ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ - കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത ടാൽക്കമധിഷ്ഠിത ജൈവ സൂക്ഷ്മ ജീവിമിശ്രിതം ആണ് കല്പകം കേര പ്രോബയോ എന്ന നാമധേയത്തിൽ കർഷകരിലെത്തുന്നത്.
ബാസില്ലസ് മേഗറ്റീരിയം ആണ് കേര പ്രോബയോ തെങ്ങിൻ തടങ്ങളിൽ നിന്നും വേർതിരിച്ചെടുത്തതും സസ്യ വളർച്ചയെ ത്വരിതപ്പെടുത്താൻ ശേഷിയുള്ളതുമാണ് ഇവ. സസ്യവളർച്ചയെ നേരിട്ട് ത്വരിതപ്പെടുത്തുന്ന ഓക് സിനുകൾ, ജിബ്ബർല്ലിനുകൾ എന്നിവ ഉത്പാദിക്കുന്നത് കൂടാതെ മണ്ണിലെ രോഗകാരികളെ അമർച്ച ചെയ്യാനും ശേഷിയുണ്ട്.
ഈ സൂക്ഷ്മ ജീവികൾക്ക്. തെങ്ങിൻ തൈകളുടെ കരുത്തുറ്റ വളർച്ചയ്ക്കും, തക്കാളി, വഴുതന, മുളക്, മറ്റ് പച്ചക്കറികൾ എന്നിവയുടെ വളർച്ചയ്ക്കും വിളവിനും കേരാബയോയുടെ ഉപയോഗം സഹായകമാണെന്ന് ഗവേഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
കേരപ്രോബയോയുടെ ഉപയോഗക്രമം
ലളിതവും മികച്ചതുമാണ് കേരപ്രോബയോയുടെ ഉപയോഗ രീതി. ആദ്യം തെങ്ങിൻ തൈകൾക്ക് എങ്ങിനെ ഉപയോഗിക്കണം എന്ന് നോക്കാം.
100 ഗ്രാം കേരപ്രോബയോ 3 മുതൽ 5 കിലോ മണ്ണിര കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകപ്പൊടിയോടൊപ്പം ചേർത്ത് തൈ നടുക
500 ഗ്രാം കേരപ്രോബയോ 5 ലിറ്റർ വെള്ളത്തിൽ കലക്കുക. ഈ ലായനിയിൽ നടാനായി ഉപയോഗിക്കുന്ന തെങ്ങിൻ തൈകൾ 8 മുതൽ 10 മണിക്കൂർ മുക്കി വയ്ക്കണം. പിന്നീട് മണ്ണിര കമ്പോസ്റ്റോ ചാണകപ്പൊടിയോ, ചേർത്ത് നടാവുന്നതാണ്.
ബുസ്റ്റർ ഡോസ് മറക്കണ്ട
തെങ്ങിൻ തൈകൾ നട്ട് മൂന്ന് മാസത്തിന് ശേഷം കേര പ്രോബയോയുടെ ഒരു ബൂസ്റ്റർ ഡോസ് കൂടി നൽകണം. ഇതിനായി 500 ഗ്രാം കേര പ്രോബയോ 5 ലിറ്റർ വെള്ളത്തിൽ കലർത്തി അര ലിറ്റർ വീതം ഓരോ തൈകൾക്കും നൽകുക. ഒപ്പം മണ്ണിര കമ്പോസ്റ്റോ ചാണകപ്പൊടിയോ നൽകാനും ശ്രദ്ധിക്കണം.
കേര പ്രോബയോ പച്ചക്കറികൾക്കും
രണ്ട് കിലോ കേരപ്രോബയോ ടാൽക്ക് മിശ്രിതം 50 കിലോഗ്രാം മണ്ണിര കമ്പോസ്റ്റോ ചാണകപ്പൊടിയിലോ കലർത്തി ഒരേക്കറിലെ പച്ചക്കറി കൃഷിയ്ക്ക് ഉപയോഗിക്കാം. തെങ്ങിൻ തൈകൾ നട്ട് ആദ്യ 8 വർഷം വരെ ഇടവിളയായി കൃഷി ചെയ്യാവുന്ന പച്ചക്കറി വിളകൾക്ക് കേരപ്രോബയോ പ്രയോജനപ്പെടുത്താം, ജൈവ കർഷകർക്ക് തങ്ങളുടെ കൃഷിയിൽ ട്രൈക്കോഡെർമയോടൊപ്പം പൊരുത്തപ്പെടുന്ന കേര പ്രോബയോ ഒന്നിച്ചുപയോഗിക്കാമെന്ന മെച്ചവുമുണ്ട്.
ശ്രദ്ധിക്കാൻ ചില കൊച്ചു കാര്യങ്ങൾ
കേര പ്രോബയോയുടെ പായ്ക്കറ്റ് ഇളം തണുപ്പുള്ള ഉണങ്ങിയതും സൂര്യപ്രകാശം നേരിട്ടേൽക്കാത്തതുമായ സ്ഥലങ്ങളിൽ സൂക്ഷിക്കുക
ഈ ടാൽക്കമധിഷ്ഠിത സൂക്ഷ്മ ജീവി മിശ്രിതം മണ്ണിരകമ്പോസ്റ്റോ ചാണകപ്പൊടിയോ ചേർത്തു മാത്രം ഉപയോഗിക്കുക. വെറുതെ മണ്ണിലേക്കിട്ട് അശ്രദ്ധയോടെ ഉപയോഗിക്കരുത്.
സൂക്ഷ്മ ജീവികൾക്കും ഭക്ഷണവും വായുവും ജലാംശവും ഒക്കെ ആവശ്യമുണ്ടെന്ന് നമുക്കറിയാം. അതിനാൽ ജൈവാംശം ചേർക്കുന്നതിനൊപ്പം ശ്രദ്ധിക്കേണ്ടത് നനവാണ്. അതായത് മണ്ണിൽ ചേർക്കുന്നതിന് മുൻപോ ചേർത്തതിന് ശേഷമോ നനച്ചു കൊടുക്കണം. തുടർന്നു പുതയിട്ട് കൊടുത്തു നനവ് നിലനിർത്തുന്നതിന് കരുതലുണ്ടാകണം.
കേരപ്രോബയോ ഉപയോഗിച്ച് ഒരാഴ്ചയ്ക്ക് ശേഷം മാത്രം മാസവസ്തുക്കൾ ഏതും പ്രയോഗിക്കാവൂ. ഉദാഹരണ ത്തിന് രാസവളങ്ങൾ, കീടനാശിനികൾ മുതലായവ.
കാലാവധി അഥവാ എക്സ്പയറി ഡേറ്റ് നാമെല്ലാം വിപണിയിലെ പായ്ക്കറ്റുകളിൽ നോക്കാറുണ്ടല്ലോ. കേര പ്രോബയോയും കാലാവധി തീരുന്നതിന് മുൻപ് ഉപയോഗിച്ചിരിക്കണം.