വയലാർ മൂത്താൻവാതുക്കൽ വീട്ടിൽ നിന്നും ഇരുപത് വർഷം മുമ്പ് ആലപ്പുഴയിലെ കോമളപുരം പ്ലാശുകുളം വാലേവെളി ലാലുവിന്റെ വീട്ടിലേക്ക് വത്സല മണവാട്ടിയായി വരുമ്പോൾ ഒരു പിടി ചീരവിത്ത് കരുതിയിരുന്നു.
പാരമ്പര്യമായുള്ള പച്ചക്കറി കൃഷിയുടെ തുടർച്ച ഭർതൃവീട്ടിലും നാമ്പിട്ടു കാണണമെന്ന ആഗ്രഹത്താലായിരുന്നു ചീരയരിയുമായുള്ള വരവ്. ഇന്ന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ ചീര മാത്രമല്ല വൈവിധ്യമാർന്ന പച്ചക്കറി കൃഷികളാൽ സമൃദ്ധമാണ് വാലേ വെളിപുരയിടം.
വയലാർ രാമവർമ്മയുടെ വീട്ടിലേക്ക് പച്ചക്കറികളും വെറ്റിലയും വയലാറി ലെ തന്റെ വീട്ടിൽ നിന്നും വാങ്ങിയിരുന്ന കാലത്തെ കുറിച്ചുള്ള വത്സലയുടെ ഓർമകൾക്ക് ഇന്നും പച്ചപ്പുണ്ട്. ചേർത്തല തൈക്കൽ പ്രദേശത്തെ ചെമ്പട്ട് ചീരയുടെ വിത്ത് പാകി കിളിർപ്പിച്ചാണ് കോമളപുരം വാലേവെളിവീട്ടിൽ കൃഷിക്ക് തുടക്കം കുറിച്ചത്. ഓരോ തവണയും കൃഷി കഴിയുമ്പോൾ വിത്തെടുത്ത് സൂക്ഷിച്ച് അടുത്ത കൃഷിയിറക്കുന്ന രീതിയാണ് വത്സല തുടരുന്നത്.കഴിഞ്ഞവർഷം 40,000 രൂപയുടെ ചീര മാത്രം വിറ്റു. ഇപ്പോൾ ചീര വിളവെടുപ്പിന്റെ കാലമാണ്.
വേപ്പിൻ പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്കും ഗോമൂത്രവും വളമായി നൽകുന്ന സ്വാദേറിയ ചീര വാങ്ങാൻ ഇവിടെ തിരക്കാണ്. പത്തു ചുവടുള്ള ഒരു കെട്ട് ചീര 50 രൂപയ്ക്കാണ് നൽകുന്നത്. ചീരയുൾപ്പെടെ ജൈവ പച്ചക്കറികൾ ജൈവമായതിനാൽ വിപണി വത്സലയ്ക്ക് പ്രശ്നമേയല്ല. വിവിധയിനം 'പയർ, മുളക്, പീച്ചിൽ, പടവലം, പാവൽ, തക്കാളി തുടങ്ങിയവയും 24 സെന്റിൽ കൃഷി ചെയ്യുന്നു. വെള്ളം കോരി നനയ്ക്കുന്ന പരമ്പരാഗത രീതിയാണ് ഇന്നും തുടരുന്നത്.
വത്സലയും കേരള സ്പിന്നേഴ്സിലെ തൊഴിലാളിയായ ഭർത്താവ് ലാലുവും പുലർച്ചെ അഞ്ചര മുതൽ കൃഷിപ്പണികൾ തുടങ്ങും. മകൾ ലൂഥർ മിഷൻ എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർഥിനി ആദിത്യയും സഹായത്തിനുണ്ടാകും. ആര്യാട് ഫാം ക്ലബിലെയും ജെ എൽ ജി ഗ്രൂപ്പിലെയും അംഗമാണ് വത്സല
കൃഷി ഓഫീസർ എം ജിഷ, കൃഷി അസിസ്റ്റന്റുമാരായ അനില, ശ്യാമ , ആത്മ ബ്ലോക്ക് കോ ഓർഡിനേറ്റർ സുരമ്യ, ഫാം ക്ലബ് ഭാരവാഹികൾ എന്നിവരുടെ നിർദേശങ്ങളും ഉപദേശങ്ങളും കൃഷിക്ക് പ്രചോദനമേകുന്നു.
കടപ്പാട് :ലാലിച്ചൻ മുഹമ്മ