ഉദ്യാനങ്ങളിലും ക്ഷേത്രങ്ങളിലും സാധാരണയായി വളർത്തുന്ന പവിഴമല്ലി വലിയ കുറ്റിച്ചെടിയായോ ചെറുമരമായോ വളരുന്നു. ഹിന്ദുകളുടെ ഒരു പുണ്യവ്യക്ഷമാണിത്. മൂന്നു മുതൽ പത്തു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. താഴത്തെ ഇലകൾക്ക് നീളം കൂടുതലും അത് അറ്റത്തേക്ക് എത്തുമ്പോൾ ചെറുതായും കാണുന്നു. ഇളം തവിട്ടുനിറമാണ് തണ്ടിനുള്ളത്. ഇതിന്റെ ഉപശാഖകൾക്ക് നടന്നു കിടക്കുന്ന സ്വഭാവമാണുള്ളത്. ഇളം കമ്പുകൾക്ക് ചതുരാകൃതിയാണുള്ളത്.
ഇലകളിലും ഇളം കൊമ്പുകളിലും നേർത്ത രോമങ്ങൾ ഉണ്ടായിരിക്കും. ഇലയുടെ അരികുകൾക്ക് അറക്കവാളിന്റെ പല്ലുപോലെയുള്ള ആകൃതിയാണുള്ളത്. ഇലയുടെ മുട്ടുകളിലും ശാഖകളിലും നിറയെ പൂവുകൾ ഉണ്ടാവുന്നു, ദളപുടത്തിന് വെളുപ്പ് നിറമാണ്.
ഇല, വേര്, തൊലി, വിത്ത് എന്നിവയെല്ലാം ഔഷധയോഗ്യഭാഗങ്ങളാണ്. ആയുർവേദത്തിൽ ഇതിനെ ജ്വരഘ്ന ഔഷധത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വാതത്തേയും ശരീരവേദനയേയും ശമിപ്പിക്കുന്നതിനും, കരളിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നതിനും ഉത്തമമായ ഔഷധമാണ്. നിക്ടിൻ, നിക്കോട്ടിഫ്ളോറിൻ എന്നീ രാസ ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ഇല, പൂവ്, വേര് എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ. ഇതിന്റെ സ്വരസമെടുത്ത് തേൻ ചേർത്ത് കൊടുത്താൽ ലിവർ, പ്ലീഹ എന്നിവയുടെ അസുഖങ്ങൾക്ക് നല്ലതാണ്. പനിയുണ്ടെങ്കിൽ ഇതിന്റെ കഷായം കൊടുക്കാവുന്നതാണ്. കുട്ടികൾക്കുണ്ടാവുന്ന കൃമിശല്യം മാറുന്നതിന് ഇതിന്റെ സ്വരസം എടുത്ത് തേൻ ചേർത്ത് 7 ദിവസം കൊടുത്താൽ മതി. ഉണങ്ങാത്ത വ്രണം ഭേദമാകുന്നതിന് ഇതിന്റെ ഇല അരച്ച് വയ്ക്കാറുണ്ട്.
വിട്ടുമാറാത്ത നടുവേദനക്ക് ഇതിന്റെ കഷായം നൽകുന്നതും സമൂലം എടുത്ത് കിഴിയാക്കി നടുവിൽ കുത്തിക്കഴിഞ്ഞാൽ ആശ്വാസം കിട്ടുന്നതാണ്. പവിഴമല്ലി പൂവിട്ട് തയ്യാറാക്കിയ ഔഷധ തൈലം മുടികൊഴിച്ചിലും നരയും മാറുന്നതിന് ഉപയോഗിക്കുന്നു. വിത്ത് തലയിലെ താരൻ കളയാൻ ഉപയോഗിക്കുന്നു. ഉദരസംബന്ധിയായ രോഗങ്ങൾക്ക് ഇല ഔഷധമായി ഉപയോഗിക്കുന്നു. മരത്തിന്റെ പട്ട ഉണക്കിപ്പൊടിച്ച് എടുത്തത് വാത ചികിത്സക്ക് ഉപയോഗിക്കുന്നു.
ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇതിന്റെ എണ്ണ ശരീരത്തിലുണ്ടാകുന്ന വീക്കം കുറക്കുന്നതിന് സഹായിക്കുന്നു. ഇതിന്റെ ഇലകൾക്ക് ആന്റി പൈറെറ്റിക് ഗുണങ്ങൾ ഉള്ളതിനാൽ മലേറിയ, ഡെങ്കി എന്നിവയുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്നു. ഇതിന്റെ പുറംതൊലി പനി ചികിത്സക്ക് നല്ലതാണ്. പാരിജാത പൂക്കളിലും ഇലകളിലും കാണപ്പെടുന്ന എഥനോൾ സംയുക്തം ചുമ ഒഴിവാക്കുന്നതിന് സഹായിക്കുന്നു.
ആസ്തമയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമായി പാരിജാതത്തെ ഉപയോഗിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മലബന്ധത്തിന് പരിഹാരമാണ് പാരിജാതത്തിന്റെ ഇലകൾ. ഇലകളിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ ദഹനവ്യവസ്ഥയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. പൂക്കളിലും ഇലകളിലും എഥനോൾ സംയുക്തങ്ങൾ ഉള്ളതിനാൽ രോഗപ്രതിരോധശേഷി വളരെ കൂടുതലാണ്. ഇതിന്റെ തൊലിക്ക് അണുനശീകരണ ശക്തിയുള്ളതിനാൽ തൊലിപ്പുറത്തുണ്ടാകുന്ന ഏത് തരം പ്രശ്നങ്ങൾക്കും നല്ലതാണ്. ഇതിന്റെ എണ്ണ സുഗന്ധ ദ്രവ്യങ്ങളുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.