കരിമ്പ്, പനങ്കരിക്ക് എന്നിവയ്ക്ക് ഒപ്പം തെങ്ങിന്റെ ഇളനീർ ചേർത്തുണ്ടാക്കുന്ന മുന്നീർ എന്ന മദ്യം സ്ത്രീകൾ ഉപയോഗിച്ചിരുന്നതായിരുന്നു. പ്രത്യേകം തെരഞ്ഞെടുത്ത ആരോഗ്യമുള്ള ഇളംതെങ്ങാണ് കള്ള് ചെത്താൻ ഉപയോഗിച്ചുവരുന്നത്. തെങ്ങിൽ കയറി വിടരാത്ത തെങ്ങിൻ പൂക്കളുടെ മുകളറ്റം പ്രത്യേക കത്തി അഥവാ ഏറ്റു കത്തി (കള്ള് ചെത്താൻ എടുക്കുന്ന കത്തിയാണ് ഏറ്റു കത്തി) ഉപയോഗിച്ചു ചെത്തുന്നു. പൂക്കുല പൊട്ടിപ്പോകാതിരിക്കാൻ ചൂടി കൊണ്ട് വരിഞ്ഞു കെട്ടും.
ഓലയുടെ കണ്ണി ഉപയോഗിച്ച് കുലയുടെ മുറിച്ച അറ്റത്ത് വരിഞ്ഞു കെട്ടുന്നു. കുല മുറിച്ച ഭാഗത്ത് ഏറ്റു കത്തിയുടെ പിടി ഭാഗം അല്ലെങ്കിൽ അടയ്ക്കാ പാലയുടെ ഘനമുള്ള തണ്ട് ഉപയോഗിച്ച് ദിവസം മൂന്നു നേരമായി ഏഴു ദിവസം ചെറുതായി തല്ലണം. കാട്ടു പോത്ത്, മാൻ, എന്നിവയുടെ കാലിന്റെ അസ്ഥിക്കുള്ളിൽ ഈയം നിറച്ച് ഘനമാക്കിയും കള്ള് ചെത്തുന്ന കുല തല്ലാൻ പൂർവികർ ഉപയോഗിച്ചിരുന്നു.
ഓരോ തവണ കൂമ്പ് തല്ലാൻ കയറുമ്പോഴും കുലയും ചെത്തണം. ഓലയുടെ കണ്ണി മാറ്റി കെട്ടുകയും മുറീഭാഗത്ത് ഏച്ചിൽ മരത്തിന്റെ ഇലകളെടുത്ത് മടലിന്റെ (ഓല മുറിച്ചതിന് ശേഷമുള്ള ഭാഗം മടൽ) പാർശ്വഭാഗത്ത് ഉരച്ചെടുത്ത് താളിയാക്കിയെടുത്താണ് കൂമ്പിന്റെ മുറിവായിൽ തേക്കുകയും ചെയ്യണം, ആദ്യമായി നീർ വന്നു കഴിഞ്ഞാൽ 3 ദിവസം വീണ്ടും കുല ചെത്തണം, അതിനു ശേഷമാണ് മാട്ടം വയ്ക്കുക.
ചെത്തിയ കുലയിൽ നിന്നും മുകളിലോട്ടുയരുന്ന കള്ള് ഇറ്റി വീഴുന്ന രീതിയിൽ വാവട്ടം കുറഞ്ഞ മൺപാത്രം അഥവ മാട്ടം കുലയിൽ വെച്ചു കെട്ടുന്നു. ഈ മൺപാത്രത്തിൽ അൽപം ചുണ്ണാമ്പ് പുരട്ടുകയോ കലക്കി ഒഴിക്കുകയോ ചെയ്തതിനു ശേഷമാണ് ഇങ്ങനെ വെക്കുന്നത്. കള്ള് ശേഖരിച്ച് കുറച്ചുസമയം കഴിയുമ്പോൾ സാധാരണ പുളിരസം (ലഹരി) ഉണ്ടാകും.
ചക്കരയ്ക്ക് എടുക്കുന്ന കള്ളിന് പുളിരസം (അമ്ലഗുണം) ഉണ്ടാകാതിരിക്കാനാണ് പാത്രത്തിന് അകത്ത് അല്പം ചുണ്ണാമ്പ് ഉപയോഗിക്കുന്നത്. ഒരു പ്രാവശ്യം കള്ള് എടുത്തുകഴിഞ്ഞാൽ കുല ചെത്തി താളി തേക്കുന്നു. ഏറ്റുകാരൻ ഒരു ദിവസം മൂന്ന് തവണ തെങ്ങിൽ കയറണം. പക്ഷെ, രാവിലെയും വൈകിട്ടും മാത്രമാണ് കള്ള് ശേഖരിക്കുക. ഉച്ചയ്ക്ക് കയറുന്നത് കുല തല്ലി പാകപ്പെടുത്താനും വൃത്തിയാക്കാനുമാണ്.