തക്കാളി കൃഷിയിൽ മണ്ണിന്റെ ഘടന മെച്ചപ്പെടുത്താൻ കടൽപ്പായൽ
ലായനി രൂപത്തിലുള്ള വളം എന്ന രീതിയിൽ കടൽപ്പായലുകൾ വളരെയേറെ പ്രിയമുള്ളതാണ്. എന്നാൽ, കൃഷിയിൽ ഉപയോഗിക്കുന്ന ജൈവവളം എന്ന നിലയിൽ മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനാണ് ഇവ ഫലപ്രദമായി വളരെക്കാലമായി ഉപയോഗിച്ചുവരുന്നത്. ഇലകളിൽ തളിക്കാനുള്ള വളം, തരികൾ, പൊടി, വളം എന്നിങ്ങനെ വിവിധ രൂപങ്ങളിൽ കടൽപ്പായലുകൾ ഉപയോഗിക്കുന്നുണ്ട്.
ഒട്ടേറെ ജൈവ സംയുക്തങ്ങൾ, പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ്, മാംസ്യം, കൊഴുപ്പ്, അമ്ലം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ കടൽപ്പായലുകൾ മണ്ണിന്റെ ഉപരിതലത്തിൽ ഈർപ്പം, പോഷകങ്ങൾ എന്നിവ പിടിച്ചുനിർത്താൻ സഹായകമാണ്.
വിളകളുടെ വളർച്ച വർദ്ധിപ്പിക്കുന്നതിനും ഈർപ്പം നിലനിർത്തുന്നതിനും സൂക്ഷ്മജീവികളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും കടൽപ്പായലിനെ അടിസ്ഥാനമാക്കിയുള്ള വളങ്ങൾ ഗുണകരമാണെന്ന് ഒട്ടേറെ പഠനങ്ങൾ വ്യക്തമാക്കുന്നു. സൂക്ഷ്മജീവികളുടെ പ്രവർത്തനവും ശ്വസനം, നൈട്രജൻ രൂപീകരണം, പോഷകങ്ങളുടെ ധാതുവത്കരണം എന്നിവയിലൂടെയും ജൈവപ്രവർത്തനം വർദ്ധിപ്പിക്കുന്നതുവഴിയും വേരിന്റെ വളർച്ചയെ സഹായിക്കാൻ കടൽപ്പായലിന്റെ സത്ത് സഹായകമാണ്.
കടൽപ്പായൽ ഉപയോഗിക്കുമ്പോൾ തക്കാളിക്ക് പ്രതിരോധശേഷിയും ഉയർന്ന പോഷകമൂല്യവും ഉണ്ടാകാനുള്ള കാരണങ്ങൾ
മണ്ണിലെ എൻസൈമുകൾ, ജൈവാംശം എന്നിവയുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു.
റൈസോബാക്ടീരിയകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതു വഴി ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.
വളർച്ചയെ ത്വരിതപ്പെടുത്തുകയും പോഷകങ്ങളുടെ ആഗീരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വെള്ളത്തിന്റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുന്നു. മണ്ണിലെ രോഗകാരികളുടെ എണ്ണം കുറയ്ക്കുന്നു. മണ്ണിന്റെ വളക്കൂറ് വർദ്ധിപ്പിക്കുന്നു.
മൈക്കോറൈസൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നു. കൂടുതൽ പാർശ്വവേരുകൾ ഉണ്ടാകുന്നു.
ഇന്ത്യയിൽ കടൽപ്പായലുകളുടെ ഉൽപ്പാദനം
തമിഴ്നാട്, ഗുജറാത്ത് തീരങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിലും കടൽപ്പായലുകൾ സമൃദ്ധമായി വളരുന്നുണ്ട്. മുംബൈ, രത്നഗിരി, ഗോവ, കാർവാർ, വർക്കല, വിഴിഞ്ഞം, തമിഴ്നാട്ടിലെ പുലിക്കാട്ട്, ആന്ധ്രപ്രദേശ്, ഒഡീഷയിലെ ചിൽക്ക എന്നിവിടങ്ങളിൽ സമൃദ്ധമായ കടൽപ്പായൽ തിട്ടകളുണ്ട്.
ഇന്ത്യൻ കടലുകളിൽനിന്ന് 844 ഇനം കടൽപ്പായലുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് 58,715 ടൺ ഭാരം വരും. 855 കടൽപ്പായൽ ഇനങ്ങളിൽ ഇന്ത്യയുടേതായി 434 ഇനങ്ങളിലുള്ള ചുവന്ന കടൽപ്പായലുകളും 194 തവിട്ട് പായലുകളും 216 പച്ചപ്പായ ലുകളുമുണ്ട്. (http://dof.gov.in).