തിളങ്ങുന്ന തീരെ ചെറിയ ഇലകളും പടരുന്ന സ്വഭാവവുമാണ് "ട്രഡ്‌സ്കാൻഷ്യ' എന്ന അലങ്കാര ഇലച്ചെടിയുടെ സവിശേഷത. ഏത് സാഹചര്യത്തിലും വളരാൻ ഇതിനുകഴിയും. തൂക്കു ചട്ടികളിലും നിലത്തും ഇത് നന്നായി വളരും. ഭാഗികമായി തണലുള്ള സ്ഥലങ്ങളിലും ഡസ്കാൻഷ്യ വളരും. ചെങ്കുത്തായ സ്ഥലങ്ങളിൽ നട്ടു പിടിപ്പിച്ചാൽ ഡസ്കാൻഷ്യ തറയാകെ കാർപെറ്റ് വിരിച്ചതുപോലെ നിറഞ്ഞു വളരും. വലിയ ഗൃഹോദ്യാനങ്ങളിൽ ഡസ്കാൻഷ്യ നിലം പറ്റെ വളർത്തി ഭൂമിക്ക് പച്ചിമയാർന്ന ആവരണം നൽകാൻ ഉദ്യാനപ്രേമികൾ ശ്രമിക്കുന്നതായി കാണാം.
അമിതമായ സൂര്യപ്രകാശം ഈ ചെടിയുടെ ഇലകൾ പൊള്ളിക്കും. ചെടി വളരുന്നതനുസരിച്ച് അഗ്രഭാഗം നുള്ളിക്കൊടുത്താൽ അത് കൂടു തൽ കരുത്തോടെ പടർന്നു വളരും. വളരുന്ന ചെടിയുടെ അഗ്രഭാഗം 10 സെന്റിമീറ്റർ നീളത്തിൽ മുറിച്ചു നട്ടാണ് പുതിയ തൈകൾ ഉണ്ടാക്കുന്നത്. മണ്ണും മണലും ചാണകപ്പൊടിയും കലർത്തി തയാറാക്കുന്ന പോട്ടിങ് മിശ്രിതത്തിൽ അഗ്രഭാഗം നട്ട് വേരു പിടിപ്പിച്ചതിനുശേഷം മാറ്റി നടുന്നതു നല്ലതാണ്.
"ഡസ്കാൻഷ്യ ബ്ലോൽഡിയാന' എന്ന ഇനത്തിന്റെ ഇലകൾ കടും പച്ചനിറമുള്ളതും അടിവശം പർപ്പിൾ നിറത്തോടു കൂടിയതുമാണ്. “ഡസ്കാൻഷ്യ ആൽബിഫയുടെ കടുംപച്ച ഇലകളിൽ ക്രീമും പിങ്കും നിറമുള്ള വരകളുണ്ടാവും.
ഡസ്കാൻഷ്യ വളർത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കാനുള്ള സംഗതി അതിന് അമിതമായ ജലസേചനം പാടില്ല എന്നതാണ്. അമിത ജലസേചനം ഇലകളുടെ നിറം കുറയാൻ ഇടയാക്കും. എന്നു മാത്രമല്ല, ഡസ്കാൻഷ്യ വളർത്തുന്ന പരിചയസമ്പന്നരായ ഉദ്യാനപാലകർ ഇടയ്ക്കിടയ്ക്ക് ചട്ടിയിലെ മാധ്യമം വെള്ളമില്ലാതെ ഉണങ്ങാനനുവദിക്കാറുണ്ട്. ഇലകളുടെ നിറം തെളിയാൻ ഇതു നല്ലതാണെന്നു കരുതുന്നു. നിറം മങ്ങിയ ഇലകൾ ചെടിയിൽ നിർത്തരുത്; അവ യഥാസമയം നീക്കണം.
ഒരു കാര്യം കൂടി - ഒറ്റയ്ക്ക് വളർത്തുന്നതിനേക്കാൾ ഡസ്കാഏഷ്യ കൂട്ടമായി വളർത്തുന്നതാണ് ഭംഗി. ചട്ടിയിലായാലും തറയിൽ ആയാലും ഇതു തന്നെയാണ് നല്ലതും. ബ്രസീലിൽ നിന്നാണ് ഈ ഇലച്ചെടി നമ്മുടെ നാട്ടിൽ എത്തിയത്.