തൂക്കം കൂടിയ കായ്‌കൾ ലഭിക്കാൻ ചാണകം , പിണ്ണാക്ക് ,കഞ്ഞിവെള്ളം മൂന്നിനക്കൂട്ട് ചാണകം ,പിണ്ണാക്ക് ദ്രാവക വളം
കേരളത്തിലെ കർഷകർക്കിടയിൽ നവീന ജൈവ കൃഷി രീതികളുടെ വ്യാപനത്തോട് കൂടി വളരെയധികം പ്രചാരം നേടിയ വളപ്രയോഗ രീതിയാണ് പച്ച ചാണകവും കടലപ്പിണ്ണാക്കും ചേർത്ത് തയ്യാറാക്കുന്ന ദ്രാവക വളം.
വളം നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ :
1. പച്ചച്ചാണകം പത്ത് അളവ്
2. കടല(കപ്പലണ്ടി) പിണ്ണാക്ക് ഒരു ഭാഗം അളവ്
3. വേപ്പിൻ പിണ്ണാക്ക് ഒരു ഭാഗം അളവ്
4. എല്ലു പൊടി പകുതി ഭാഗം അളവ്
5 .പുളിച്ച കഞ്ഞിവെള്ളം ആവശ്യത്തിന്
6. വെല്ലം/ ശർക്കര കാൽ ഭാഗം അളവ്
ആവശ്യമായ വളം തയ്യാർ ചെയ്യുന്നതിന് അളവ് ആയി ഏതെങ്കിലും ഒരു പാത്രം / ചിരട്ട/ കപ്പ് എന്നിവ തോത് ആയി ഉപയോഗിക്കാം.
ഇവ വലിയൊരു പാത്രത്തിൽ ചേർത്ത് ഇളക്കി നല്ലവണ്ണം അടച്ചു വയ്ക്കുക.
ഓരോ ദിവസവും രണ്ട് നേരവും നന്നായി ഇളക്കിക്കൊടുക്കണം.
നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാർ.
ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തിൽ ചേര്ത്ത് നേർപ്പിച്ച് ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം..
ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാൻ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്.
ചെടിയുടെ തണ്ടിനും വേരിനും നേരിട്ട് തട്ടുന്ന വിധം വളം ഒഴിക്കാതിരിക്കുക.
(പച്ചച്ചാണകം ലഭിക്കാത്തവർക്ക് ചാണക പൊടി ഉപയോഗിക്കാം.)
സാധാരണ ഇത്തരം ദ്രാവക വളങ്ങൾ തയ്യാർ ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്‍നമായി കർഷകർ ഉന്നയിക്കുന്നത് അസഹനീയമായ ദുർഗന്ധം ആണ്. എന്നാൽ ശരിയായ അളവിൽ കഞ്ഞിവെള്ളവും, നല്ലയിനം വെല്ലം/ ശർക്കരയും ഉപയോഗിക്കുന്ന പക്ഷം ഈ ദുർഗന്ധം ഒഴിവാക്കാം.
രണ്ടാമത്തെ പ്രശ്‍നം ഈ വളം ഉപയോഗിക്കുമ്പോൾ ചില ചെടികൾ ചീഞ്ഞു പോകുന്നു എന്നതാണ്. ഇളം തണ്ടുകൾക്കും മുളച്ച് വരുന്ന പ്രായത്തിലുള്ള തൈകൾക്കും ഈ വളപ്രയോഗം നല്ലതല്ല.
ഇത് ശരിയായി നേർപ്പിക്കാതെ ഉപയോഗിക്കുന്നതും, നേരിട്ട് തണ്ടിൽ തട്ടുന്ന വിധം ഒഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
പ്രധാന ഗുണങ്ങൾ:
1.പിണ്ണാക്ക് നേരിട്ട് മണ്ണിൽ ചേർക്കുമ്പോൾ കീടങ്ങളും ,ഉറുമ്പുകളും മൂലം ഉണ്ടാകുന്ന നഷ്ട്ടം പുളിപ്പിക്കുന്നതോടെ ഒഴിവാകുന്നു.
2.പച്ച ചാണകത്തിൽ അടങ്ങിയ N P K യുടെ അളവ് ഏകദേശം 0.4, ,0.2, 0.1 ശതമാനവും,കടലപിണ്ണാക്കിൽ അടങ്ങിയ NPK യുടെ അളവ് ഏകദേശം 7 ,1.5, 1.5 ശതമാനവും, വേപ്പിൻപിണ്ണാക്കിൽ അടങ്ങിയ N PK യുടെ അളവ് ഏകദേശം 5 ,1, 1.5 ശതമാനവും, എല്ലുപൊടിയിൽ 20 ശതമാനം ഫോസ്ഫറസും അടങ്ങിയിരിക്കുന്നു.
ഇവ കൂടാതെ ചെടികൾക്ക് ആവശ്യമായ സെക്കന്ററി മൂലകങ്ങളും ഈ വളത്തിൽ അടങ്ങിയിട്ടുണ്ട്.
3.ഇവയിലെ ആവശ്യമായ പോഷകങ്ങൾ കേവലം ഏഴ് ദിവസത്തിനകം തന്നെ ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കുന്നു.
4. ചാണകത്തിൽ അടങ്ങിയ അനേകം സൂഷ്മാണുക്കൾ കഞ്ഞിവെള്ളത്തിലെ സ്റ്റാർച് , ശർക്കരയിലെ ഗ്ളൂക്കോസ് എന്നിവയുടെ സാന്നിധ്യത്തിൽ പതിന്മടങ്ങായി വർധിക്കുകയും ഇവയിലടങ്ങിയിരിക്കുന്ന മൂലകങ്ങൾ സസ്യങ്ങൾക്ക് എളുപ്പത്തിൽ വലിച്ചെടുക്കാൻ സാധിക്കുന്നവിധം മാറ്റിയെടുക്കുകയും ചെയ്യും.
5. വേപ്പിൻ പിണ്ണാക്കിന്റെ സാന്നിധ്യം ചെടികൾക്ക് ഉയർന്ന രോഗ പ്രതിരോധ ശക്തി നൽകുന്നു.
NB: ഇത്തരം പുളിപ്പിച്ച വളങ്ങൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ മാസത്തിൽ ഒരിക്കൽ എങ്കിലും കുമ്മായം/ ഡോളോമൈറ്റ് എന്നിവ ചെടികൾക്ക് ചുറ്റും വിതറേണ്ടത് അത്യാവശ്യം ആണ്.