തലമുറകള്‍ കൈമാറിക്കിട്ടിയ നാട്ടറിവുകള്‍ കൃഷിയില്‍ ഏറെ സഹായകരമാണ്. വര്‍ഷങ്ങളായി പ്രയോഗിച്ചു തഴക്കം വന്ന ചില നാട്ടറിവുകള്‍.
1. വിത്തിനായി ഏറ്റവും ആദ്യത്തെതും അവസാനത്തെയും കായ്കള്‍ എടുക്കരുത്.
2.വിത്തും നടാനുള്ള ചെടികളുടെ വേരും സൂഡോമോണോസില്‍ മുക്കിയാല്‍ രോഗ -കീടബാധ കുറയും.
3. മഴക്കാലത്ത് തടം ഉയര്‍ത്തിയും വേനല്‍ക്കാലത്ത് തടം താഴ്ത്തിയും പച്ചക്കറി കൃഷി ചെയ്യുക.
4. വിത്ത് നടേണ്ട ആഴം വിത്തിന്റെ വലുപ്പത്തില്‍
5. ഒരേ വിള ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
6. നടുന്നതിന് മുന്‍പ് വിത്ത് അഞ്ച് മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ക്കുന്നതു പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കും.
7. ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നതു തടസമില്ലാതെ വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും.
8.കുമ്മായം ചേര്‍ത്തു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞേ തൈകള്‍ നടാവു.എന്നാൽ കക്കാപൊടി ചേർക്കുകയാണെങ്കിൽ ഉടനെ തന്നെ നടവുന്നതാണ്.
9. പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം.
10. തൈകള്‍ കരുത്തോടെ വളരാന്‍ നൈട്രജന്‍ വളങ്ങള്‍ തുടക്കത്തില്‍ കൊടുക്കുക.
11. വെണ്ട പറിച്ചു നടുന്ന ഇനമല്ല. തടമെടുത്ത് നേരിട്ട് നടുന്നതാണു നല്ലത്.
12. വിത്ത് തടത്തിലെ ഉറുമ്പ് ശല്യമൊഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി – കറിക്കായം മിശ്രിതം ഉപയോഗിക്കണം.
13. വിളകള്‍ക്ക് പുതയിടുന്നത് മണ്ണില്‍ ഈര്‍പ്പവും വളക്കൂറും നിലനിര്‍ത്താന്‍ സഹായിക്കും.
14. അസിഡിറ്റി കൂടിയ മണ്ണ് തക്കാളി കൃഷിക്ക് ചേര്‍ന്നതല്ല. കക്ക്പൊടി ചേർന്ന വസ്തുക്കള്‍ മണ്ണിൽ ചേര്‍ത്ത് ഒരാഴ്ച്ചയ്ക്ക് ശേഷം നടുക.
15. പച്ച ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി നടുന്നതു രോഗബാധ കുറയ്ക്കാന്‍ സഹായിക്കും.
16. ചീരയ്ക്ക് ജലസേചനം നടത്തുമ്പോള്‍ ഇലകളില്‍ തളിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെളി തെറിച്ചാല്‍ ഇലപ്പുള്ളി രോഗത്തിന് കാരണമാവും
17. ചീരയ്ക്ക് ചാരം നല്ലതല്ല അധികമായാല്‍ പെട്ടെന്ന് പൂവിടാന്‍ കാരണമാകും.
18. തൈ നടലും വളപ്രയോഗവും അതിരാവിലെയോ വൈകിട്ടോ മാത്രം നടത്തുക.
19. വിളകള്‍ക്ക് വളം നല്‍കുമ്പോള്‍ ചുവട്ടില്‍ (മുരടില്‍) നിന്ന് അല്‍പ്പം വിട്ടേ നല്‍കാവു.
20. വേരു മുറിയാതെ മണ്ണ് ചെറുതായി ഇളക്കി വളം നല്‍കിയാല്‍ വേരോട്ടത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.
21. കടലപ്പിണ്ണാക്ക് കുതിര്‍ത്തതിന്റെ തെളി മണ്ണിലൊഴിച്ചുകൊടുക്കുന്നത് ചെടികളുടെ ആരോഗ്യം വര്‍ധിപ്പിക്കും.
22. പച്ചിലവളങ്ങള്‍ ഉപയോഗിക്കുന്നത് മണ്ണില്‍ ജൈവാശം വര്‍ധിക്കാന്‍ സഹായിക്കും.
23. ജൈവവളങ്ങളുടെ കൂടെ ട്രൈകോഡെര്‍മ ചേര്‍ത്തു നല്‍കുക.
24. ജീവാണുവളങ്ങളും രാസവളങ്ങളും ഒരുമിച്ച് ഉപയോഗിക്കാതിരിക്കുക.
25. ജീവാണുവളങ്ങള്‍, മിത്രകുമിളുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം ഉറപ്പാക്കുക.
26. നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചും വെള്ളം ശക്തിയായി ഇലയുടെ അടിയില്‍ സ്പ്രേ ചെയ്തും
നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
27. നീറിനെ ചെടികളില്‍ വയ്ക്കുന്നത് കീടനിയന്ത്രണത്തിന് സഹായിക്കും.
28. ബന്ദിച്ചെടികള്‍ പച്ചക്കറി തടത്തില്‍ നടുന്നത് കീടങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.
29. വൈറസ് രോഗം ബാധിച്ച ചെടികള്‍ ഉടന്‍ തന്നെ പിഴുതുമാറ്റി നശിപ്പിക്കുക.
30. ചീര വിളവെടുപ്പിനു പാകമാകുമ്പോള്‍ വേരോടെ പറിക്കാതെ മുറിച്ചെടുത്തിട്ട് വളം ചേര്‍ത്തു കൊടുത്താല്‍ വീണ്ടും വിളവെടുക്കാം.
31. പാവല്‍, പടവലം തുടങ്ങിയവയുടെ കായ്കള്‍ കൂടുകൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുക.
32. ഗോമൂത്രം അഞ്ചിരട്ടി വെള്ളം ചേര്‍ത്തു വിളകള്‍ക്ക് ആഴ്ചയിലൊരിക്കല്‍ തളിക്കുന്നതു കീടങ്ങളെ അകറ്റും.
33. ഇലതീനിപ്പുഴുക്കള്‍, തണ്ടും കായും തുരക്കുന്ന കീടങ്ങള്‍ എന്നിവയ്ക്കെതിരേ വേപ്പിന്‍കുരു സത്ത് ഉപയോഗിക്കുക.
34. ട്രൈക്കോഡര്‍മ എന്ന മിത്രകുമിള്‍ മണ്ണില്‍ ചേര്‍ക്കുന്നത് രോഗകാരികളായ കുമിളുകളെ നിയന്ത്രിക്കാന്‍ സഹായിക്കും.
35. ചട്ടികളിൽ, ഗ്രോ ബാഗുകളിൽ ആദ്യമേതന്നെ വക്കുവരെ നിറയ്ക്കുക.. വേരുകൾ വളരാൻ വശങ്ങളിലേക്കും ആഴത്തിലേക്കും നീങ്ങാൻ അതാണ് ഉപകരിക്കുക..പിന്നീടുള്ള ചേർക്കൽ വേരുകൾക്ക് സഹായകമാകില്ല.. അതുകൊണ്ട് നടുമ്പോൾ തന്നെ ആവശ്യാനുസരണം വേരുൾക്ക് നീങ്ങാനുള്ള തരത്തിൽ വ്യാപ്തി ഉണ്ടാകുന്നത് നല്ലത്.. കൂടാതെ വളം എത്ര അളവിൽ, ഏതു സമയ ക്രമത്തിൽ നടത്തുന്നു എന്നതും ജലസേചനം ഏതുരീതിയിൽ നടത്തുന്നു എന്നതും പ്രകാശം ഏതളവിൽ ലഭിക്കുന്നു എന്നതും പ്രാധാന്യത്തോടെ കാണുക..
36. കറിവേപ്പ് അരയാള്‍ പൊക്കം വെച്ചാല്‍ തലപ്പ് നുള്ളി വിടാം. തുടര്‍ന്ന് കൂടുതല്‍ ശിഖരങ്ങളായി വിളവ് വര്‍ധിക്കാനിതു സഹായിക്കും.