വളരെ അനായാസം വേര് പിടിച്ച് വളരുന്ന ഒരു ചെടിയാണ് കൊങ്ങിണി. നല്ലൊരു പച്ചിലവളമായി കർഷകർ പണ്ടു മുതലേ കൊങ്ങിണിയെ ഉപയോഗിച്ചുവന്നിരുന്നു. കൂടാതെ ഇലച്ചാർ ജൈവകീടനാശിനിനായും ഉപയോഗിക്കാറുണ്ട്. പൂക്കളിലാണ് കീടനാശിനി സ്വഭാവമുള്ള പദാർത്ഥങ്ങൾ അധികമായി കാണുന്നത്. ജൈവവേലി തയ്യാറാക്കുന്നതിനും പണ്ട് കൊങ്ങിണി ഉപയോഗിച്ചിരുന്നു. ചരിവ് പ്രദേശങ്ങളിൽ മണ്ണൊലിപ്പ് തടയുന്നതിനുള്ള മാർഗമായും കൊങ്ങിണി നട്ടുവളർത്താം.
കൊങ്ങിണി എന്ന പേര് കേൾക്കുമ്പോൾ തന്നെ പഴയകാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ നോക്കുന്നിടത്തെല്ലാം പടർന്നുകിടന്ന വേറിട്ട ഗന്ധം പരത്തുന്ന എന്നാൽ പറഞ്ഞറിയിക്കാനാവാത്ത എന്തോ മനോഹാരിതയുള്ള കുഞ്ഞരിപൂക്കളുടെ കൂട്ടായ്മയെന്നോണം മഞ്ഞയും ചുവപ്പും നിറത്തിൽ സമൃദ്ധമായി പൂത്തുകിടക്കുന്ന ഒരു ചെടിയാണ് ഓർമ്മയിലേക്ക് വരുന്നത്. പൂക്കളുടെ ഭംഗികണ്ട് നോക്കിനിൽക്കുന്ന തിനോടൊപ്പം ഇതിന്റെ പഴുത്ത കായ്കൾ പറിച്ചു തിന്നാൻ കൊതി ചൂണ്ട ബാല്യങ്ങളും പണ്ട് ഉണ്ടായിരുന്നു.
നേരിട്ട് മണ്ണിലും ചെടിച്ചട്ടിയിലും കൊങ്ങിണി കമ്പ് നട്ടുപിടിപ്പിക്കാം. നല്ല നീർവാർച്ചയുള്ള സ്ഥലങ്ങളിൽ രണ്ട് ഭാഗം മണ്ണ്, രണ്ട് ഭാഗം മണലും, ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടിയും ചേർത്തുണ്ടാക്കുന്ന പോട്ടിംഗ് മിശ്രിതം ചട്ടിയിലോ, കുഴിയിലോ നിറച്ച് കമ്പ് നട്ടു കൊടുക്കാം. മിതമായി മാത്രം വളവും നനയും ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ്. വരൾച്ചയെ പ്രതിരോധിക്കാൻ കഴിയുന്ന ഇതിന് ഒരു പരിധിവരെ ഏത് കാലാവസ്ഥയിലും നന്നായി വളരാൻ കഴിയും.