പഴങ്ങളുടെ രാജാവായ മാങ്ങാ രുചിയിലും മധുരത്തിലും മുൻപന്തിയിലാണ്. നാടൻ ഇനങ്ങളും മറുനാടൻ ഇനങ്ങളും നമ്മൾ നട്ടുവളർത്തുന്നുണ്ട്, മൂവാണ്ടൻ, കിളിച്ചുണ്ടൻ, പ്രീയൂർ, ചന്ത്രക്കാരൻ , വരിക്ക, ഒളോർ , കൊളമ്പ് എന്നിവ പ്രധാനപ്പെട്ട നാടൻ ഇനങ്ങളാണ്. അൽഫോൻസാ, നീലം , സിന്ദൂരം, മല്ലിക എന്നിവ മറുനാടൻ ഇനങ്ങളിൽ പെടുന്നു. എല്ലാ ആണ്ടിലും വിളവ് കിട്ടുന്ന മൂവാണ്ടൻ എല്ലാ ആവശ്യത്തിനും പറ്റിയതാണ്.
നാടൻ മാവിനങ്ങൾ മാതൃ സസ്യത്തിന്റെ സ്വഭാവം ഉള്ളവയായിരിക്കും. മൂവാണ്ടൻ, പ്രീയൂർ, ചന്ത്രക്കാറൻ എന്നിവയിൽ വിത്തുവഴി ഉത്പാദിപ്പിച്ച തൈകളാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. വിത്തുവഴി നടുന്ന തൈകളെ അപേക്ഷിച്ചു ഒട്ടുതൈകൾ നേരത്തെ കായ്ക്ക്കും . അപ്പ്രോച് ഗ്രാഫ്ട്, സോഫ്റ്റ് ഗ്രാഫ്ട് എന്നിവയാണ് ഒട്ടുതൈകൾ വളർത്തിയെടുക്കാനുള്ള പ്രജനന രീതികൾ.
ഇടവപ്പാതിക്കു മുന്നോടിയായുള്ള ചാറ്റൽ മഴ സമയമാണ് തൈ നട്ടുപിടിപ്പിക്കാൻ അനുയോജ്യം. നല്ല സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്തു വേണം മാവിൻതൈ നട്ടു വളർത്തേണ്ടത്. പത്തുകിലോ ജൈവ വളം മേല്മണ്ണുമായി കൂട്ടിക്കലർത്തി അതിനു നടുവിൽ കുഴിയെടുത്തു തൈ നടുക. ഒട്ടുമാവാണെങ്കിൽ ഒട്ടിച്ച ഭാഗം മൺ നിരപ്പിൽ നിന്നും ഉയർന്നിരിക്കണം. തൈ നട്ടത്തിന് ശേഷം ദിവസവും നനച്ചു കൊടുക്കണം.
കേരളത്തിൽ നവംബർ – ഡിസംബർ മാസങ്ങളാണ് മാവ് പൂക്കുന്ന കാലം. പൂക്കുന്നതിനു മുന്നോടിയായി ചില പൊടിക്കൈകൾ ചെയ്താലെ നന്നായുള്ള പൂവിടാൻ ഉറപ്പാക്കാനാകൂ. മാന്പഴ കാലത്തിനു ശേഷം കൊമ്പു കോതൽ നടത്തുന്നത് അടുത്ത വർഷം മാവ് നന്നായി പൂക്കുന്നതിനു കാരണമാകുന്നു. മാവ് പൂക്കുന്നതിനു തൊട്ടുമുൻപുള്ള മാവിന്റെ ശിഖരങ്ങളിൽ നന്നായി പുക കിട്ടുന്ന രീതിയിൽ പുകച്ചു കൊടുക്കുകയാണെങ്കിൽ മാവ് നന്നായി പൂക്കുന്നതായി കാണാം. പൂവിട്ടു കഴിഞ്ഞ മാവിന് നന്നായി നനച്ചു കൊടുക്കുകയാണെങ്കിൽ കായ് പിടുത്തതിനും, കണ്ണിമാങ്ങാ കൊഴിച്ചിൽ തടയുന്നതിനും സഹായിക്കും.
മാവിനെ ബാധിക്കുന്ന ഇത്തിൾ ശല്യം അകറ്റാൻ ഇത്തിളിനെ മാവിൽ നിന്ന് ചെത്തിമാറ്റി മുറിവിൽ ബോർഡോ മിശ്രിതം അല്ലെങ്കിൽ ഉരുക്കിയ കോൾടാർ പുരട്ടുക. മാവിൽ ചെന്നീരൊലിപ്പ് കണ്ടാലും ആ ഭാഗം നീക്കം ചെയ്തു അവിടെ ബോർഡോ മിശ്രിതം പുരട്ടുക. മാവിന്റെ ചുവട്ടിൽ പുകയ്ക്കുന്നതു പല കീടങ്ങളെയും അകറ്റും. സ്യൂഡോമോണസ് എന്ന മിത്ര ബാക്ടീരിയ 10 മി.ലിറ്റർ 1 ലിറ്റർ വെള്ളത്തിൽ കലർത്തി പൂവിടുന്നതിനു മുൻപായി തളിക്കുന്നത് നല്ലൊരു രോഗ പ്രതിരോധ മാർഗമാണ്.
മഴക്കാലത്ത് മാവിനെ ബാധിക്കുന്ന കുമിൾ രോഗമാണ് ഡൈബാക്ക്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉണങ്ങിയ ശിഖരങ്ങൾ നീക്കം ചെയ്‌യണം . എന്നിട്ടു മറ്റു ശിഖരങ്ങളിൽ തുരിശ് അടിച്ചുകൊടുക്കുകയോ അല്ലെങ്കിൽ ഇൻഡോഫിൽ എന്ന കുമിൾനാശിനി തളിച്ചുകൊടുക്കുകയോ ചെയ്‌യാം. മീലിമൂട്ട മാവിനെ ബാധിച്ചാൽ ഫിഷ് അമിനോ വളരെ നല്ലതാണ്. പഴുത്ത മാങ്ങയെ ഉപയോഗപ്രദമല്ലതാക്കുന്ന കായ് ഈച്ചയെ തടയുന്നതിനായി ഈച്ച കെണികൾ വളരെ ഫലപ്രദമാണ്.
മാവിന്റെ ചുവട്ടിലും വീട്ടു വളപ്പിലും ജൈവമാലിന്യങ്ങൾ കിടന്നഴുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. കായ് പിടിക്കുന്ന സമയം മുതൽ പഴ ഈച്ചയെ ആകർഷിച്ചു നശിപ്പിക്കുക. പഴ ഈച്ചയെ അകറ്റാൻ സസ്യമൃത് വളരെ ഫലവത്താണ്. വിറ്റാമിൻ എ , തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ , വിറ്റാമിൻ സി, എന്നിവയെല്ലാം പഴുത്ത മാങ്ങയിൽ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റ പദാർത്ഥങ്ങളായ ആൽഫ-കരോട്ടിൻ , ബീറ്റ-കരോട്ടിൻ , ബീറ്റ-ക്രിപ്റ്റോ സാൻന്തിൻ എന്നിവയെല്ലാം മാങ്ങയിൽ അടങ്ങിയിരിക്കുന്നു. വീട്ടുമുറ്റത്തെ മാവിൽ നിറയെ കായ് ഫലമുണ്ടാകാൻ നമുക്ക് അൽപ്പം കരുതലും ശ്രദ്ധയും നൽകി അവയെ പരിപാലിക്കാം.