കപ്പയുടെ 100 ഗ്രാം പച്ചയിലയിൽ തന്നെ ഹൈഡ്രോസയാനിക് ആസിഡ് രൂപത്തിൽ 180 മില്ലി ഗ്രാമോളം സയനൈഡ് അടങ്ങിയിട്ടുണ്ട്. ഇലയിൽ ഉള്ളതിലധികം സയനൈഡ് സാന്നിധ്യം കപ്പയുടെ തൊണ്ടിലുണ്ട്. 500-600 കിലോ. ഗ്രാം ഭാരമുള്ള വലിയ ഒരു കറവപ്പശുവിന്റെ ജീവനെടുക്കാൻ 300 - 400 മില്ലി . ഗ്രാം മാത്രം സയനൈഡ് വിഷം മതി. കപ്പയുടെ പച്ചയിലയും കപ്പ സംസ്കരിക്കുമ്പോൾ ബാക്കിയാവുന്ന തൊണ്ടും മറ്റവശിഷ്ടങ്ങളും വെള്ളവുമെല്ലാം ഒരേ പോലെ അപകടകരമെന്ന് ചുരുക്കം.
ഇനം, പ്രായം, പ്രദേശം, കാലാവസ്ഥ, വളപ്രയോഗം എന്നിവയനുസരിച്ച് കപ്പയിലെ സയനൈഡ് സാന്നിധ്യത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും, കട്ടുള്ള കപ്പയിൽ വിഷാംശം കൂടുതലായിരിക്കും. കപ്പയുടെ സസ്യഭാഗങ്ങൾക്കനുസരിച്ചും സയനൈഡ് വിഷത്തിൻ്റെ തോതിൽ വ്യത്യാസമുണ്ടാവും. ചുവന്ന തണ്ടുള്ള കപ്പയിൽ ഉള്ളതിനേക്കാൾ കൂടുതൽ സയനൈഡ് വിഷം പച്ചതണ്ടുള്ള കപ്പയിൽ ഉണ്ടായിരിക്കും. താഴ്‌തണ്ടുകളിലെ ഇലകളേക്കാൾ സയനൈഡ് വിഷം കൂമ്പുകളിലെ ഇലകളിലുണ്ടാവും. ചൂടാക്കുമ്പോഴും ഉണക്കുമ്പോഴും കപ്പയിലെ സയനൈഡിന്റെ അംശം കുറയും.
കപ്പച്ചെടിയിൽ മാത്രമല്ല റബറിൻ്റെ ഇല, മണിച്ചോളത്തിൻ്റെ (സോർഗം) തളിരിലകൾ എന്നിവയിൽ എല്ലാം തന്നെ സയനൈഡ് വിഷത്തിന്റെ സാന്നിധ്യമുണ്ട്.
ചെറിയ അളവിൽ മാത്രമാണ് സയനൈഡ് വിഷം കാലികളുടെ അകത്തെത്തിയതെങ്കിൽ അത് കരളിൽ വെച്ച് നിർവീര്യമാക്കപ്പെടും. എന്നാൽ വിഷത്തിന്റെ തോത് ഉയർന്നതാണെങ്കിൽ - 5-15 മിനിറ്റിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. അധികം താമസിയാതെ ശ്വസന തടസ്സം മൂർച്ഛിച്ച് മരണം സംഭവിക്കുകയും ചെയ്യും.