മാമ്പഴത്തിന്റെ വിളവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് കനോപ്പി പരിപാലനം. കനോപ്പി പരിപാലനത്തിലൂടെ ചെടികൾക്ക് കൂടുതൽ സൂര്യപ്രകാശം ലഭിക്കുകയും അതിലൂടെ ഉത്പ്പാദനം വർദ്ധിക്കുകയും ചെയ്യുന്നു. കാർഷിക മുറകൾ എളുപ്പത്തിൽ ചെയ്യാനും, ഉത്പാദന ചെലവ് കുറക്കാനും സഹായകമാകുന്നു.
അതിസാന്ദ്രത കൃഷി ചെയ്യുന്നതിന് ചെടിയുടെ സ്വാഭാവിക രൂപവും ആകൃതിയും പ്രൂണിങ് വഴി മാറ്റം വരുത്തേണ്ടതുണ്ട്. ശാസ്ത്രീയ രീതീയിൽ പ്രൂണിങ് നടത്തിയാൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. ചെടിയുടെ ഉത്പാദനത്തിന് സഹായകരമല്ലാത്ത ശാഖകൾ മുറിച്ചു മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്. കൂടാതെ വായു സംക്രമണം വർധിക്കുവാനും, കീടരോഗ ബാധ തടയാനും സഹായിക്കും.
മാവിൻ്റെ കനോപ്പി പരിപാലനം രണ്ടു തരത്തിലുണ്ട്
ട്രെയിനിങ്: ചെടിയുടെ വളർച്ചയുടെ ആദ്യ ഘട്ടത്തിലുള്ള കനോപ്പി പരിപാലനം.
ചെടിയുടെ വളർച്ചയുടെ തുടക്കത്തിൽ തന്നെ ചെയ്യുന്ന കൊമ്പു കോതലിനെയാണ് ട്രെയിനിങ് എന്ന് പറയുന്നത്. ചെടിയെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ചെടി നട്ടത് മുതൽ ഉത്പ്പാദനം ആരംഭിക്കുന്ന സമയം വരെ (3 വർഷം) ആണ് ട്രെയിനിങ്ങിൻ്റെ കാലഘട്ടം. നല്ല ശാഖാ ബലമുള്ള ചെടികൾക്ക് മാത്രമേ ഫലങ്ങളുടെ ഭാരം താങ്ങാൻ സാധിക്കുകയുള്ളൂ.
ബലമുള്ളതായ ശിഖരങ്ങളടങ്ങിയ ചെടി രൂപപ്പെടുത്തിയെടുക്കാൻ താഴെ പറയുന്ന കാര്യങ്ങൾ അനുവർത്തിക്കേണ്ടതാണ്.
ചെടി നട്ടതിനു ശേഷം (ഏപ്രിൽ-മെയ് ) ഒരു മീറ്റർ പൊക്കം വരെ വളരാൻ അനുവദിക്കുക
ചെടിയിൽ നിന്നും ഒന്നാം തര ശിഖരങ്ങൾ (primary branches) പൊട്ടുന്നതിനു ഒക്ടോബർ-നവംബർ മാസമാകുമ്പോൾ, ചെടി 60 -70 സെ. മീ. പൊക്കത്തിൽ അറ്റം മുറിക്കുക (മുറിവ് മുകുള വലയത്തിന്റെ ഒരു ഇഞ്ച് താഴെയായിരിക്കണം)
മാർച്ച് -ഏപ്രിൽ മാസമാകുമ്പോൾ 3 -7 ഒന്നാം 00 ശിഖരങ്ങൾ ചെടിയിൽ ഉണ്ടാകുന്നു. കൂടുതലായിട്ടുള്ള ശിഖരങ്ങൾ നീക്കം ചെയ്‌ത് വിവിധ ദിശകളിലേക്ക് നിൽക്കുന്ന 3 - 4 കൊമ്പുകൾ നിലനിർത്തുന്നു
ഒക്ടോബർ നവംബർ മാസമാകുമ്പോൾ നിലനിർത്തിയിട്ടുള്ള ഒന്നാം തര ശിഖരങ്ങൾ 60 -70 സെ. മീ. ഉയരത്തിൽ മുറിച്ചു മാറ്റേണ്ടതാണ്. ഇത് രണ്ടാം തര ശിഖരങ്ങൾ (secondary branches) പൊട്ടുന്നതിനു സഹായിക്കുന്നു.
ഒരു ഒന്നാം തര ശിഖരത്തിൽ 2 മുതൽ 3 വരെ പുതിയ രണ്ടാം തര ശിഖരങ്ങൾ നിലനിർത്തി അധികമായിട്ടുള്ളവ നീക്കം ചെയ്യേണ്ടതാണ്
ഓരോ രണ്ടാം തര ശിഖരത്തിൽ നിന്നും 2 മുതൽ 3 വരെ മൂന്നാം തര ശിഖരങ്ങൾ (tertiary branches) 3 നിലനിർത്തിക്കൊണ്ട് അധികമായിട്ടുള്ള മൂന്നാം തര ശിഖരങ്ങൾ നീക്കം ചെയ്യേണ്ടതാണ്,
ഇത്തരത്തിൽ രൂപപ്പെടുത്തിയ ചെടികൾ മൂന്നാം തര ശിഖരങ്ങളിൽ പൂവിട്ടു തുടങ്ങും. മൂന്ന് വർഷത്തിന് മുൻപ് ഉണ്ടാകുന്ന പൂക്കൾ നീക്കം ചെയ്യേണ്ടതാണ്.