വാഴകന്നുകൾ നടുന്നതിനു മുമ്പ് വാഴകന്നുകൾ 2% വീര്യം ഉള്ള (20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ )സ്യൂഡോമോണസ് ഫ്ലൂറസെന്സ് ലായനിൽ മുക്കി വക്കണം. വാഴ വിത്തുകൾ നടുന്നതിന് 10 ദിവസം മുൻപ് തന്നെ 50 സെന്റിമീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴികളിൽ കാൽ മുതൽ അര കി. ഗ്രാം വരെ കുമ്മായം ചേർത്ത് പരുവപ്പെടുത്തണം.
അടിവളമായി 5 കി. ഗ്രാം (അളവ് കുറയ്ക്കേണ്ടവർക്ക് കുറയ്ക്കാം, കുല തൂക്കം കുറയും )കാലിവളമോ, മണ്ണിര കമ്പോസ്റ്റോ ,ഒരു കിലോ വേപ്പിൻ പിണ്ണാക്കോ ചേർക്കണം. ജൈവ വളത്തിന്റെ കൂടെ ട്രൈക്കോഡെര്മ ചേർക്കുന്നത് നല്ലത്.വരികളും ചെടികളും തമ്മിൽ 2 മീറ്റർ ഇടയകലം നൽകണം.
ഏത്തവാഴകൾക്ക് കുല വന്നതിന് ശേഷം വളം ചെയ്തിട്ട് ഒരു കാര്യവുമില്ല. കുല വരുന്നതിന് മുൻപ് 5 തവണയായി ജൈവ വളം നൽകേണ്ടതാണ് . ഒരു വാഴയുടെ കണക്കാണ് പറയുന്നത്.
ഒന്നാമത്തെ തവണ.
ഒന്നാം മാസം കഴിയുമ്പോൾ ജീവാമൃതമോ അല്ലെങ്കിൽ അര കിലോ മണ്ണിര കമ്പോസ്റ്റോ , 250 ഗ്രാം എല്ല് പൊടിയും നൽകാം
രണ്ടാമത്തെ തവണ
രണ്ട് മാസം കഴിയുമ്പോൾ അര കിലോ മണ്ണിര കമ്പോസ്റ്റ് ,250 ഗ്രാം കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് നേർപ്പിച്ച് ഒഴിച്ച് കൊടുക്കാം
മൂന്നാമത്തെ തവണ
മൂന്നാം മാസം കഴിയുമ്പോൾ പച്ചിലകൾ ചുവട്ടിൽ കൂട്ടി ചാണകം കലക്കി ഒഴിച്ച് മണ്ണ് കൂട്ടി കൊടുക്കാം.
നാലാമത്തെ തവണ
നാലാം മാസം കഴിയുമ്പോൾ. 250 ഗ്രാം മണ്ണിര കമ്പോസ്റ്റ് , കുറച്ച് പഞ്ചഗവ്യം ചുവട്ടിൽ ഒഴിച്ച് കൊടുക്കാം.
അഞ്ചാമത്തെ തവണ
അഞ്ചാം മാസം കഴിയുമ്പോൾ 250 ഗ്രാം കടലപ്പിണ്ണാക്ക് വെള്ളം ചേർത്ത് മൂന്ന് ദിവസം പുളിപ്പിച്ച് അതിൽ കുറച്ച് ചാരം മാക്സ് ചെയ്ത് വാഴയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. തീർന്നു ഇനി വളത്തിന്റെ ആവശ്യമില്ല.
വാഴയെക്കുറിച്ചുള്ള ചില നാട്ടറിവുകള്‍
വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.
വാഴച്ചുണ്ട് പൂര്‍ണമായും വിരിഞ്ഞതിനു ശേഷം ചുണ്ട് ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിയോടെ വളരും.
നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.
വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും
വാഴ കുലച്ച് പടല വിരിഞ്ഞു കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.
വാഴക്ക് അഞ്ചു മാസത്തിനുശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവില്ല.
കന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കന്നിന്റെ ചെരിവ് താഴേക്ക് ആക്കണം
ഇലുമ്പന്‍ (ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വച്ചാല്‍ വേഗം പഴുത്തു കിട്ടും.
വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.
ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലയ്ക്കു തൂക്കവും കൂടും.
നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.
വാഴയ്ക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴതന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ കോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍ നിര്‍ത്താം.
ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല തുടങ്ങിയ വാഴയിനങ്ങള്‍ക്ക് വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.
താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കൂ.
രണ്ട് വര്‍ഷത്തിലേറെ ഒരേ സ്ഥലത്ത് കൃഷി ചെയ്യുന്ന പക്ഷം വളം ഇരട്ടിയാക്കണം.
ഒരേ കുഴിയില്‍ രണ്ടു വാഴ നടുന്ന രീതിയില്‍ കൂടുതല്‍ വിളവും ലാഭവും കിട്ടുന്നു.
വാഴയുടെ പനാമാ രോഗത്തിന് പഞ്ചഗവ്യം വളരെ ഫലപ്രദമാണ്.
നന്നായി പഴുത്ത നേന്ത്രപ്പഴം വെയിലത്തുണക്കിയാല്‍ പഴത്തിന്റെ തൊലി ഇളകിപ്പോകും. തൊലി മാറ്റി വീണ്ടും ഉണക്കുക. ജലാംശം നീക്കിയ ശേഷം തേനിലോ പഞ്ചസാരയിലോ സൂക്ഷിക്കുക. വര്‍ഷങ്ങള്‍ കേടുകൂടാതിരിക്കും.
ദിവസേന വാഴയിലയില്‍ ആഹാരം കഴിക്കുക കണ്ണിന്റെ കാഴ്ചശക്തി വര്‍ധിക്കും. വാഴക്കന്നും ടിഷ്യുകള്‍ച്ചര്‍ വാഴത്തൈയും ഒരേ സമയം നട്ടാല്‍ രണ്ടു മാസം കഴിയുമ്പോള്‍ വളര്‍ന്ന് ഒരേ പോലെ ആയിരിക്കും. അതിനു കാരണം ടിഷ്യുകള്‍ച്ചര്‍ വാഴയുടെ വളര്‍ച്ചയുടെ തോത് വാഴക്കന്നിന്റേതിനേക്കാള്‍ കൂടുതലാണ് എന്നുള്ളതാണ്.
വാഴക്കന്നുകളുടെ മാണത്തില്‍ ധാരാളം ആഹാരം ശേഖരിച്ചിട്ടുള്ളതു കൊണ്ട് അവയില്‍ നിന്നും വേരു പൊട്ടുന്നത് സാവധാനത്തിലാണ്. എന്നാല്‍ ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് വേരുകളെ മാത്രം ആശ്രയിക്കേണ്ടിയിരുന്നതിനാല്‍ വേരുപടലം വേഗം വ്യാപിച്ച് വെള്ളവും പോഷക മൂല്യങ്ങളും വലിച്ചെടുത്തു തുടങ്ങുന്നു