Updated on: 30 April, 2021 9:21 PM IST
ജല സേചനം ചെയ്യുമ്പോൾ

കാർഷിക കൊള്ളരുതായ്മകൾ 12
പ്രമോദ് മാധവൻ

ജല സേചനം ചെയ്യുമ്പോൾ വരുന്ന പിഴവുകൾ
(Faulty Irrigation Practices)

കർഷകർ അറിഞ്ഞോ അറിയാതെയോ കൃഷിയിൽ ചെയ്യുന്ന Bad Agricultural Practices പരമ്പരയിലെ പന്ത്രണ്ടാം ഭാഗം.

ഒരു വർഷം ഏതാണ്ട് 135 മഴ ദിവസങ്ങളിലായി 2800-300mm മഴ കേരളത്തിൽ കിട്ടുന്നുണ്ട്. എന്ന് പറഞ്ഞാൽ ഈ പെയ്യുന്ന മഴ വെള്ളം മുഴുവൻ ഒലിച്ചു പോകാതെ, കെട്ടി നിർത്തിയിരുന്നു എങ്കിൽ ഇവിടെ 2.8-3 മീറ്റർ പൊക്കത്തിൽ ഇവിടെ വെള്ളം കെട്ടി നിന്നേനെ എന്ന് ചുരുക്കം. ശിവ ശിവ.. അങ്ങനെ ആകാഞ്ഞത് പരമ ഭാഗ്യം.

അങ്ങനെ സംഭവിക്കുന്നില്ല. ഭൂമിയുടെ ചരിഞ്ഞ കിടപ്പു മൂലം ഇത് ഒഴുകി ജലാശയങ്ങളിൽ എത്തുന്നു.

കുറെ വെള്ളം മണ്ണിലൂടെ ഊർന്നു ഭൂഗര്ഭത്തിലും എത്തുന്നു.

മണിക്കൂറിൽ 15mm എന്ന വേഗത്തിൽ ആണ് മണ്ണിലൂടെ ഉള്ള വെള്ളത്തിന്റെ സഞ്ചാരം.
ഇങ്ങനെ രണ്ടു തരത്തിലും സസ്യ വളർച്ചയെ സഹായിക്കുന്ന മൂലകങ്ങൾ നഷ്ടമാകുന്നു. അവ ജലാശയങ്ങളിൽ പായൽ വളർച്ചക്കും(Eutrophication ) ഭൂഗർഭ ജല മലിനീകരണത്തിനും കാരണമാകുന്നു.

ഈ കാറ്റയോണുകളുടെ (പൊട്ടാസിയം, കാൽസ്യം, മഗ്നീഷ്യം ) ശോഷണം മണ്ണിനെ കൂടുതൽ അമ്ലത ഉള്ളതാക്കുന്നു. സ്വതവേ ദുർബ്ബല.. പോരെങ്കിൽ ഗർഭിണിയും എന്ന അവസ്ഥ.

ചുരുക്കത്തിൽ ഒരു മഴക്കാലം കഴിയുമ്പോൾ മണ്ണ് കൂടുതൽ ഊഷരമാകുന്നു. മണ്ണൊലിപ്പുണ്ടെങ്കിൽ പറയാനുമില്ല.

മഴക്കാലം കഴിഞ്ഞു ശീത കാലത്തിലൂടെ വേനലിൽ എത്തുമ്പോൾ പ്രകൃതി വറുതി പറമ്പാകുന്നു. ശക്തമാകുന്ന കരക്കാറ്റും കുംഭ ചൂടും മണ്ണിനെ പൊള്ളിക്കുന്നു. അപ്പോൾ ആദ്യ രക്ത സാക്ഷികൾ എത്ത വാഴയും കുരുമുളകും ആണ്. പക്ഷെ ഈ ഒരു stress ആണ് കുരുമുളകിൽ നന്നായി പുഷ്പിക്കാൻ പ്രചോദനം ആകുന്നത്.

വറുതി മുന്നിൽ കണ്ടു മരങ്ങൾ തങ്ങളുടെ ജല നഷ്ടം കുറയ്ക്കുന്നതിന് ഇലകളുടെ 'ലോഡ് ' ഒഴിവാക്കുന്നു. അവൻ കൊഴിക്കുന്നു. മാത്രമല്ല ഇവ തന്റെ ചുവട്ടിൽ കിടക്കുമ്പോൾ മണ്ണിൽ നിന്നും ജലനഷ്ടം കുറയുമെന്നും കരുതുന്നു. പക്ഷെ വിവര ദോഷിയായ മനുഷ്യൻ ആ കരിയിലകൾ മുഴുവൻ വാരി കത്തിച്ചു കളഞ്ഞു തന്റെ പ്രകൃതിയോടുള്ള ക്രൂരത പ്രകടിപ്പിക്കുന്നു.

മഴയില്ലായ്മയും ജലനഷ്ടവും മൂലം മണ്ണ് ഉണങ്ങി വരണ്ടു ഉറച്ചു പോകുന്നു.

ആയതിനാൽ വേനലിലും മഴയിലും മണ്ണിനെ രക്ഷിക്കാൻ (മൂലകങ്ങൾ ഒലിച്ചു പോകാതെയും തറഞ്ഞു പോകാതെയും )പുതയിടലിനു കഴിയും. മണ്ണിൽ അലിഞ്ഞു ചേരുന്ന എന്തും പുതയിടാൻ ഉപയോഗപ്പെടുത്താം.

ചെടികളുടെ വേരോട്ടം കൂടണം എങ്കിൽ മണ്ണ് ഇളക്കമുള്ളതാകണം. അപ്പോഴാണ് ജീവ വായു മണ്ണിനകത്തേക്കു കടന്നു എയറോബിക് ബാക്റ്റീരിയകൾ പെരുകാൻ സഹായകമാകുന്നത്.

ഇളക്കമില്ലാത്ത മണ്ണിൽ വേര് വിന്യാസം പരിമിതമായിരിക്കും.

നല്ല മണ്ണിന്റെ Bulk Density 1.33ഗ്രാം /cm3 ആണ്. . ആ നിലവാരത്തിൽ എത്താൻ മണ്ണിൽ കഴിയുന്നത്ര ജൈവ വസ്തുക്കൾ മണ്ണിൽ ചേർത്ത് കൊടുക്കണം.

നനയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാവിലെ ആണ് നനയ്ക്കേണ്ടത്. ആവശ്യമെങ്കിൽ വൈകുന്നേരവും നനയ്ക്കാം

വേനൽക്കാലത്തു വൈകുന്നേരങ്ങളിൽ തളിച്ച് നനയ്ക്കുന്നത് ഇലകളിൽ കുമിൾ രോഗങ്ങൾ വരാൻ കാരണം ആകാം. പ്രത്യേകിച്ചും ചീരയിൽ.

ഒരു ചെടി വാടാൻ തുടങ്ങുന്നതിനു മുൻപ് നന നൽകണം. അല്ലെങ്കിൽ ഇലകളിലെ കോശങ്ങൾ മരണപെടാൻ സാധ്യത ഉണ്ട്

വളരെ പതുക്കെ മാത്രം വെള്ളം മണ്ണിൽ വീഴണം. അല്ലെങ്കിൽ മണ്ണ് തറഞ്ഞു പോകും. ആയതിനാൽ തുള്ളി നന ആണ് ഏറ്റവും അനുയോജ്യം.


ചെടിതടത്തിൽ കരിയിലകൾ കൊണ്ട് പുതയിട്ടതിനു ശേഷം അതിനു മുകളിൽ നനയ്ക്കുന്നത് ആണ് ഏറ്റവും നല്ലത്.

മണ്ണിൽ പുട്ടുപൊടിയുടെ നനവ് നില നിർത്തക്ക തരത്തിൽ നന പരിമിതപ്പെടുത്തണം. മണ്ണ് കുഴഞ്ഞു പോകുമ്പോൾ അത് വായുസഞ്ചാരത്തെയും എയ്റോബിക് ബാക്ടീരിയ കളുടെ പ്രവർത്തനത്തെയും ബാധിക്കും

ചെടിച്ചട്ടികളിലും ഗ്രോ ബാഗുകളിലും നനയ്ക്കുമ്പോൾ അവയിൽ നിന്നും വെള്ളം കിനിഞ്ഞു തറയിൽ പടരുന്ന അളവിൽ വെള്ളം ഒഴിക്കരുത്. അത് ജല -വള നഷ്ടത്തിന് കാരണമാകും.

ഹോസ് ഉപയോഗിച്ച് വളരെ ശക്തിയിൽ നനയ്ക്കുന്നത് മണ്ണ് തറഞ്ഞു പോകാൻ കാരണമാകും.

വെള്ളവും വളവും ഒരുമിച്ചു നൽകുന്ന 'വള സേചന ' രീതി കൂടുതൽ അഭികാമ്യം.

ചിട്ടയായ നനയും വള പ്രയോഗവും സ്ഥായിയായ വിളവിന് ഏറ്റവും പ്രധാനം.

ഈ വേനൽക്കാലത്തു എല്ലാ ചെടികളുടെയും മരങ്ങളുടെയും തടങ്ങൾ കരിയിലകളാൽ നിറയട്ടെ. അതിനു മുകളിൽ ആകട്ടെ നന.

ഇസ്രായേലിന്റെ വാർഷിക മഴ 70cm ആണ്. കേരളത്തിൽ 270-300cm ഉം. പക്ഷെ അവർ ആണ് ഏറ്റവും കൂടുതൽ ഉൽപ്പാദന ക്ഷമത കൈവരിച്ചവർ. കൂടുതൽ ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല, ഉള്ളത് നന്നായി ഉപയോഗിക്കാൻ കഴിയണം എന്ന് സാരം.

ഓർക്കുക

വെള്ളത്തിന്റെ ധാരാളിത്തമല്ല, അതിന്റെ ബുദ്ധിപൂർവമായ ഉപയോഗം ആണ് കാർഷിക സമൃദ്ധിക്കാധാരം.

English Summary: tips to resolve mistakes when watering plants
Published on: 23 February 2021, 11:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now