കഞ്ഞിക്കുഴി കാരിക്കുഴി പാടത്ത് രണ്ടര ഏക്കറിൽ സൂര്യകാന്തിപ്പാടം ഒരുക്കി വിളവെടുത്ത് വിജയം കൊയ്ത സുജിത്ത് എന്ന യുവകർഷകൻ അടുത്തപടിയായി അതിന്റെ മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്. സൂര്യകാന്തിപ്പാടം കത്തിജ്വലിച്ചു നിന്നപ്പോൾ കാഴ്ചക്കാരുടെ തിരക്കായിരുന്നു.
ടിക്കറ്റ് വച്ചാണ് കാഴ്ചക്കാരെ നിയന്ത്രിച്ചത്. കല്യാണഷൂട്ടുകൾക്കും ആൽബങ്ങൾക്കുമായി നിരവധിപേർ സൂര്യകാന്തിപ്പാടത്ത് എത്തിയിരുന്നു. ഒരു ലക്ഷത്തോളം പേർ പാടം സന്ദർശിച്ചു എന്ന് കണക്കുകൾ പറയുന്നു. സമീപ ജില്ലകളിൽനിന്നുള്ളവരും വിദേശ വിനോദ സഞ്ചാരികളുമെല്ലാം ഇവിടെയെത്തി.
മൂല്യവർധിത ഉല്പന്നം
അതിന്റെ തിരക്ക് കഴിഞ്ഞപ്പോൾ സുജിത്ത് ആ പൂവുകൾ മുഴുവൻ ഉണക്കിപ്പൊടിച്ചു. എല്ലാത്തിന്റെയും ഇതളുകൾ അടർത്തിയെടുക്കുന്നത് ശ്രമകരമായ ഒരു ജോലിയായിരുന്നു. പൂവുകളുടെ കായ അടർത്തി മാറ്റി ഡ്രയർ ഉപയോഗിച്ചാണ് ഉണക്കിയത്. തുടർന്ന് അത് മില്ലിൽ കൊടുത്ത് ആട്ടിയെടുത്തു. മുഴുവൻ കായ്കളും ആട്ടിയെടുത്താൽ 50 കിലോയോളം എണ്ണ ലഭിക്കുമെന്നാണ് വിദഗ്ദ്ധമതം.
ആദ്യഘട്ടത്തിൽ 15 കിലോ ആട്ടിയപ്പോൾ 4 കിലോ എണ്ണയും 10.5 കിലോ പിണ്ണാക്കും ലഭിച്ചു. രണ്ടര ഏക്കറിൽ നിന്ന് ലഭിച്ച 250 കിലോ ഉണക്കിയ കായയിൽ നിന്ന് 15 കിലോയാണ് പരീക്ഷണാടിസ്ഥാനത്തിൽ ആട്ടിയത്. രണ്ടര ഏക്കറിൽ നിന്ന് 8000 ത്തോളം പൂക്കൾ ലഭിച്ചുവെന്ന് കർഷകൻ സുജിത്ത് പറഞ്ഞു. ഇവയുടെ ഇതളുകൾ അടർത്തിയാണ് കായ ശേഖരിക്കേണ്ടത്.
ഭക്ഷ്യ വകുപ്പിന്റെ ലാബിൽ പരിശോധിച്ച ശേഷമേ എണ്ണ വിൽക്കാൻ കഴിയൂ. എണ്ണയിൽ മറ്റു ചില ഘടകങ്ങൾ കൂടി ചേർക്കാറുണ്ടെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. സൂര്യകാന്തി കൃഷിയും സൂര്യകാന്തി എണ്ണ ഉണ്ടാക്കിയതും പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയതായതുകൊണ്ട് ഇത് സംബന്ധിച്ചുള്ള വിദഗ്ദ്ധ ഉപദേശം ലഭിക്കേണ്ടതുണ്ടെന്നും സുജിത് പറഞ്ഞു.
പിണ്ണാക്ക് പശുക്കൾക്ക് തീറ്റയായി നൽകി. സൂര്യകാന്തി എണ്ണയുടെ വില സംബന്ധിച്ചും ധാരയാകാനുണ്ട്. പ്രമുഖ കമ്പനികളുടെ സൂര്യകാന്തി എണ്ണകൾ ലഭ്യമാണെങ്കിലും ഇവയിൽ മറ്റു ചില ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. വിപണിയെക്കുറിച്ചൊക്കെ ആലോചിക്കുന്നതേയുള്ളൂ എന്നാണ് കരുതുന്നതെങ്കിലും ഇപ്പോൾ തന്നെ ആട്ടിയെടുത്ത അത്രയും എണ്ണയ്ക്ക് ഓർഡർ ലഭിച്ചു കഴിഞ്ഞു. സുഹൃത്തുക്കൾ തന്നെയാണ് ആവശ്യക്കാർ.
മികച്ച യുവ കർഷകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയിട്ടുള്ള എം എസ് സുജിത്ത് ജൈവ പച്ചക്കറി കൃഷി കൂടാതെ ചെറിയ ഉള്ളി , മൽസ്യ താറാവ് കൃഷിയിലും സജീവമാണ്. അടുത്ത പടിയായി മുന്തിരിക്കൃഷി വാണിജ്യാടിസ്ഥാനത്തിൽ ചെയ്യാനുള്ള പദ്ധതിയാണ് സുജിത്തിന്.