പാവപ്പെട്ടവന്റെ ഓറഞ്ച് എന്നറിയപ്പെടുന്ന സസ്യമാണ് തക്കാളി. മനോഹരമായ ചുവപ്പുനിറമുള്ള തക്കാളിക്ക് കാണാൻ ഏറെ ഹൃദ്യമാണ്. സുന്ദരിമാരുടെ ചുണ്ടിന്റെ നിറത്തിനെ തക്കാളിപ്പഴത്തിന്റെ നിറത്തോട് ഉപമിക്കാറുണ്ടല്ലോ? ഇതിലടങ്ങിയിട്ടുള്ള ലൈക്കോപ്പീൻ എന്ന വർണ്ണവസ്തുവാണ് ഇതിന് ഈ ചുവപ്പ് നിറം നല്കുന്നത്. തെക്കു പടിഞ്ഞാറൻ അമേരിക്കയിലും മധ്യ അമേരിക്കയിലുമാണ് തക്കാളി ജന്മം കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു. താങ്ങുകളില്ലാതെ ഉയർന്നുനിൽക്കാൻ സാധിക്കാത്ത ദുർബലമായ കാണ്ഡമുള്ള സസ്യമാണ് തക്കാളി.
ഏകദേശം 186 സെ.മീ. വരെ ഇതിന് ഉയരം വയ്ക്കും. സസ്യശാസ്ത്രത്തിന്റെ ഭാഷയിൽ ബെറി എന്ന വിഭാഗത്തിൽപെടുത്തിയിട്ടുള്ള മാംസളമായ ഫലമാണ് തക്കാളിക്ക് എങ്കിലും പഴം എന്നതിനെക്കാൾ പച്ചക്കറി എന്ന വിഭാഗത്തിലാണ് ഇതിനെപെടുത്തിയിട്ടുള്ളത്. പഞ്ചസാരയുടെ അംശം വളരെ കുറവാണ് തക്കാളിക്കയിൽ. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ് എന്നിവ അത്യുത്പാദനശേഷിയുള്ള തക്കാളി ഇനങ്ങളാണ്.
കൃഷിരീതി
നല്ല നീർവാർച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലമാണ് തക്കാളി കൃഷിക്ക് അനുയോജ്യം. വിത്ത് പാകി മുളപ്പിച്ചാണ് തക്കാളിയുടെ തൈകൾ തയ്യാറാക്കുന്നത്. ചാണകപ്പൊടി, മണൽ, മണ്ണ് എന്നിവ തുല്യ അളവിൽ ചേർത്ത് തയ്യാറാക്കിയ പോട്ടിങ് മിശ്രിതം നിറച്ച ചെടിച്ചട്ടികളിലോ, മേല്പറഞ്ഞരീതിയിൽ തയ്യാറാക്കിയ തടങ്ങളിലോ തക്കാളി വിത്തു പാകാം. കൂടാതെ കൂടുതൽ തൈകൾ ഉത്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്ന പക്ഷം പ്ലാസ്റ്റിക് പ്രോട്രേകളിൽ പോട്ടിങ് മിശ്രിതം നിറച്ച് കാൽ ഇഞ്ച് ആഴത്തിലും അര ഇഞ്ച് അകലത്തിലും വിത്തു പാകാം. ഇതു മുളച്ച് രണ്ടാഴ്ചയാകുമ്പോൾ 60 സെ.മീ. വ്യാസമുള്ള ചെടിച്ചട്ടികളിൽ പോട്ടിങ് മിശ്രിതം നിറച്ച് അതിലേക്കു മാറ്റി നടാം.
വേരോടിക്കഴിഞ്ഞാൽ വെയിൽ ലഭ്യമാകുന്നിടത്ത് വയ്ക്കണം. മുപ്പതു ദിവസം കഴിഞ്ഞാൽ ചെടിച്ചട്ടികളിലേക്കോ ചാക്കുകളിലേക്കോ തടങ്ങളിലേക്കോ മാറ്റിനടാം. നടുമ്പോൾ യഥേഷ്ടം വെളിച്ചവും വായു പ്രവാഹവും ലഭിക്കത്തക്ക വിധം ഇടയകറ്റി നടണം. തക്കാളിക്കു നല്ല നന ആവശ്യമാണ്. വളർന്നു തുടങ്ങിയാൽ ആറടി ഉയരമുള്ള താങ്ങുകൾ നല്കി സസ്യത്തെ നിവർന്നു വളരാൻ സഹായിക്കണം. കായ്കളുണ്ടായിത്തുടങ്ങിയാൽ കായ്ക്കാത്ത ശിഖരങ്ങളിൽ ചിലത് വെട്ടിക്കളയണം. ഇടയ്ക്കിടെ ആവശ്യാനുസരണം കമ്പോസ്റ്റ് ചേർത്ത് നനച്ചു കൊടുക്കണം. ഒരു സെറ്റ് സസ്യങ്ങൾ നട്ട് മൂന്നാഴ്ച്ചയ്ക്കുശേഷം അടുത്ത സെറ്റ് തൈകൾ നട്ടാൽ തുടർച്ചയായ വിളവെടുപ്പ് ഉറപ്പാക്കാം.
തക്കാളിക്കുണ്ടാകുന്ന പ്രധാന രോഗബാധ
തക്കാളിക്കുണ്ടാകുന്ന പ്രധാന രോഗബാധ ബാക്ടീരിയൽ വാട്ടമാണ്. പ്രതിരോധശേഷിയുള്ള ഇനങ്ങൾ നട്ടുവളർത്തുകയാണ് ഇതിനുള്ള പ്രതിവിധി. ശക്തി, മുക്തി, അനഘ, പൂസാ റൂബി എന്നിവ ബാക്ടീരിയൽ വാട്ടത്തിനെതിരേ പ്രതിരോധശേഷിയുള്ള ഇനങ്ങളാണ്. ചിലയിടങ്ങളിൽ തക്കാളിപ്പുഴുവിന്റെ ഉപദ്രവവും കാണാറുണ്ട്. പുഴുബാധ തുടക്കത്തിലേ കണ്ടെത്തി പുഴുക്കളെ നശിപ്പിക്കേണ്ടതാണ്.
തക്കാളിക്ക് ഉണ്ടാകുന്ന നിമാവിരബാധ ഒഴിവാക്കാൻ തക്കാളി കൃഷി ചെയ്യുന്ന സ്ഥലത്തിനു ചുറ്റുമുള്ള ചാലുകളിൽ ബന്തിയോ ജമന്തിയോ നട്ടു വളർത്തിയാൽ മതി.
തക്കാളിയെ ബാധിക്കുന്ന രോഗങ്ങളാണ് സർപ്പന്റൈൻ ലീഫ് മൈനർ, ബാക്ടീരിയൽ വാട്ടം, ഇലചുരുളൽ എന്നിവ. തക്കാളി തൈകളുടെ ഇലകളിൽ കൂടി മഞ്ഞകലർന്ന വെള്ളനിറത്തിൽ വളഞ്ഞു പുളഞ്ഞുള്ള പാടുകൾ കാണപ്പെടുന്നതാണ് സർപ്പ ന്റൈൻ ലീഫ് മൈനർ രോഗത്തിന്റെ ലക്ഷണം. വേപ്പെണ്ണ വെള്ളത്തിൽ കലക്കി തളിച്ച് ഇതു നിയന്ത്രിക്കാം. തൈകൾ നടുന്നതിനു മുമ്പ് മണ്ണിൽ കുമ്മായം ചേർക്കുന്നതു ബാക്ടീരിയൽ വാട്ടം ഒഴിവാക്കാൻ സഹായിക്കും. എന്നാൽ ഈ രോഗം ബാധിച്ചു കഴിഞ്ഞാൽ സസ്യം പിഴുതുമാറ്റി നശിപ്പിക്കണം.
തക്കാളിപ്പുഴുവിന്റെ ഉപദ്രവം
തക്കാളിയിലെ ഇലചുരുളൽ, വൈറസ് രോഗം, ബാക്ടീരിയ വാട്ടം എന്നിവയെ ഫലപ്രദമായി ചെറുക്കാൻ കഴിവുള്ള ഈനമാണ് അർക്ക രക്ഷക്. 18 കി. ഗ്രാം. തക്കാ ളിക്കവരെ ലഭിക്കുന്നുവെന്നതാണിതിന്റെ മറ്റൊരു മേന്മ. 90-100 ഗ്രാം ഭാരമുള്ളതും ഗോളാകൃതിയുള്ളതും പഴുക്കുമ്പോൾ കടും ചുവപ്പു നിറമുള്ളതുമാണ് ഇതിന്റെ കായ്കൾ. 15 മുതൽ 20 ദിവസംവരെ കേടാകാതെയിരിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
ഔഷധമൂല്യം
ശരീരത്തിന്റെ പൊതുവായ സ്വാസ്ഥ്യത്തിന് തക്കാളി സഹായകമാണ്.
പ്രോസ്ട്രേറ്റ് കാൻസർ, ശ്വാസകോശം, ഉദരം, ഗർഭാശയം സ്തനങ്ങൾ, വായ, പാൻക്രിയാസ്, അന്നപഥം എന്നിവിടങ്ങളിലെ കാൻസർ എന്നിവ ഒഴിവാക്കാൻ തക്കാളി പതിവായിക്കഴിക്കുന്നതു നല്ലതാണ്. തക്കാളിയിലടങ്ങിയിരിക്കുന്ന ലൈക്കോപ്പീൻ, ഫ്ലാവനോയ്ഡുകൾ എന്നിവ കാൻസറിനെതിരേ പ്രവർത്തിക്കുന്ന ഘടകങ്ങളാണ്.
തക്കാളിയിലടങ്ങിയിരിക്കുന്ന സൾഫർ കരളിന്റെ ആരോഗ്യത്തിനും സീറോസിസ് രോഗം ഒഴിവാക്കുന്നതിനും സഹായിക്കുന്നു.
തക്കാളിയിലടങ്ങിയിരിക്കുന്ന ക്ലോറിൻ, സൾഫർ എന്നിവയുടെ സാന്നിധ്യം കരളിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുക വഴി ശരീരത്തിലെ വിഷപദാർത്ഥങ്ങളെ നിർവ്വീര്യമാക്കാൻ സഹായിക്കുന്നു. ഇപ്രകാരം തക്കാളി രക്തശുദ്ധിക്കു സഹായിക്കുകയും മൂത്രാശയരോഗബാധ തടയുകയും ചെയ്യുന്നു.
തക്കാളിനീര് പോഷകസമൃദ്ധവും ഈർജ്ജദായകവുമായ പാനീയമാണ്. ഇതു ശരീരത്തിലാകമാനം ഉന്മേഷം നല്കാൻ സഹായിക്കുന്നു.
തക്കാളിക്കയിലടങ്ങിയിരിക്കുന്ന ലൈക്കോപ്പീൻ എന്ന ഘടകത്തിന്റെ സാന്നിധ്യത്താൻ രക്തപര്യയനവ്യൂഹത്തിന്റെ ആരോഗ്യം നിലനിർത്താനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സാധിക്കുന്നു.
രക്തക്കുഴലുകളുടെ ഭിത്തികൾക്കു കട്ടികൂടുന്നത് തടയുന്നതിനും രക്താതിസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
പഴുത്തുതുടുത്ത തക്കാളിക്കയിലടങ്ങിയിരിക്കുന്ന ശക്തിയേറിയ നിരോക്സീകാരികൾ ആയ വിറ്റമിൻ ഇ, ലൈക്കോഷീൻ എന്നിവ എൽ ഡി എൽ കൊളസ്ട്രോളിന്റെ ഓക്സികരണം തടയുന്നു.
ത്വക്കിലെ പഴയകോശങ്ങൾക്കു പകരം പുതുകോശങ്ങളുണ്ടാകാൻ സഹായിക്കുക വഴി ത്വക്കിന്റെ സംരക്ഷണത്തിന് തക്കാളി സഹായിക്കുന്നു. തക്കാളിയിലുള്ള വിറ്റമിൻ സി ആണ് ഇതിനു സഹായിക്കുന്നത്. ചർമ്മസംരക്ഷണവസ്തുക്കളിലും സൗന്ദര്യസംരക്ഷണവസ്തുക്കളിലും ഇതു ചേർക്കാറുണ്ട്.
തക്കാളി ജ്യൂസ് ഒരു ഒന്നാം തരം സ്പോർട്ട്സ് ഡ്രിങ്ക് ആണ്. ക്ഷീണം, ഉന്മേഷക്കുറവ്, ഉറക്കം തൂങ്ങൽ, തുടങ്ങിയവയിൽ നിന്ന് മോചനമേകാനിതു സഹായകമാണ്. അതിവേഗം ദഹിക്കുമെന്നതിനാൽ രോഗവിമുക്തരായവർക്കും ഇത് ഒരു നല്ല പാനീയമാണ്.
ബീജാണുക്കളുടെ എണ്ണം കൂട്ടുന്നതിനും വന്ധ്യത ഇല്ലാതാക്കുന്നതിനും തക്കാളി പ്രയോജനകരമാണ്. . തക്കാളി മലബന്ധം തടയുന്നു.
പഴുത്ത തക്കാളിക്ക് രക്തശുദ്ധിക്കും നാഡികൾ ബലപ്പെടുന്നതിനും നല്ലതാണ്.
അതിലടങ്ങിയിരിക്കുന്ന വിറ്റമിൻ സിയുടെ സാന്നിധ്യത്താൽ മോണയിൽ നിന്നുള്ള രക്തസ്രാവം തടയാനും സർവ്വി രോഗം തടയാനും തക്കാളിക്കു കഴിയും. പല്ലുകൾ മോണയിൽ നന്നായി ഉറച്ചിരിക്കാനും ഇത് സഹായിക്കുന്നു.
വിറ്റമിൻ എ അടങ്ങിയിട്ടുള്ളതിനാൽ നിശാന്ധതയെ തടയാൻ തക്കാളിക്കു കഴിയും. വിറ്റമിൻ കെയുടെ സാന്നിധ്യത്താൽ രക്തക്കട്ടകളുണ്ടാകാതെ സൂക്ഷിക്കുകയും രക്തപര്യയനം സുഗമമാക്കുകയും ചെയ്യുന്നു. കുട്ടികളുടെ ബുദ്ധിവികാസത്തിനും വളർച്ചയ്ക്കും തക്കാളിക്ക് പ്രയോജനകരമാണ്.
മേല്പറഞ്ഞ ഗുണമേന്മകളുണ്ടെങ്കിലും തക്കാളിക്കയിൽ ഓക്സാലിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ പാലിനോടൊപ്പം തക്കാളിക്ക കഴിച്ചാൽ വൃക്കയിലെ കല്ല് ഉണ്ടാകുമെന്നു പറയുന്നു