കേര കൃഷി ആഗോള വ്യാപകമായി ഉള്ളതുകൊണ്ടു തന്നെ ആഗോള തലത്തിൽ നടക്കുന്ന പ്രവർത്തനമാണ് ഇവയുടെ നിയന്ത്രണവും. കൊമ്പൻ ചെല്ലിയെ നിയന്ത്രിച്ച് വരുതിയിലാക്കാൻ വിവിധ തന്ത്രങ്ങളാണ് കേര കർഷകരും കൃഷി ശാസ്ത്രവും നടത്തുന്നത്.
കർണ്ണാടകത്തിൽ ദൊഡ്ഡഗദെനഹള്ളിയിലെ കേര കർഷകർ കഴിഞ്ഞ കാൽ നൂറ്റാണ്ടായി ചെല്ലികളെ തുരത്താൻ ഒരു പ്രത്യേക തരം സസ്യ മിശ്രിതം തന്നെ സ്വന്തം ഫോർമുല പ്രകാരം തയ്യാറാക്കി ഉപയോഗിച്ചു വരുന്നുണ്ട്. ഇവർ യഥാസമയം ഇത് നടത്തുന്നതുവഴി ആയിരക്കണക്കിന് തെങ്ങുകളെയാണ് രക്ഷിച്ചത്. ഇവിടുത്തെ കർഷകർ ഈ ഒറ്റമൂലി തയ്യാറാക്കുന്നതിങ്ങനെ.
അരയാൽ വൃക്ഷത്തിന്റെ കറ തെങ്ങിൽ ചെല്ലി തുരന്നുണ്ടാക്കിയ ദ്വാരത്തിലേക്കൊഴിക്കുക. ഈ മിശ്രിതം ചെന്നു കഴിഞ്ഞാൽ അവിടെ ഒളിച്ചിരിക്കുന്ന ചെല്ലികൾ താനേ പുറത്തു വരും എന്ന് കർഷകർ പറയുന്നു. ഇങ്ങനെ പുറത്തു ചാടുന്ന ചെല്ലികളെ ഇവർ കയ്യോടെ പിടികൂടി തന്നെയാണ് നശിപ്പിക്കുന്നത്. മാത്രവുമല്ല തെങ്ങിൻ മണ്ടയിൽ മധ്യഭാഗത്തു തന്നെ മിശ്രിതം ഒഴിക്കുന്നതിനാൽ അടുത്ത മൂന്നു മാസത്തേക്കെങ്കിലും ചെല്ലിയുടെ ഉപദ്രവം ഉണ്ടാകില്ല എന്നുറപ്പാക്കാനും കഴിയുന്നു.
ഇനി കന്യാകുമാരിയിൽ നിന്നുള്ള ചില ചെല്ലി നിയന്ത്രണ വൃത്താന്തങ്ങൾ നോക്കാം. തെങ്ങിൻ തടത്തിൽ വേരുപടലത്തിന് ചുറ്റുമായി ചില കർഷകർ കൊഴിഞ്ഞിൽ ചെടി ഉഴുതു ചേർക്കുകയാണിവിടെ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതു വഴി അവർ കൊമ്പൻ ചെല്ലിയെ അകറ്റി നിർത്തുന്നു. ഇവിടെത്തന്നെ കർഷകർ പ്രയോഗിക്കുന്ന മറ്റൊരു തന്ത്രം തെങ്ങിൻ തോപ്പിൽ ഇടവിളയായി പനിക്കൂർക്കച്ചെടി വളർത്തുക എന്നതാണ്. സ്വതവേ രൂക്ഷ ഗന്ധമുള്ള ഈ ഔഷധ സസ്യത്തിൽ നിന്നു പുറപ്പെടുന്ന ഗന്ധം തെങ്ങിൻ തോട്ടത്തിൽ കൊമ്പൻ ചെല്ലിയെ അകറ്റി നിർത്താൻ സഹായിക്കുന്നു.
ആസ്സാമിലെ ചെല്ലി നിയന്ത്രണ രീതി വ്യത്യസ്തമാണ്. ഇവിടെ ചെല്ലി നിയന്ത്രണത്തിനുപയോഗിക്കുന്നത് സാധാരണ ചിത്ര രചനയ്ക്കുപയോഗിക്കുന്ന ചുവന്ന നിറമുള്ള ക്ലേ (കളി മണ്ണ്) ആണ്. ഒരു കിലോ ഗ്രാം കളിമണ്ണ് ഒരു ബക്കറ്റ് (12-15 ലിറ്റർ ) വെള്ളത്തിൽ കലക്കി അവർ ചെല്ലി ബാധയുള്ള തെങ്ങ് ആസകലം കളിമണ്ണ് തേച്ച് പിടിപ്പിക്കുന്നു. മഴ തുടങ്ങുന്നതിനു തൊട്ടു മുൻപാണ് ആസാമുകാർ ഈ കളിമൺ പ്രയോഗം നടത്തുക. ഇത് നിലവിലുള്ള ചെല്ലികളെ നശിപ്പിക്കുകയും പുതിയ ചെല്ലികളെ അകറ്റുകയും ചെയ്യുന്നു.
മറ്റു ചില രസകരമായ ചെല്ലി നിയന്ത്രണ മാർഗ്ഗങ്ങൾ കൂടെ ഇവിടെയുണ്ട്. ഇതിലൊന്നാണ് ഉപ്പും മഞ്ഞൾപ്പൊടിയും തെങ്ങിൻ മണ്ടയിൽ വിതറുക എന്നത്. മഞ്ഞൾപ്പൊടിയാണ് ഇവിടെ ചെല്ലികളെ അകറ്റാൻ സഹായിക്കുന്നത്. ഇനിയൊന്ന് സ്ത്രീകളുടെ നീളൻ മുടി തെങ്ങിൻ മണ്ടയിൽ വയ്ക്കുക എന്നതാണ്. മുടിയിൽ കാലുകൾ കുരുങ്ങിയാൽ പിന്നെ ചെല്ലിവീരൻമാർക്ക് ഇടം വലം നീങ്ങാൻ കഴിയില്ല. ചത്ത തവളയെ തെങ്ങിൻ ചുവട്ടിൽ കൊണ്ടു വയ്ക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. ഒരു ചതുരശ്രമീറ്ററിന് ഒരു തവള എന്നതാണ് കണക്ക്. തവളയുടെ ദുർഗന്ധം ചെല്ലികളെ തെങ്ങിന്റെ പരിസരത്തു നിന്ന് അകറ്റുമത്രേ.
ഇതു കൂടാതെ കുണ്ടള പുഴുവുവിന് പ്രിയങ്കരമായ ചാണകവും ചെല്ലി നിയന്ത്രണത്തിനുപയോഗിക്കുന്നു. ഒരു പരന്ന കുടയിൽ പച്ച ചാണകം എടുക്കുന്നു. എന്നിട്ട് അതിൽ ഉണക്ക മീൻ കലർത്തി വയ്ക്കും. ഈ മത്സ്യ ഗന്ധത്തിൽ ചെല്ലികൾ കൂട്ടത്തോടെ തെങ്ങിൻ തടത്തിലെത്തുകയും അപ്പോൾ അവയെ കുടുക്കി നശിപ്പിക്കുകയും ചെയ്യുന്നു.
ഇങ്ങനെ നോക്കുകയാണെങ്കിൽ സർവ്വവ്യാപിയായ കൊമ്പൻ ചെല്ലിയെ കുടുക്കാനും വരുതിയിലാക്കാനും ഓരോ നാട്ടിലേയും കർഷകർ അവരുടെ പോംവഴികൾ ധാരാളം കണ്ടെത്തിയിട്ടുണ്ട്.