തെങ്ങിന്റെ വിരിയാത്ത പൂങ്കുലയിൽ നിന്നും മുറിച്ചെടുക്കുന്ന ഒരു മില്ലിമീറ്റർ വലുപ്പമുള്ള മാതൃ സസ്യകോശങ്ങളാണ് നിലവിൽ ടിഷകൾച്ചർ പ്രക്രിയക്കായി ഉപയോഗിക്കുന്നത്. പൂങ്കുലകൾ അണുവിമുക്തമാക്കിയതിനുശേഷം,ആവശ്യമായ പോഷകമൂല്യങ്ങളും സസ്യഹോർമോണുകളും ചേർത്ത മാധ്യമത്തിൽ എട്ടുമാസത്തോളം ഇരുട്ടുമുറിയിൽ വളർത്തണം.
പിന്നീട് വെള്ളനിറത്തിൽ മൊട്ടു പോലുള്ള കലകൾ ബഹുകാണ്ഡങ്ങൾ വരുന്നതിനായുള്ള മാധ്യമത്തിലേക്ക് മാറ്റി കൃത്രിമമായി പ്രകാശം നൽകിയ സ്ഥലത്തേക്ക് പുനസ്ഥാപിക്കുന്നു. പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഹരിതകം ഉൽപ്പാദിപ്പിക്കുന്നതിന്റെ ഫലമായി ഇവയ്ക്ക് പച്ചനിറമാവുകയും കാണ്ഡങ്ങളുടെ വളർച്ചയ്ക്കായുള്ള മാധ്യമത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. മൂന്നുനാല് ഇലകൾ വരുമ്പോൾ വേരുകൾ വളരുന്നതിന് ആവശ്യമായ ഹോർമോണുകൾ അടങ്ങിയ മാധ്യമത്തിലേക്ക് മാറ്റുന്നു.
ഈ പ്രക്രിയകൾക്ക് ഏകദേശം രണ്ടു വർഷത്തോളം സമയമെടുക്കും. ടിഷകൾച്ചർ തൈകൾ ഉൽപാദിപ്പിക്കുന്നത് നിയന്ത്രിത ഊഷ്മാവിലും ആദ്രതയിലുമായതിനാൽ ഇവ നേരിട്ട് മണ്ണിൽ നടാൻ സാധ്യമല്ല. പടിപടിയായി നമ്മുടെ കാലാവസ്ഥയുമായി ഇണങ്ങുന്നതിനായി ആദ്യം മണ്ണ് : മണൽ: ചകിരിചോറ് അടങ്ങിയ നടീൽ മിശ്രിതത്തിലേക്കുമാറ്റി മുറികളിൽ വളർത്തുന്നു.
പിന്നീട് പോളിബാഗിലേക്ക് മാറ്റി ഗ്രീൻഹൗസിൽ വളർത്തുന്നു. ഏകദേശം ആറുമാസത്തിനു ശേഷം പ്രസ്തുത തൈകൾ നടാനായി ഉപയോഗിക്കുന്നു. രോഗപ്രതിരോധ ശക്തിയും അത്യുല്പാദനശേഷിയുള്ള തെങ്ങുകളിൽ നിന്നും ടിഷകൾച്ചർ വഴി
തൈകൾ ഉൽപാദിപ്പിക്കുമ്പോൾ മാതൃവൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളും തൈകൾക്ക് ലഭിക്കുന്നു.
തൈകളുടെ ജനിതകഏകത (Genetic-Uniformity), തന്മാത്രാ സൂചികകൾ (Molecular Markers) ഉപയോഗിച്ച് പരിശോധിച്ചു ഉറപ്പാക്കുന്നതാണ്.