Tomato Farming തക്കാളിയിൽ അന്നജം, പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഡി. എന്നിവ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം തക്കാളിയിൽ 94% ജലാംശം ആണ് 0.8 ഗ്രാം നാരുകളും, 0.90 ഗ്രാം പ്രോട്ടീനും, 3.6 ഗ്രാം അന്നജവും അടങ്ങിയിരിക്കുന്നു. കൂടാതെ തയാമിൻ, നയാസിൻ, ഫോളിക് ആസിഡ്, കരോട്ടിൻ, ഓക്സാലിക്ക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്.
നിലം ഒരുക്കലും നടീലും
മണ്ണിൽ നേരിട്ടോ, ചെടിച്ചട്ടിയിലോ ചാക്കിലോ ഗ്രോബാഗിലോ തക്കാളി ചെടി വളർത്താം. (വിത്ത് പാകി തക്കാളി തൈകൾ മാറ്റി നടുന്നതാണ് നല്ലത്) 1 സെന്റ് കൃഷിക്ക് 2 ഗ്രാം വിത്ത് മതിയാവും. തണ്ട് നല്ല ഉറപ്പ് വന്നതിന് ശേഷം പറിച്ച് നടുക. നടാൻ തിരഞ്ഞെടുക്കുന്ന സ്ഥലം രണ്ട് മൂന്നു തവണ നന്നായി കിളച്ചു മറിച്ച് നിരപ്പാക്കണം, ഇതിൽ കല്ലും കട്ടയും ഉണ്ടെങ്കിൽ അത് നീക്കം ചെയ്യണം. ചാണകപ്പൊടി മണ്ണിര കമ്പോസ്റ്റ്, കമ്പോസ്റ്റ്, പാറപ്പൊടി (തൈ ഒന്നിന് 20 ഗ്രാം) എന്ന തോതിൽ മിക്സ് ചെയ്ത് ഇതിലേക്ക് തൈകൾ പറിച്ചു നടാം. തൈകൾ സ്യൂഡോമോണസ് ലായനിയിൽ മുക്കി നട്ടാൽ നല്ലത്.
പരിപാലന മുറകൾ
കൃഷിസ്ഥലം തിരഞ്ഞെടുക്കുമ്പോൾ നല്ല വെയിൽ ലഭിക്കുന്ന സ്ഥലമാണ് നല്ലത്. തക്കാളിക്ക് കരുത്ത് കുറവായതിനാൽ കമ്പുകൾ നാട്ടി ഇവയ്ക്ക് താങ്ങു കൊടുക്കണം. താങ്ങ് നൽകുന്നത് നന്നായി കായ്ക്കുവാനും കായ്കൾക്ക് നല്ല നിറം ലഭിക്കുന്നതിനും കായ്കൾ മണ്ണിൽ പറ്റി കേടാകാതിരിക്കാനും സഹായിക്കുന്നു. ചെറു ശിഖരങ്ങൾ മുറിച്ചു നീക്കിയാൽ കായ്കൾ നന്നായി പിടിക്കും.
വളങ്ങളും കീടനിയന്ത്രണികളും
തക്കാളി തൈകൾ പറിച്ചു നട്ട് 10 ദിവസം കഴിയുമ്പോൾ മുതൽ പഞ്ചഗവ്യം, അമൃതപാനി, ജീവാമൃതം ഇവയിൽ ഏതെങ്കിലുമൊന്ന് പതിനഞ്ചു ദിവസത്തിലൊരിക്കൽ ഒഴിച്ചു കൊടുക്കുന്നത്. വളർച്ചയ്ക്ക് നല്ലതാണ്.
ചെടികളിൽ രോഗമോ കീടമോ വരുന്നതുവരെ ജൈവകീട നിയന്ത്രണ ഉപയോഗിക്കാൻ കാത്തിരിക്കരുത്. ചെടി നട്ട് ഒരു നിശ്ചിത ദിവസത്തിലൊരിക്കൽ (അതായത് ചെടി നട്ട് പത്താം ദിവസം വളം നൽകുകയാണെങ്കിൽ ഇരുപതാം ദിവസം കീടനിയന്ത്രണി പ്രയോഗിക്കാം.) ഇങ്ങനെ ഇവ പത്ത് ദിവസം ഇടവിട്ട് പ്രയോഗിക്കുന്നത് കീടങ്ങൾ വരുന്നത് തടയാൻ നല്ലതാണ്.
അതിനായി വേപ്പെണ്ണ വെളുത്തുള്ളി ഇഞ്ചി മിശ്രിതം 100 മില്ലി 12 ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ഇലകളുടെ അടിയിലും മുകളിലുമായി നനയുന്ന രീതിയിൽ തളിക്കുക. അല്ലെങ്കിൽ ഗോമൂത്രം കാന്താരി മിശ്രിതം പത്ത് മടങ്ങ് വെള്ളം ചേർത്ത് തളിക്കുകയും ചെയ്യാം.
വിളവെടുപ്പ്
തക്കാളിയുടെ ഇനം, കൃഷി ചെയ്തിരിക്കുന്ന രീതി, മണ്ണിന്റെ ഘടന എന്നിവയെ ആശ്രയിച്ചിരിക്കുന്നു അതിന്റെ വളർച്ച. തക്കാളിയുടെ പച്ചനിറം മാറി മഞ്ഞനിറം വരുന്ന സമയത്ത് അവ പറിച്ചെടുത്ത് ഉപയോഗിക്കാം. വ്യാവസായികമായി കൃഷിയുള്ള തോട്ടങ്ങളിൽ നിന്ന് ചന്തയിൽ വിൽപ്പനയ്ക്ക് ആണെങ്കിൽ മുഴുവനായി പഴുത്ത കായ്കളും ശേഖരിക്കാം.