തക്കാളി നേരിട്ടു വിത്തു പാകുന്നവയല്ല, പറിച്ചു നടുന്നവയാണ്. ഒരു മാസം മുൻപു ശേഖരിച്ച വിത്തുകൾ നടാൻ ഉപയോഗിക്കാം. ഇവ പാകി മുളപ്പിച്ച് ഒരു മാസം പ്രായമാകുമ്പോൾ പറിച്ചു മാറ്റി നടാവുന്നതാണ്. നഴ്സറിയിൽ തൈചീയൽ രോഗബാധ തടയാൻ ട്രൈക്കോഡെർമ ഉപയോഗിച്ചു സമ്പുഷ്ടീകരിച്ച ചാണകം ചേർക്കണം.
ഇതുണ്ടാക്കാൻ 100 കിലോഗ്രാം ഉണക്ക ചാണകത്തിൽ 10 കിലോ വേപിൻപിണ്ണാക്കും ഒരു കിലോ ട്രൈക്കോഡെർമയും ചേർത്തു നനച്ചു രണ്ടാഴ്ച്ച തണലത്തു സൂക്ഷിക്കുക. ഇടയ്ക്ക് ഇളക്കുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുന്നതും രോഗബാധ തടയാനുതകും. ഒരു കിലോ പച്ച ചാണകം 10 ലീറ്റർ വെള്ളത്തിൽ കലക്കി ഇതും ഗോമൂത്രം 8 ഇരട്ടി നേർപ്പിച്ചതും തടത്തിൽ വീഴ്ത്തുന്നത് തൈകളുടെ വളർച്ച മെച്ചപ്പെടുത്തും. നഴ്സറി തടമുണ്ടാക്കുമ്പോൾ പി.ജി.പി. ആർ. മിശ്രിതം ചേർക്കുന്നതു നല്ലതാണ്.
പറിച്ചുനടേണ്ട സ്ഥലത്തെ മണ്ണിൽ രണ്ടാഴ്ച മുൻപായി സെന്റിന് 2 കിലോ എന്ന കണക്കിൽ പച്ചകക്കപ്പൊടി ചേർക്കുക. അടിവളമായി 100 കിലോ കാലിവളമോ കമ്പോസ്റ്റോ ഒരു കിലോ വീതം ട്രൈക്കോഡെർമയും പി.ജി.പി.ആർ. മിക്സും ചേർത്തത്. 15 ദിവസം തണലത്തുവച്ച് ശേഷം ഒരു സെന്റിന് 10 മുതൽ 20 കിലോഗ്രാമെന്ന തോതിൽ ചേർക്കാം.
തട തയാറാക്കി അതിൽ വേണം വിത്തുപാകുവാൻ. ഒരു ചതുരശ്രമീറ്ററിന് 6 ഗ്രാം എന്ന തോതിൽ വിത്തുപയോഗിക്കാം. ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളം നൽകി 15 സെന്റിമീറ്റർ ഉയരത്തിൽ തടം തയാറക്കണം. 5 ചതുരശ്രകിലോമീറ്ററിന് 2 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം മണ്ണുമായി ചേർത്ത് ഇളക്കണം, അതിനു മുകളിൽ നേരിയ കനത്തിൽ മണൽ വിരിക്കണം.
തടത്തിൽ കുറുകെ അര സെന്റിമീറ്റർ താഴ്ചയിൽ ചാലുകീറി വരിയായി വിത്തുവിതച്ചു മൂടണം. ഇല പ്രായമാകുമ്പോൾ തൈകൾ പറിച്ചു നടണം. വരികൾ തമ്മിൽ 75 സെന്റീമീറ്ററും കുഴികൾ തമ്മിൽ 60 സെന്റീമീറ്ററും അകലത്തിൽ ഒരു കുഴിയിൽ രണ്ടു തൈകൾ വീതം നടണം.
രണ്ടാഴ്ച കഴിഞ്ഞ് പുഷ്ടിയുള്ള തൈ നിർത്തിയിട്ട് മറ്റേത് നീക്കം ചെയ്യണം. അടിസ്ഥാനവളം മേൽപ്രസ്താവിച്ചതു പോലെ നൽകിയാൽ മതി. മേൽവളമായി 25 ഗ്രാം യൂറിയ, 35 ഗ്രാം സൂപ്പർഫോ സ്ഫേറ്റ്, 10 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ആറ് ഗൈഡുകളായി നട്ട് 15 ദിവസം കഴിഞ്ഞ് 15 ദിവസത്തിലൊരിക്കൽ മേൽവളമായി ചേർത്തു കൊടുക്കണം. വിത്തുപാകുന്നതു മുതൽ 60-75 ദിവസം കഴിയുമ്പോൾ കായ്കൾ പറിച്ചു തുടങ്ങാം. ഒന്നിടവിട്ടുള്ള ദിവസം വിളവെടുക്കാവുന്നതാണ്.