മൈക്രോ ഗ്രീൻ എന്ന പേരിലുള്ള ഈ കൃഷി രീതി സാധാരണ ജനങ്ങൾക്ക് ഏറ്റെടുക്കാവുന്ന ഒരു കൃഷി രീതിയാണ്. ഒരു ചെടി ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ പുറത്തെടുക്കുന്നത് അതിന്റെ തളിരിലകളിലൂടെയാണ്. തളിരില കൃഷിചെയ്യുന്ന രീതിയാണ് മൈക്രോ ഗ്രീൻ. പയർ, കടല, തെന, മല്ലിയില, പുതീന, കടുക്, ഉലുവ, സൂര്യകാന്തി എന്നീ വിത്തുകൾ മൈക്രോ ഗ്രീൻ കൃഷിക്ക് ഉപയോഗിക്കാം.
വീടിന്റെ അകത്തായിരുന്നാലും വലിയ കായികാധ്വാനം ഇല്ലാതെ പരീക്ഷിക്കാവുന്ന ഒരു കൃഷിരീതിയാണിത്. വിത്തുകൾ ഒന്നോ രണ്ടോ ദിവസം വെള്ളത്തിലിട്ട് മുള വരുത്തിയതിന് ശേഷം ചെറിയ പാത്രങ്ങളിൽ ചകിരിച്ചോറോ മണ്ണോ അല്ലെങ്കിൽ നടീൽ മിശ്രിതമോ നിറച്ച് അതിൽ നട്ടാൽ ദിവസങ്ങൾക്കുള്ളിലത് മുളച്ച് തളിരില വരും. അത് തണ്ടോടെ വെട്ടിയെടുത്ത് ഉപ്പേരിയായും സാലഡായും ഉപയോഗിക്കാം.
വാഴ നാരും പായൽ നാരും ആഗ്രോമിനറലുകളും ചകിരിച്ചോറും ഉപയോഗിച്ച് നടീൽ മിശ്രിതം സ്വന്തമായി വികസിപ്പിച്ചെടുത്ത് അതിന്റെ ഉത്പാദനം നടത്തുകയാണ് ആലുവ മാറമ്പിള്ളിയിലെ യുവ സംരംഭകൻ അനസ് നാസർ എന്ന യുവ സംരംഭകൻ. ഓരോ ചെടികൾക്കും പ്രകൃതിദത്തമായ രീതിയിലുള്ള മിനറലുകൾ ചേർത്ത് നടീൽ മിശ്രിതം വികസിപ്പിച്ചെടുത്ത് വിതരണം ചെയ്യുന്ന യുവ സംരംഭകൻ ജനങ്ങളിലേക്ക് കൃഷിയുടെ ബാലപാഠം പ്രാവർത്തിക തലത്തിൽ എത്തിക്കുകയാണ്.