ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഇലപൊഴിയും ഈർപ്പ വനങ്ങളിൽ കാണുന്ന പ്രധാനപ്പെട്ട വൃക്ഷമാണ് താന്നി. മരുത്, വേങ്ങ, തേക്ക്, ചടച്ചി, വെന്തേക്ക് മുതലായവയോടൊപ്പം കേരളത്തിലെ എല്ലാ മലമ്പ്രദേശങ്ങളിലും ഇത് കണ്ടു വരുന്നു. ജലാംശം കൂടിയ പ്രദേശങ്ങളിലാണ് ഇവ കൂടുതലായി കണ്ടു വരുന്നത്.
സിൽവികൾച്ചറൽ പ്രത്യേകതകൾ
ജനുവരി മുതൽ മാർച്ച് വരെയാണ് ഇലപൊഴിയും കാലം. ഇളം തൈകൾ തണൽ സഹിക്കുമെങ്കിലും വലുതാകുന്നതോടെ ഇതൊരു പ്രകാശാർത്ഥി വൃക്ഷമാകുന്നു.
നീർവാർച്ചയുള്ളതും ജലാംശമുള്ളതുമായ മിക്കവാറും എല്ലാ തരത്തിലുള്ള മണ്ണിലും താന്നി നന്നായി വളരാറുണ്ട്.
പുനരുത്ഭവം
ഏപ്രിൽ-മെയ് മാസത്തോടെ പൂവിടുന്ന ഇവയുടെ കായ്കൾ ഡിസംബർ മാസത്തോടെ പൂർണ്ണ വളർച്ചയെത്തുന്നു. മാർച്ച്-ഏപ്രിൽ മാസത്തോടെ നഴ്സറിത്തടത്തിൽ നടാവുന്നതാണ്. ഒന്നും രണ്ടും മാസത്തിനുള്ളിൽ പൂർണ്ണമായി മുളക്കുന്നു. പിന്നീട് പോളിത്തീൻ കൂടുകളിലേക്ക് പറിച്ച് നടണം. ആറ് മാസം മുതൽ ഒരു വർഷം വരെ പ്രായമായ തൈകൾ വളർച്ചയനുസരിച്ച് തോട്ടവൽക്കരണത്തിനുപയോഗിക്കാം.
പ്രവർദ്ധനം
സ്വാഭാവിക പ്രവർദ്ധനം താമസിച്ചേ നടക്കൂ. കാരണം കട്ടിയേറിയ തോട് ദ്രവിച്ച് വിത്തിന് മുളക്കാൻ സമയം വേണ്ടി വരും. നല്ല മഴക്കാലം കഴിഞ്ഞ് താന്നി വൃക്ഷത്തിൻ്റെ ചുവട്ടിൽ ധാരാളം തൈകൾ വരും.
കൃത്രിമ പ്രവർദ്ധനത്തിന് വിത്ത് വെള്ളത്തിൽ കുതിർത്ത് (3 ദിവസം) പാകണം. ഒന്നര മാസം എടുക്കും കിളിർക്കുവാൻ, തൈകൾ 2 മാസമാകുമ്പോൾ പറിച്ച് നടാം. കാട്ടിൽ നിന്ന് ശേഖരിച്ച തൈകളും നടാനുപയോഗിക്കാം. വേര് പൊട്ടാതെ സൂക്ഷിക്കണം.
മറ്റുപയോഗങ്ങൾ
തടിക്ക് ഈടു കുറവാണെങ്കിലും ഉറപ്പുണ്ട്. വെള്ളത്തിലിട്ടെടുക്കുന്ന തടിക്ക് ഈടു കൂടുന്നതായി കണ്ടിട്ടുണ്ട്. ത്രിഫലയിൽ ഒന്നാണ് താന്നിക്ക.