മലയാളിയുടെ ഇഷ്ട വിഭവമാണ് കപ്പ. ഒരു കാലത്ത് കേരളത്തിലെ ഭക്ഷ്യക്ഷാമം പിടിച്ചു നിര്‍ത്തിയതില്‍ കപ്പയ്ക്ക് വലിയ സ്ഥാനമുണ്ട്. തട്ടുകടകളില്‍ മുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുടെ മെനുവില്‍ വരെ കപ്പ സ്ഥാനം പിടിച്ചിരിക്കുന്നു. പ്രധാനമായും രണ്ട് സീസണുകളിലാണ് കേരളത്തില്‍ കപ്പ കൃഷി ചെയ്യുന്നത്. വേനലിന്റെ അവസാനത്തില്‍ ലഭിക്കുന്ന പുതുമഴയോടെ (മെയ്അവസാനം) അദ്യത്തെ സീസണ്‍ ആരംഭിക്കും. ഇത് പ്രധാനമായും പറമ്പുകളിലും വെള്ളം കെട്ടിക്കിടക്കാത്ത വയലുകളിലും കപ്പ കൃഷി ചെയ്തു തുടങ്ങും.
രണ്ടാമത്തെ കപ്പ കൃഷിയുടെ ആരംഭം കാലവര്‍ഷം കഴിയുന്നതോടെയാണ്. മലയാള മാസമായ തുലാമാസത്തോടെ രണ്ടാമത്തെ സീസണിലെ കപ്പ കൃഷി ആരംഭിക്കാം. മണ്ണിന്റെ ഊര്‍പ്പവും ജലത്തിന്റെ ലഭ്യതയും കണക്കിലെടുത്ത് വയല്‍ പ്രദേശങ്ങളിലാണ് പ്രധാനമായും ഈ സമയം കൃഷി ചെയ്യുക. അറുമാസം കൊണ്ട് വിളവെടുക്കുന്ന ഇനങ്ങളാണ് നടുക. ഒക്‌റ്റോബര്‍ അവസാനത്തോടെ നടുന്ന കപ്പ എപ്രില്‍ മാസത്തോടെ വിളവ് എടുക്കാം.
വയലിലെ കൃഷി രീതി
വെള്ളം കെട്ടി നില്‍ക്കാത്തതും പരമാവധി നിരന്നതുമായ സ്ഥലമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. നിളത്തില്‍ എരിവെട്ടി (തടങ്ങള്‍ എടുത്ത്) തുടര്‍ന്ന് ഉള്ള മാസങ്ങളിലെ മഴവെള്ളം തടത്തില്‍ കെട്ടിക്കിടക്കാത്ത രീതിയില്‍ വേണം സ്ഥലമൊരുക്കാന്‍. കളകള്‍ ചെത്തി മണ്ണു നന്നായി കൊത്തിയിളക്കി മൂന്ന് അടി വീതിയിലും പരിപാലിക്കാന്‍ പറ്റുന്ന നീളത്തിലും ഏരികള്‍ അതവാ വാരകള്‍ എടുക്കണം. സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ചും തുടര്‍ന്നുള്ള മാസങ്ങളിലെ മഴ ലഭ്യതയും കണക്കിലേടുത്ത് തടങ്ങളുടെ ഉയരം കൂട്ടാം. തടങ്ങള്‍ ഒരുക്കി കഴിഞ്ഞ് തടത്തില്‍ ജൈവ വളങ്ങള്‍ ചേര്‍ത്ത് കപ്പതണ്ട് നാട്ടാം. നല്ല മൂപ്പെത്തിയ കപ്പതണ്ട് ശേഖരിച്ച് 10-12 സെന്റി മീറ്റര്‍ നിളത്തില്‍ കപ്പ തണ്ടുകള്‍ മുറിച്ച് 3 – 4 അടി അകലത്തില്‍ വരികളില്‍ നടാം.
പരിപാലനവും വളപ്രയോഗവും
നട്ട് ഒരു മാസം കഴിഞ്ഞ് ആദ്യ വളപ്രയോഗം നടത്തണം. ഒരു മാസം കൊണ്ട് തന്നെ തടത്തില്‍ കളകള്‍ നിറഞ്ഞിട്ടുണ്ടാവും അവ കപ്പയുടെ വേരുകള്‍ക്ക് ക്ഷതം പറ്റാത്ത രീതിയില്‍ ചെത്തി മാറ്റണം. അതിന് ശേഷം വിവിധ ജൈവ വളങ്ങളില്‍ എതെങ്കിലും ഒരോ തടത്തിലും തണ്ടില്‍ നിന്ന് അല്‍പ്പം മാറ്റി നല്‍കി മേല്‍മണ്ണ് വിതറാം. ഇതു പോലെ ആദ്യത്തെ മൂന്ന് മാസം ഫിഷ് അമിനോ ആസിഡും മറ്റ് വളപ്രയോഗവും പരിപാലനവും കൊണ്ട് കപ്പ വലുതാവുകയും കിഴങ്ങുകള്‍ക്ക് വണ്ണം വെക്കുകയും ചെയ്യും.
പോട്ടാഷ് കൂടുതല്‍ പ്രധാനം ചെയ്യുന്ന ചാരം അതവാ വെണ്ണീര് കപ്പയ്ക്ക് ഒരു ഉത്തമ ജൈവവളമായി ഉപയോഗിക്കാം. കിഴങ്ങുകള്‍ക്ക് വണ്ണം വെക്കുന്നതോടൊപ്പം മരച്ചീനിക്ക് നല്ല പൊടിയുള്ളതാവാനും ഈ ചാരം സഹായിക്കും. ഒക്‌റ്റോബര്‍ മാസം നട്ട മരച്ചീനി എപ്രില്‍ മാസത്തോടെ വിളവെടുക്കാം.