ലോകത്തിന്റെ മാമ്പഴക്കൂട ? -ഇന്ത്യയല്ലാതെ മറ്റാര്
പ്രമോദ് മാധവൻ
കഴിഞ്ഞ ദിവസത്തെ ഒരു പ്രധാന വാർത്ത നയതന്ത്ര ബന്ധം ഊഷ്മളമാക്കുന്നതിനായി പാക്കിസ്ഥാൻ കൊടുത്തയച്ച ചൗൻസ മാമ്പഴങ്ങൾ ചൈനയും കാനഡയും അടക്കമുള്ള പല രാജ്യങ്ങളും നിരസിച്ചു എന്നതായിരുന്നു. മാങ്ങയോ (mango), പാകിസ്താനെയോ ഇഷ്ടമല്ലാത്തത് കൊണ്ടല്ല, കോവിഡ് പേടി കൊണ്ടാണെന്നു മാത്രം.
സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ ഒരു കൂട മാങ്ങ വടക്കേ ഇന്ത്യയിൽ വളരെ പ്രസക്തമാണ്. അതും ഒരു ഡസൻ രത്‌നഗിരി അൽഫോൻസോ ആണെങ്കിലോ ?
പൊളിച്ചു.
സീസണിന്റെ തുടക്കത്തിൽ ഒരു ഡസൻ അൽഫോൻസോ, Hapus എന്ന ബ്രാൻഡ് നെയിം ഉള്ള കാർട്ടണിൽ കിട്ടണമെങ്കിൽ കുറഞ്ഞത് നാല് ഗാന്ധി എങ്കിലും കൊടുക്കേണ്ടി വരും. മാങ്ങ വെറും പഴമല്ല. ഒരു പുലിയാണ്.
ഇന്ത്യയിൽ തന്നെ ആദ്യം മാർക്കറ്റിൽ പഴുത്ത മാങ്ങ എത്തുന്നത് ഈ കൊച്ചു കേരളത്തിലെ മുതലമടയിൽ നിന്നാണ്.മാർച്ച് -ഏപ്രിൽ മാസങ്ങളിൽ. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ മാവ് കൃഷി ഉള്ള ഒരേ ഒരു ജില്ലയായ പാലക്കാട് ജില്ലയിൽ നിന്നും.
അത് സഹ്യനിപ്പുറമുള്ള കാലാവസ്ഥയുടെ സുകൃതം.
മെയ് -ജൂൺ ആകുമ്പോഴേക്കും മറ്റു സംസ്ഥാനങ്ങളിൽ മാമ്പഴക്കാലമായി. അപ്പോൾ പേര് കേട്ട അൽഫോൻസോ ഒക്കെ കൊല്ലം ചിന്നക്കടയിൽ വരെ കിലോയ്ക്ക് 75 രൂപയ്ക്കു കിട്ടാൻ തുടങ്ങും.
ലോകത്തു ഏറ്റവും കൂടുതൽ മാങ്ങാ ഉൽപ്പാദിപ്പിക്കുന്നതും കേടാക്കി കളയുന്നതും നമ്മളാണ്. ആഗോള ഉൽപ്പാദനത്തിന്റെ 46 ശതമാനവും ഇന്ത്യയിൽ നിന്നു തന്നെ .
ചൈന യൊക്കെ എത്രയോ താഴെ. പക്ഷെ ആഗോള കയറ്റുമതിയിൽ വെറും ഒരു ശതമാനം മാത്രമാണ് നമ്മുടെ സംഭാവന.
ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ദേശീയ ഫലം മാങ്ങ (Mango) ആണ്. ബംഗ്ലാദേശിന്റെ ദേശീയ വൃക്ഷവും മാവ് തന്നെ. തമിഴന്റെ മൂന്നു പ്രിയ ഫലങ്ങളിൽ ഒന്നും അത് തന്നെ. വാഴപ്പഴവും ചക്കപ്പഴവും മറ്റു രണ്ടെണ്ണം.ഇവ ഇല്ലാതെ ദ്രാവിഡന് എന്ത് ആഘോഷങ്ങൾ? പൂർണ കുംഭത്തിൽ മാവിലകൾ തേങ്ങയ്ക്കു ചുറ്റും അലങ്കരിക്കാതെ ഒരു പുണ്യകർമവും തമിഴന് ഇല്ല. അത്രമേൽ ജീവിത ഗന്ധിയാണ് അവനു മാവ്.
കാഞ്ചീപുരം പട്ടിലും ബനാറസി പട്ടിലും ഒരു പോലെ കാണാം മാങ്ങയുടെ മോട്ടിഫുകൾ.മാവുകൾ ഇന്ത്യയുടെ ആത് 'മാവ്' തന്നെ ആണ്.
ലോകത്തിലെ ഏറ്റവും വില കൂടിയ മാങ്ങ (Largest mango)
പഴങ്ങളുടെ രാജാവാണ് മാങ്ങ. മാങ്ങയിൽ ആരാണ് രാജാവ് എന്ന് ചോദിച്ചാൽ കുഴങ്ങും. പലരും പല ഉത്തരങ്ങളും പറയും. മാമ്പഴ കൂട്ടത്തിൽ മൽഗോവ എന്ന് മലയാളി, ഇമാം പസന്ദ് എന്ന് തമിഴൻ, അൽഫോൻസോ എന്ന് കൊങ്കണി, ബംഗനപ്പള്ളി എന്ന് തെലുങ്കൻ, ചൗൻസ എന്ന് സിന്ധി, കേസർ എന്ന് ഗുജറാത്തി, കൊഹിട്ടൂർ എന്ന് ബംഗാളി. ചോദ്യം പിൻവലിച്ചിരിക്കുന്നു . ആരും മോശക്കാരല്ലേ
ലോകത്തിലെ ഏറ്റവും വില കൂടിയ മാങ്ങാ ജപ്പാനിലെ മിയാസാകീ പ്രവിശ്യയിലെ Taiyo-no- tamago ആണ്. കിലോയ്ക്ക് ചില ലക്ഷങ്ങൾ മാത്രം. വലിയവന്റെ കഴപ്പാണല്ലോ എളിയവന്റെ പിഴപ്പ്. അങ്ങനെ കുറേപ്പേർ വാങ്ങിയെങ്കിലും കർഷകർ രക്ഷപ്പെടട്ടെ.
മാങ്ങയുടെ പിറവി ഏഷ്യയിൽ തന്നെ. ഇൻഡോ -ബർമ ഭാഗത്തു. പിന്നെ ഗൾഫിലൂടെ ഈസ്റ്റ് ആഫ്രിക്ക വഴി ലാറ്റിൻ അമേരിക്കയിലേക്ക്. ഇന്ന് ട്രോപ്പിക്കൽ -സബ് ട്രോപ്പിക്കൽ കാലാവസ്ഥ ഉള്ളിടത്തൊക്കെ പൂമുഖത്ത് തന്നെ ദീവാൻ വിരിച്ചു നിൽപ്പുണ്ട് മാവുകൾ.
കശുവണ്ടിയും പിസ്റ്റയും മാവും ഒക്കെ ഒരേ കുടുംബക്കാർ. Anacardiaceae കുടുംബം.
പച്ചയ്ക്കും അച്ചാറായും പഴുപ്പിച്ചും ഒരു പോലെ പ്രിയതരം മാങ്ങ. ഓരോ ആവശ്യത്തിനും പറ്റിയ മാവുകൾ അനവധി. തെലുങ്കന്റെ ആവയ്ക്കയുടെയും തമിഴന്റെ തൊക്കിന്റെയും മലയാളിയുടെ കടുമാങ്ങയുടേയും രുചി. ആഹാ. വ്യത്യസ്തം. അനിർവ്വചനീയം . വേനൽക്കാല പാനീയമായ ആം പന്ന, മാങ്ങ ലസ്സി ഇതൊക്കെ നമ്മുടെ ദേശീയ സൂചകങ്ങളും ഗ്രാമീണ പൈതൃകവുമാണ്.
മുഗൾ രാജാക്കന്മാരുടെ പ്രിയ പഴമായിരുന്നു മാങ്ങ. അത് കൊണ്ട് തന്നെ പല ഇനങ്ങളുടെ പേരുകളും അവരെ ഓർമിപ്പിക്കും. നൂർജഹാൻ, ജഹാന്ഗീർ, ഹിമായുദീൻ അങ്ങനെ പോകുന്നു. ബീഹാറിലെ ദർഭംഗയിൽ അക്ബറിന്റെ കാലത്ത് നട്ട് വളർത്തിയ ഒരു ലക്ഷം മാവുകളുടെ തോട്ടം, ലാഖ് ബാഗ്. അമീർ ഖുസ്രുവിന്റെ രചനകളിൽ മാമ്പഴത്തിന്റെ തേനൂറും ശീലുകൾ. ബംഗാളിന്റെ നവാബ് സിറാജ് ഉദ് ഡൗള അതിഥികളെ സ്വീകരിച്ചിരുന്നത് അതീവ രുചികരമായ കൊഹിട്ടൂർ മാമ്പഴം നൽകി ആയിരുന്നത്രേ. മറ്റൊരു ഇനം മുലായംജം മാവിൽ തന്നെ നിർത്തി പഴുത്താൽ മാത്രമേ കൊട്ടാരത്തിൽ എടുക്കുമായിരുന്നുള്ളൂ.
പോഷക കാര്യത്തിൽ മാങ്ങ (Nutrient delicious mango)
അത് പഴുത്തോ എന്നറിയാൻ, പഴുത്തു എങ്കിൽ അപ്പോൾ തന്നെ വിളവെടുക്കാൻ, പ്രത്യേകം ഭടന്മാരെ വരെ നവാബ് നിയമിച്ചിരുന്നു വത്രേ. ഇന്ത്യയിൽ പഞ്ചാബിലെ ഗുർദാസ് പൂർ, പട്യാല, മൊഹാലി, രൂപ് നഗർ, ബീഹാറിലെ ഭഗൽ പൂർ, ഉത്തർപ്രദേശിലെ രാംപൂർ, മലീഹാബാദ്, ദർഭംഗ ഒക്കെ മാവിന്തോട്ടങ്ങൾക്കു പ്രശസ്തം.
എന്നാൽ ലോകത്തിലെ ഏറ്റവും മധുരമുള്ള മാങ്ങാ ആയി കണക്കാക്കുന്നത് ഫിലിപ്പീൻസിലെ കാരബാവോ എന്ന ഇനമാണ്. അമേരിക്കകാർക്ക് ഏറ്റവും ഇഷ്ടം ടോമി അറ്റ്കിൻസ്. മാവോയുടെ കാലത്ത് അദ്ദേഹത്തിന് ഇഷ്ടമായത് കൊണ്ട് മാങ്ങാ ചൈനയിലും ആധിപത്യം സ്ഥാപിച്ചു. അരചന് പെരുത്തു ഇഷ്ടമെങ്കിൽ അടിമക്ക് നൂറിഷ്ടം.
കേരളത്തിന് ഒരു പിടി നല്ല തനതു മാങ്ങകൾ ഉണ്ട്. കർപ്പൂരം, കൊച്ചു കിളിച്ചുണ്ടൻ Kilichundan Mango, വല്യ കിളിച്ചുണ്ടൻ, മൂവാണ്ടൻ, വെള്ളം കൊള്ളി, ഗോമാങ്ങ, കൊട്ടൂർക്കോണം, പ്രിയോർ, നീലം, കോശ്ശേരിൽ, കുറ്റ്യാട്ടൂർ അങ്ങനെ പോകുന്നു. കാലപ്പാടി, മല്ലിക, സിന്ദൂരം, ടോട്ടപൂരി(സേലം, കിളി മൂക്ക് ) എന്നിവയും നല്ലത് തന്നെ.
പോഷക കാര്യത്തിൽ പഴങ്ങളിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ് മാങ്ങ. വിസ്താര ഭയത്താൽ കൂടുതൽ പറയുന്നില്ല. വിറ്റാമിൻ E വളരെ അധികം. സന്താനോൽപ്പാദന ശേഷി കൂട്ടാൻ യഥേഷ്ടം മാങ്ങാ കഴിക്കാം എന്ന് ചിലർ. ദഹന നാരുകളുടെ കലാപം കൊണ്ട് കുടലുകൾക്കു ഇവൻ പ്രിയങ്കരൻ.
ഇനി കൃഷിയിലേക്ക് വരാം.
ആവശ്യം അനുസരിച്ചാണ് ഇനം തെരഞ്ഞു എടുക്കേണ്ടത്.
മാമ്പഴ പുളിശ്ശേരിക്ക് ചന്ത്രക്കാറൻ, നടശ്ശാല.
വാണിജ്യാടിസ്ഥാനത്തിൽ പഴ സത്തു ഉണ്ടാക്കാൻ അൽഫോൻസോ, ബംഗന പള്ളി, ടോട്ടാപ്പൂരി, കേസർ എന്നിവ അനുയോജ്യം.
പഴമായി വിൽക്കാൻ ഓരോ ദേശത്തിനും അസംഖ്യം ഇനങ്ങൾ.
നല്ല ഇനം ഗ്രാഫ്ട് തൈകൾ ആണ് പറ്റിയ നടീൽ വസ്തു.
സമൃദ്ധമായ സൂര്യ പ്രകാശം ലഭിക്കുന്ന ഇടങ്ങൾ ആയിരിക്കണം.
മുൻ കാലങ്ങളിൽ 10mx10m അകലം ആണ് നൽകിയിരുന്നത് എങ്കിൽ ഇപ്പോൾ മാവ് അടുത്തടുത്ത് നടുന്ന രീതി വ്യാപകമായിട്ടുണ്ട്.
അതി തീവ്ര സാന്ദ്രത നടീൽ അഥവാ Ultra High Density Planting (UHDP) ആണ് ഇപ്പോൾ താരം.
വരികൾ തമ്മിൽ 4 മീറ്ററും വരിയിലെ മരങ്ങൾ തമ്മിൽ 2 മീറ്ററും അകലത്തിൽ മാവുകൾ നടുന്നു.
1മീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴികൾ എടുത്തു മേൽമണ്ണ് തിരികെ ഇട്ടു, രണ്ടു കുട്ട അഴുകി പൊടിഞ്ഞ ചാണകപ്പൊടിയും 1 കിലോ റോക്ക് ഫോസ്ഫേറ്റും മണ്ണും ചകിരി ചോറ് കംപോസ്റ്റുമൊക്കെ ചേർത്ത് കുഴി മൂടി അതിൽ പിള്ളക്കുഴി എടുത്തു തൈകൾ നടണം.
ഒട്ടു സന്ധി മണ്ണിനു മുകളിൽ ആയിരിക്കണം.
ഒട്ടു സന്ധിക്ക് താഴെ നിന്നും വരുന്ന തളിർപ്പുകൾ യഥാ സമയം നീക്കം ചെയ്യണം.
മൂന്നാം കൊല്ലത്തോട് കൂടി വരുന്ന പൂക്കൾ കായാകാൻ നിർത്തുന്നതാണുത്തമം.
പണ്ടത്തെപ്പോലെ മാവുകൾ വടവൃക്ഷങ്ങൾ ആകാൻ UHDP യിൽ അനുവദിക്കില്ല. തറയിൽ നിന്ന് തന്നെ മാങ്ങാ പറിക്കത്തക്ക തരത്തിൽ ഉള്ള ഉയരം മാത്രമേ അനുവദിക്കൂ. അതിനായി പ്രത്യേക കവാത്തു രീതി തന്നെ ഉണ്ട്. മാവ് 70-75cm പൊക്കം എത്തുമ്പോൾ മണ്ട മുറിക്കും. അവിടെ നിന്നും പൊട്ടുന്ന മുകുളങ്ങളിൽ നാല് വശത്തേക്കും നിൽക്കുന്ന കരുത്തുള്ള ശിഖരങ്ങൾ നിർത്തി ബാക്കിയുള്ളവ നീക്കം ചെയ്യും.
ആ ശിഖരങ്ങൾ ഏതാണ്ട് 1 മീറ്റർ എത്തുമ്പോൾ അവയും മുറിക്കും. അങ്ങനെ ശിഖരങ്ങളും ഇലച്ചാർത്തുകളും പടർന്നു മാവ് ഒരു വലിയ കുട പോലെ ആക്കും.
മുകൾ ഭാഗം തുറന്നു കിടക്കും. അതിലൂടെ സൂര്യ പ്രകാശം എല്ലാ കമ്പുകളിലും പതിക്കും. അപ്പോൾ മികച്ച രീതിയിൽ മാവ് പൂക്കും.
ഓരോ വിളവെടുപ്പ് കഴിയുമ്പോഴും ജൂൺ അവസാനത്തോടെ ശിഖരങ്ങളുടെ അഗ്രം നീക്കം ചെയ്യും. ഇത് ഒരു കലയാണ്. നമ്മൾ ഇനിയും അത് പഠിക്കേണ്ടിയിരിക്കുന്നു.
ഒരു മാവിൽ നിന്നും 50-60 ഗുണ മേന്മയുള്ള മാങ്ങകൾ ക്ഷതം പറ്റാതെ വിളവെടുത്താൽ തന്നെ ഒരു സെന്റിൽ നിന്നും 250മാങ്ങാ ലഭിക്കും. ഒരു ഏക്കറിൽ നിന്നും 25000മാങ്ങയും. എന്താ പോരേ?
തുള്ളി നന വഴി വെള്ളവും വളവും നൽകും. ചില അവസരങ്ങളിൽ പൂക്കാനുള്ള മരുന്നും ചുവട്ടിൽ കൊടുക്കും.
തമിഴ് നാട്, ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ജെയിൻ ഇറിഗേഷൻ കമ്പനിയും കൊക്ക കോള കമ്പനിയും ചേർന്ന് 'പ്രൊജക്റ്റ് ഉന്നതി' എന്ന പേരിൽ ഈ കൃഷി രീതി നടപ്പാക്കി വരുന്നു.
ഒരു കൊല്ലം കൊക്ക കോള കമ്പനിയ്ക്ക് Mazza എന്ന പാനീയം ഉണ്ടാക്കാൻ രണ്ടു ലക്ഷം ടൺ മാമ്പഴ പൾപ് വേണം.ഈ കരാർ കൃഷിയിലൂടെ രണ്ടു കൂട്ടരും നേട്ടങ്ങൾ കൊയ്യുന്നു.
തുടർച്ചയായ കൊമ്പ് കോതൽ ചില അവസരങ്ങളിൽ ഫംഗസ് രോഗ ബാധയ്ക്കു കാരണമാകുന്നുണ്ട്. മുറിപ്പാടിൽ കുമിൾ നാശിനി കുഴമ്പുകൾ പുരട്ടി നിയന്ത്രിക്കും.
. ചിട്ടയായ വള പ്രയോഗം നല്ല വിളവുകിട്ടാൻ അത്യന്താപേക്ഷിതമാണ്. പക്ഷെ നമ്മൾ മാവിന് വളമിട്ട് ശീലിച്ചിട്ടില്ലല്ലോ.
പൂക്കുന്നതിനു രണ്ടു മാസം മുൻപ് നന നിർത്തും. ഇലകളിൽ പൊട്ടാസിയം നൈട്രേറ്റ് ഒരു ശതമാനം വീര്യത്തിൽ തളിക്കും. ധാരാളം പൂക്കൾ പിടിക്കുമെങ്കിലും ഒരു ശതമാനത്തിൽ താഴെ ഉള്ളവ മാത്രമേ കായ് ആകുക ഉളളൂ. അതിന്റെ പത്തിലൊന്നു മാത്രമേ മൂത്ത് കിട്ടുകയുള്ളൂ. അതുകൊണ്ടാണ് *മക്കളെ കണ്ടും മാമ്പൂ കണ്ടും മദിക്കരുത് എന്ന് പറയുന്നത്.
കീടങ്ങളുടെയും രോഗങ്ങളുടെയും ഒരു പട തന്നെ ഉണ്ട് മാങ്ങയ്ക്ക്. കായീച്ച, മാന്തളിർ മുറിയൻ, ഇല കൂടു കെട്ടി പുഴു, പൂങ്കുല തുള്ളൻ, തടി തുരപ്പൻ, മീലി മൂട്ട, പൊടിപ്പൂപ്പ്, ഇല കരിച്ചിൽ, ഗാളീച്ച, കൊമ്പുണക്കം അങ്ങനെ അങ്ങനെ പോകുന്നു. എല്ലാറ്റിനും പ്രതിവിധി ഉണ്ട്. സമയത്തു ചെയ്യണം എന്ന് മാത്രം.
300 വർഷം വരെ വിളവ് നൽകിയിട്ടുള്ള ചരിത്രമുണ്ട് മാവിന്. ഓരോ കൊല്ലവും രോഗം ബാധിച്ചതും ബലം കുറഞ്ഞതും അകത്തേക്ക് വളരുന്നതുമായ ശിഖരങ്ങൾ നീക്കം ചെയ്യണം.
തടം തുറന്നു വളങ്ങൾ നൽകണം.
ഇത്തിൾ നിലയുറപ്പിക്കാൻ അനുവദിയ്ക്കരുത്.
തരിശായി കിടന്നിരുന്ന ഗുജറാത്തിലെ കച്ചൂ ഭാഗത്തു പ്രൊജക്റ്റ് ഉന്നതിയുടെ ഭാഗമായി വലിയ മാവിന്തോട്ടങ്ങൾ വന്നിരിക്കുന്നു. നാഷണൽ ഹോർട്ടികൾച്ചർ മിഷൻ ധന സഹായം ഒക്കെ ചില സംസ്ഥാനകൾക്ക് നന്നായി പ്രയോജന പെട്ടിരിക്കുന്നു.
വാൽ കഷ്ണം :മികച്ച ഇനങ്ങളുടെ കൃഷിയിലൂടെ ലോക വിപണി പിടിച്ചടക്കാൻ ഇന്ത്യയ്ക്ക് കഴിയണം. ജപ്പാനിലേക്ക് ഇപ്പോൾ തന്നെ കയറ്റുമതി നടക്കുന്നുണ്ട്. അവർ പേടിക്കുന്ന ഒരു കീടം മാങ്ങയണ്ടി യുടെ അകത്തിരിക്കുന്ന ഒരു വണ്ടിനെ ആണ്. Nut weevil. അത് ജപ്പാനിലേക്ക് കടക്കാതെ നോക്കാൻ ബദ്ധ ശ്രദ്ധരാണ് അവർ. ഓസ്ട്രേലിയയും അത് പോലെ തന്നെ. താമസിയാതെ തന്നെ ജപ്പാൻകാരൻറെ മിയസാക്കി തമാഗോയും ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്‌തേക്കും. ആണ്പിള്ളേര് അതിന്റെ കൃഷിയും തുടങ്ങി കഴിഞ്ഞ്.
ഇന്ത്യൻ ഡാ
എന്നാൽ അങ്ങട്
പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ