കേരളത്തിന്റെ കാലാവസ്‌ഥയിൽ ചിപ്പിക്കൂൺകൃഷി മികച്ച ഉൽപാദനം നൽകുന്നുണ്ട്. 20-30 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ ഊഷ്‌മാവിലാണ് ചിപ്പിക്കൂൺ നല്ല വിളവു തരുന്നത്. ജൂൺ മുതൽ ഡിസംബർ വരെ കാലയളവാണ്. കൃഷിക്കു കൂടുതൽ യോജ്യമെങ്കിലും അനുകൂല സൗകര്യങ്ങളൊരുക്കി വർഷം മുഴുവൻ കൃഷി ചെയ്യാം. കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കാവുന്ന വിള കൂടിയാണ് ചിപ്പിക്കൂൺ. പൊതുവേ ഉപയോഗിക്കുന്ന വളർച്ചാമാധ്യമം വൈക്കോലാണ്.
റബർ പോലുള്ള ലഘുവൃക്ഷങ്ങളുടെ പൊടിയാണു നന്ന്. പ്ലൈവുഡ് കമ്പനികൾ ഏറെയുള്ള പെരുമ്പാവൂരിൽ വൈക്കോലിനെക്കാൾ കുറഞ്ഞ വിലയ്ക്ക് അറക്കപ്പൊടി സുലഭം. വൈക്കോൽബെഡിൽ കൃഷി ചെയ്യുമ്പോൾ 3 തവണയാണ് വിളവു ലഭിക്കുക. അതു തന്നെ ക്രമേണ കൂണിന്റെ വലുപ്പം കുറഞ്ഞു വരും. എന്നാൽ, അറക്കപ്പൊടി ബെഡിൽനിന്ന് 5 വട്ടം വിളവെടുക്കാം. അതിൽ ആദ്യ 3 വട്ടവും നല്ല വലുപ്പമുള്ള കൂൺ ലഭിക്കുകയും ചെയ്യും.
അറക്കപ്പൊടി പുഴുങ്ങി അണുനാശനം വരുത്തുന്നതെല്ലാം വൈക്കോലിനെ പ്പോലെ തന്നെ. അതേ സമയം, വൈക്കോൽ അമർത്തി നിറയ്ക്കുന്ന ആയാസമില്ല അറക്കപ്പൊടി ബെഡ് തയാറാക്കാൻ. സ്ത്രീകൾക്കും പ്രായമായവർക്കും പോലും ദിവസം കൂടുതൽ ബെഡുകൾ നിർമിക്കാനുമാകും. വിളവെടുപ്പുകാലയളവിൽ അറക്കപ്പൊടി ബെഡിൽ നിന്ന് ആകെ ഒന്നേ കാൽ കിലോയോളം കൂൺ ലഭിക്കും എന്നാൽ, വൈക്കോൽ ബെഡിൽ നിന്ന് പൊതുവേ ഒരു കിലോയിൽ താഴെയാകും ഉൽപാദനം.