ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വ്യാപകമായി തൈകൾ നടുന്ന തിരക്കിലാണ് നമ്മളിൽ പലരും . ജൂൺ 5 ന് മാത്രമായി ഒതുങ്ങി പോകേണ്ടതല്ല മരം/ ചെടികൾ നടുന്ന പ്രവൃത്തി എന്ന് എല്ലാവരും സമ്മതിക്കും.
എന്നാൽ ലോക ഭൗമ ദിനത്തിനോ ജൈവ വൈവിധ്യ ദിനത്തിനോ ലഭിക്കാത്ത പ്രചാരം ലോക പരിസ്ഥിതി ദിനത്തിന് ലഭിക്കാനുള്ള കാരണം മഴക്കാല / മൺസൂൺ നൽകുന്ന അനുകൂല കാലാവസ്ഥ ആണ്. ഈ ഒരു കാലാവസ്ഥയിൽ ഒട്ടുമിക്ക മര തൈകളും നടാൻ നമുക്ക് സ്വീകരിക്കാവുന്ന രീതി ഒന്ന് പരിശോധിക്കാം.
തൈകൾ നടുന്ന രീതി (Way of planting seeds)
മരങ്ങൾ അവയുടെ സ്വഭാവം അനുസരിച്ച് നടുന്ന തൈകൾ തമ്മിൽ 2 .5 x 2 .5 മീറ്റർ 3 x 3 മീറ്റർ അകലം ആണ് സാധാരണ നൽകി വരുന്നത്.
രണ്ട് അടി സമ ചതുരത്തിലും ആഴത്തിലുമായി കുഴി എടുക്കുന്നതാണ് നല്ലത്.
കുഴിക്കുന്ന അവസരത്തിൽ മേൽമണ്ണ് (Top soil) ആദ്യം ഏതെങ്കിലും ഒരു ഭാഗത്ത് നിക്ഷേപിക്കുകയും ബാക്കിയുള്ളവ മറ്റൊരു ഭാഗത്തും നിക്ഷേപിക്കുക.
കുഴിയിലെ മുഴുവൻ മണ്ണും നീക്കംചെയ്യുന്നതിന് പകരം മുക്കാൽ ഭാഗം കുഴിച്ചശേഷം ബാക്കി മണ്ണ് കിളച്ച് കുഴിയിൽ അടിവളം ചേർത്ത് മണ്ണുമായി ചേർത്ത് നല്ലത് പോലെ കിളച്ചിടുക.
അടിവളം ആയി ഒരുപിടി കുമ്മായം/ ഡോളോമൈറ്റ്, ചാണകപ്പൊടി, ചാരം, കോഴിവളം, പൊടിച്ച ആട്ടിൻവളം, വേപ്പിൻ പിണ്ണാക്ക് , എല്ല് പൊടി എന്നിവയിൽ ലഭ്യമായ വളങ്ങൾ ചേർത്ത് കൊടുക്കാം.
ഇതിൽ അടിസ്ഥാന വളങ്ങൾ ആയ നൈട്രജൻ, ഫോസ്‌ഫറസ് , പൊട്ടാഷ് എന്നിവയുടെയും മറ്റ് മൂലകങ്ങളുടെയും ലഭ്യത ഉറപ്പ് വരുത്താം.
വളർച്ചക്ക് ആവശ്യമായ നൈട്രജനും വേര് പടലങ്ങളുടെ വളർച്ചക്ക് ആവശ്യമായ ഫോസ്‌ഫറസ് , സ്റ്റോമാറ്റയുടെ പ്രവർത്തനത്തിനും രോഗപ്രതിരോധത്തിനും പൊട്ടാസിയവും ഉപകരിക്കുന്നു.
വളം ചേർത്ത് മിക്സ് ചെയ്ത മണ്ണിന് മുകളിൽ ചെറിയൊരു അടുക്ക് മേൽമണ്ണ് ഇട്ട ശേഷം തൈകൾ (പ്ലാസ്റ്റിക് കവർ മാറ്റി) വേരിന് ക്ഷതം ഏൽക്കാതെ മണ്ണിൽ വെച്ചതിന് ശേഷം ആദ്യം നീക്കിവെച്ച മേൽമണ്ണ് നിറക്കുന്നു.
വേരിന് മുകൾഭാഗം മുഴുവനായും മൂടിയ ശേഷം കുഴിയുടെ നാല് ഭാഗത്ത് നിന്നും മണ്ണ് കിളച്ച് ബാക്കി കൂടി നികത്തുന്നു. ഇങ്ങനെ വരുമ്പോൾ കുഴിയിൽ പരമാവധി ഫലഭൂയിഷ്ട്മായ മേൽമണ്ണ് ലഭിക്കുന്നു.
കുഴിമൂടി വെള്ളം കെട്ടി നിൽക്കില്ല എന്ന് ഉറപ്പ് വരുത്തണം.
ഗ്രാഫ്ട് തൈകൾ നടുമ്പോൾ ഒട്ടിച്ച ഭാഗം മണ്ണിന് മുകളിൽ വന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
മാവ്,പ്ലാവ്,ഒട്ടുമിക്ക ഫലവൃക്ഷങ്ങൾ എന്നിവയൊക്കെ മേൽ രീതിയിൽ നടാം.
ചെടിയിൽ പുതിയ തളിരിലകൾ വരുന്നതോടെ ആദ്യഘട്ട വളം നൽകാം.
തടി ലഭിക്കാനായി നട്ട് പിടിപ്പിക്കുന്ന തേക്ക് തൈകൾ നടുമ്പോഴും മേൽ രീതി പിന്തുടരാം , എന്നാൽ തേക്കിന് Taproot ( നാരായ വേര് ) ഇല കൂടാതെ വീതിയേറിയ ഇലകൾ കാറ്റ് പിടിക്കും എന്നതിനാൽ പലപ്പോഴും തേക്ക് മരം വേരോടെ കടപുഴകി വീഴുന്ന പ്രശനം ഉടലെടുക്കും ആയതിനാൽ ഇത്തരം മരങ്ങൾ പുരയിടത്തിൽ നിന്നും അകലെയായി മാത്രം നട്ട് പിടിപ്പിക്കുവാൻ ശ്രദ്ധിക്കുക .
തേക്കിന്റെ വശങ്ങളിലുള്ള ശിഖരങ്ങൾ വർഷത്തിൽ മുറിച്ച് നീക്കേണ്ടതുമുണ്ട്.
എന്നാൽ നടാൻ ഉപയോഗിക്കുന്നത് *തേക്ക് (teak) സ്റ്റമ്പ്* ആണെങ്കിൽ ( സ്റ്റമ്പ് എന്നാൽ ഒരു വർഷത്തിലധികം പ്രായമുള്ള തേക്ക് തൈകളുടെ തലപ്പ് മുറിച്ച് നീക്കിയത്) പാരകൊണ്ട് കുഴിയെടുത്ത് അതിൽ നട്ട് പിടിപ്പിക്കുന്നത് ആണ് നല്ലത്.
മഹാഗണി പോലുള്ള ചില വൃക്ഷങ്ങളുടെ ശിഖരങ്ങൾ
( അരികിലുള്ളവ ഉൾപ്പെടെ) ഒരുകാരണവശാലും മുറിക്കുവാൻ പാടില്ല. ഇത്തരം പ്രവൃത്തി ആ മരത്തിന്റെ വളർച്ച മുരടിപ്പിക്കും.
നിലവിലുള്ള പ്ലാന്റെഷനുകളിൽ ലാഭത്തിന്റെ കാര്യത്തിൽ ഏറ്റവും ഉന്നത സ്ഥാനം അലങ്കരിക്കുന്നതും എന്നാൽ ആളുകൾ നട്ട് പിടിപ്പിക്കുവാൻ ധൈര്യം കാട്ടാത്തതുമായ ചന്ദന തൈകൾ നടുമ്പോൾ അതിന്റെ കൂടെ മറ്റൊരു ചെറു ചെടികൂടി നടേണ്ടതുണ്ട് കാരണം ചന്ദനത്തിന്റെ വേരുകൾ മറ്റ് സസ്യങ്ങളുടെ വേരുകളോട് ചേർന്ന് മാത്രമാണ് മണ്ണിലൂടെ സഞ്ചരിക്കാറുള്ളത്.(Semi parasite Charector ). പരാദ സ്വാഭാവമുള്ള വേരുകൾ ചന്ദനത്തിന്റെ പ്രത്യേകതയാണ്.