ഏതു തരം മണ്ണും കാലാവസ്‌ഥയുമാണ് മാവ് നന്നായി വളരാൻ അനുയോജ്യം
മാവ് പലതരം മണ്ണിലും കാലാവസ്ഥയിലും വളരുന്നുണ്ടെങ്കിലും സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളാണ് മാവു കൃഷിക്ക് പറ്റിയത്. ഈർപ്പം കുറഞ്ഞ അന്തരീക്ഷവും വർഷത്തിൽ നാലു മാസം മഴയുള്ളതുമായ പ്രദേശങ്ങൾ മാവു കൃഷിക്ക് യോജിച്ചതാണ്. അതിനാൽ കേരളത്തിലെ അധികരിച്ച മഴയും അന്തരീക്ഷ ഈർപ്പവും മാവു കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു എന്നു അർഥമാക്കേണ്ട. വ്യത്യസ്‌തമായ കാലാവസ്ഥ തരണം ചെയ്യാൻ മാവിന് കഴിയുന്നു. മാവു പൂക്കാൻ തുടങ്ങുന്നതിന് തൊട്ടു മുമ്പ് അന്തരീക്ഷത്തിൽ അധികം ഈർപ്പം ഉണ്ടായിരിക്കുവാൻ പാടില്ലെന്ന് മാത്രമേയുള്ളു. കടുത്ത മഴയും ഈർപ്പവുമുള്ള അന്തരീക്ഷവും കാർമേഘങ്ങൾ നിറഞ്ഞ ആകാശവും പൂക്കൾ കൊഴിഞ്ഞു പോകുവാൻ ഇടയാക്കുന്നു. ഇന്ത്യയിൽ എല്ലായിടത്തും ഒരേ സമയമല്ല മാവു പൂക്കുന്നത്. ആദ്യം പൂക്കുന്നത് കേരളത്തിലാണ്.
മാവിൽ ഏതു രീതിയിലുള്ള പ്രവർധനമാണ് പ്രചാരത്തിലുള്ളത്
മാവിൽ പരപരാഗണം നടക്കുന്നതിനാൽ മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ അതേപടി നിലനിർത്തുവാൻ ഒട്ടു തൈകൾ ഉണ്ടാക്കുകയാണ് വേണ്ടത്. പല രീതിയിൽ മാവിൽ ഒട്ടുതൈകൾ നിർമിക്കാവുന്നതാണ്. ആദ്യ കാലത്ത് വശം ചേർത്തൊട്ടിക്കൽ എന്ന രീതിയാണ് നഴ്സറി ഉടമകൾ സ്വീകരിച്ചു വന്നിരുന്നത്. എന്നാൽ ആ രീതിയിൽ റൂട്ട് സ്റ്റോക് തൈകൾ തിരഞ്ഞെടുത്ത സയൺ കമ്പുകളുടെ സമീപത്ത് എത്തിക്കാൻ പ്ലേറ്റ് ഫോം നിർമിക്കേണ്ട അവസ്ഥ പോലും വന്നിട്ടുണ്ട്. അതിനാൽ ഇപ്പോൾ പ്രചാരത്തിലുള്ളത് സ്റ്റോൺ ഗ്രാഫ്റ്റിങ് എന്ന രീതിയാണ്. സ്റ്റോൺ ഗ്രാഫ്റ്റിങ് ചെയ്യുന്ന രീതി അന്യത്ര ചേർത്തിട്ടുണ്ട്.
മാവിൻ തൈകൾ നടുന്ന രീതി എങ്ങനെ
ഒരു വർഷം പ്രായമായ ഒട്ടുതൈകൾ ആദ്യ മഴയോടുകൂടി നടേണ്ടതാണ്. ആ സമയത്ത് നട്ടാൽ മഴ തീരുന്നതിന് മുമ്പ് മണ്ണിൽ വേരു പിടിച്ചു കിട്ടും. ഒരു മീറ്റർ നീളം, വീതി, താഴ്ച്‌ച എന്ന തോതിൽ 9 മീറ്റർ ഇടയകലം നൽകി കുഴികൾ തയാറാക്കണം. നടുന്നതിന് ഒരു മാസം മുമ്പ് തന്നെ കുഴി തയാറാക്കേണ്ടതാണ്.
നല്ല ഒട്ടു തൈകൾ വേണം നടാൻ തിരഞ്ഞെടുക്കുന്നത്. പത്തു കി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ മേൽമണ്ണുമായി കലർത്തി കുഴി മൂടണം. എന്നിട്ട് കുഴിയുടെ മധ്യഭാഗത്തായി ഒരു ചെറിയ കുഴിയെടുത്ത് അതിൽ തൈ നടണം. വേരിന് കേടു സംഭവിക്കാതെ പോളിത്തീൻ കവറിലോ ചട്ടിയിലോ സൂക്ഷിച്ചിരിക്കുന്ന ഒട്ടുതൈ മണ്ണോടുകൂടി വേണം ഇളക്കിയെടുക്കാൻ. നടുമ്പോൾ ഒട്ടിച്ച ഭാഗം മണ്ണിന് മുകളിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വൈകുന്നേരം നടുന്നതാണ് ഉത്തമം. ഒട്ടുതൈ കാറ്റിലും മറ്റും ഉലഞ്ഞ് ഒട്ടുഭാഗം കേടു വരാതെ സൂക്ഷിക്കാൻ ഒട്ടുതൈയുടെ സമീപം കമ്പോ മറ്റോ നാട്ടി അതിൽ കെട്ടി വയ്‌ക്കേണ്ടതാണ്.