വാഴ കുലച്ചു കഴിഞ്ഞ് പടലകൾ മുഴുവൻ വിരിഞ്ഞു കഴിഞ്ഞാൽ കൂടിച്ചശേഷം കുലകൾ പൊതിഞ്ഞു നിർത്താം. കുലകൾ പൊതിയുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. കഠിനമായ വെയിലും മഞ്ഞും കാരണം തൊലി മഞ്ഞളിക്കാതിരിക്കാനും മറ്റ് കേടുപാടുകൾ ഉണ്ടാകാതിരിക്കാനും ഇതു സഹായകമാണ്. കായ്കൾ വെടിച്ചുകീറാനുള്ള പ്രവണതയും കുറയും.
കായുടെ തൊലിപ്പുറത്ത് ഉരച്ചിൽ കൊണ്ടും കീടശല്യങ്ങൾ കൊണ്ടും കറുത്തപാട്ടുകൾ ഉണ്ടാകാതെയിരിക്കും. വിദേശ വിപണികളിൽ ഇത്തരം പാടുകൾ സ്വീകരണീയമല്ല. വവ്വാൽ, തത്ത തുടങ്ങിയവയുടെ ആക്രമണം ഒഴിവാക്കാൻ കുലപൊതിയൽ സഹായകമാണ്. നേന്ത്രൻ, കപ്പപ്പഴം എന്നിവയുടെ നിറം ആകർഷണീയമാക്കാൻ പൊതിയൽ അത്യന്താപേക്ഷിതമാണ്. തൃശ്ശൂർ ഭാഗങ്ങളിലെ കാഴ്ചക്കുലകൾ പൊതിഞ്ഞുകെട്ടിയാണ് കായ്കൾക്കു കണ്ണിനിമ്പമുളള നിറം നൽകുന്നത്
കായ്കളുടെ മുഴുപ്പുകൂട്ടാൻ
കായ്കളുടെ മുഴുപ്പുകൂട്ടാനും കുലപൊതിയൽ കാരണമാകുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ 10 ശതമാനത്തോളവും ശൈത്യമുളള പ്രദേശങ്ങളിൽ 20-25 ശതമാനം വരെയും കുലയുടെ തൂക്കം കൂടുന്നതായി രേഖപ്പെടുത്തിക്കാണുന്നു. പൊതികളുടെ ഉള്ളിൽ ചൂടുള്ള അന്തരീക്ഷം ഉണ്ടാകുന്നതാണ് ശൈത്യപ്രദേശങ്ങളിൽ ഇത്ര പ്രകടമായ വലിപ്പ വ്യത്യാസമുണ്ടാക്കുന്നതെന്നാണ് വിശദീകരണം. പൊതിഞ്ഞുകെട്ടിയ കുലകൾ അല്ലാത്തവയെക്കാൾ 7-10 ദിവസം മുമ്പേ മൂപ്പെത്തുന്നതായി കാണുന്നു.
പോളിത്തീൻ കുഴലുകൾ
കുലകൾ പൊതിഞ്ഞു കെട്ടുന്നതിനായി കരിഞ്ഞ വാഴയില, ചണച്ചാക്ക്, ഓല തുടങ്ങിയവ പ്രദേശികമായി ഉപയോഗിച്ചുവരുന്നു. അടുത്തകാലത്ത് കുലകൾ പൊതിയുന്നതിനുവേണ്ടി പോളിത്തീൻ കുഴലുകൾ വിപണനം ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കറുപ്പ്, വെള്ള, നീല, തുടങ്ങിയ നിറങ്ങളിലുള്ള കവറുകളാണ് ഉപയോഗിക്കുന്നത്.
നീലയാണ് ഏറ്റവും നല്ലതെന്ന് അഭിപ്രായമുണ്ട്. കുലപൊതിയാൻ ഉപയോഗിക്കുന്ന കവറുകൾക്ക് 100 ഗേജ് കട്ടിയാണ് നിഷ്കർച്ചിട്ടുള്ളത്. ഇവയിൽ വായു സഞ്ചാരം ലഭ്യമാക്കാനായി 10 സെന്റി മീറ്റർ അകലത്തിൽ 2 സെ. മി വ്യാസമുള്ള ദ്വാരങ്ങൾ ഉണ്ടാക്കുന്നു. പോളിത്തീൻ കുഴലുകൾ കുലകൾക്കുതാഴെ നിന്നും മുകളിലേക്കു വലിച്ചുകയറ്റി മുകൾഭാഗം കുലത്തണ്ടിനോടു ചേർത്തു കെട്ടുന്നു. അടിഭാഗം തുറന്നിടുകയാണ് പതിവ്.