയ്യാൻ വിശദാംശങ്ങൾ ആവശ്യപ്പെട്ടപ്പോൾ അമ്മയുടെ സഹായത്തോടെ തയ്യാറാക്കി നൽകിയ കത്ത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം അവാർഡ് നിർണയസമിതി എയ്‌സലിന്റെ വീട്ടിലെ കൃഷിയിടങ്ങൾ സന്ദർശിച്ച് വിലയിരുത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്. എയ്ഞ്ചൽ, എയ്ൻ എന്നിവരാണ് സഹോദരങ്ങൾ.