കിഴങ്ങുവിളകൾ ജൈവരീതിയിൽ കൃഷിചെയ്യാൻ ഒരുങ്ങുമ്പോൾ
- കിഴങ്ങുവിളകൾ നടാനുള്ള സ്ഥലം വൃശ്ചികം ധനുമാസങ്ങളിൽ (നവംബർ ഡിസംബർ) തന്നെ കിളച്ചൊരുക്കിയിടുക.
- മണ്ണിലെ അമ്ലതപരിഹരിക്കുവാൻ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമായ കാത്സ്യം വസ്തുക്കൾ പുതുമഴയോടെ മണ്ണിൽ ചേർത്തിളക്കുക.
- നടീൽ വസ്തുക്കൾ രോഗബാധ ഇല്ലാത്തതെന്ന് ഉറപ്പുവരുത്തുക.
- ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, കൂർക്ക തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ തണ്ട് മായുവാൻ ആരംഭിക്കുമ്പോൾതന്നെ മുറിവോ ചതവോ ഏൽക്കാതെ ശേഖരിച്ച വിത്ത് തെരഞ്ഞെടുത്ത് സൂക്ഷിക്കുക.
- ചേന പറിച്ചെടുത്ത് കണ്ണ് തുരന്ന് 1 ലിറ്റർ വെള്ളത്തിന് 20ഗ്രാം സ്യൂഡോമോണാസ് എന്ന ബാക്ടീരിയയും 20 ഗ്രാം പച്ചചാണകവും എന്നതോതിൽ കലക്കിയ വെള്ളത്തിൽ 30മിനുട്ടു സമയം മുക്കിവെച്ചെടുത്ത് തണലിൽ നിരത്തി ഉണക്കാവുമ്പോൾ എടുത്ത് കമഴ്ത്തിവെച്ച് സൂക്ഷിക്കുക.
- ചേന, കാച്ചിൽ, ചേമ്പ് തുടങ്ങിയ വിളകളുടെ വിത്ത് ഇഞ്ചിവിത്ത് പുകകൊള്ളിക്കുന്നതുപോലെ പുകയ്ക്കുന്നത് രോഗപ്രതിരോധശേഷിയും മുളകരുത്തും നൽകും. പുകകൊള്ളിക്കുമ്പോൾ ചൂട് തട്ടരുത്. ഇതിനായി ഉയരത്തിൽ തീർത്ത തട്ടുകളിൽ മാവ്, പാണൽ, കാഞ്ഞിരം തുടങ്ങിയ സസ്യങ്ങളുടെ ഇലകൾ നിരത്തിയതിനുമുകളിൽ കാച്ചിൽ വിത്ത് നിവർത്തിവെച്ചും ചേനവിത്ത് കമഴ്ത്തിവെച്ചും പുകയിടുക.
- നടുന്നതിനായി വിത്ത് മുറിച്ചശേഷം അൽപം കട്ടികൂടുതലുള്ള ചാണകവെള്ളത്തിൽ ചാരം കൂടി കലർത്തിയതിൽ വിത്തുകൾ മുക്കിയെടുത്ത് നിരത്തിവെച്ച് വെള്ളം വറ്റി കഴിഞ്ഞ് എടുത്തുനടുക.
- മീലിമൂട്ട (ഊരൻ)യുടെ ആക്രമണമുള്ള നടീൽ വസ്തുക്കൾ 2% വേപ്പെണ്ണ ലായനിയിൽ മുക്കിയെടുത്ത് നടുക.
- മരച്ചീനി വിളവെടുത്തശേഷം കമ്പുകൾ കെട്ടുകളാക്കി തണലത്ത് കുത്തിനിറുത്തി സൂക്ഷിക്കുക. മരച്ചീനി കമ്പുകളിലെ മുകൾഭാഗത്തെ മൃദുലമായതും താഴെഭാഗത്തെ തടിരൂപത്തിലുള്ള ഭാഗവും ഒഴിവാക്കി നടാനുപയോഗിക്കുക.
- കാച്ചിൽ നടുന്നതിന് 20 ദിവസം മുമ്പേ നടാനുള്ള കുഴികളെടുത്ത് അടിഭാഗത്തായി ഉണങ്ങിയ ഇലകൾ ഇട്ട് ചാണകം കലക്കി ഒഴിച്ച് മേൽമണ്ണിട്ട് മൂടി കൂനകൾ തീർത്ത് വെച്ച് നടുന്നത് മികച്ച വിളവ് നൽകും.
- ഉണങ്ങിയ ചാണകവും വേപ്പിൻ പിണ്ണാക്കും ഉപയോഗിച്ച് ട്രൈക്കോഡർമ മൾട്ടിപ്ലെ ചെയ്ത് കിഴങ്ങുവിളകൾക്ക് വളമായി നൽകുന്നത് കിഴങ്ങുകൾ അഴുകി പോകുന്ന രോഗത്തെ ചെറുക്കും.
- പച്ച ചാണകം കൂനകൂട്ടി കറുത്ത പ്ലാസ്റ്റിക് ഷീറ്റോ ചപ്പ് ചവറുകളോ ഇട്ട് മൂടി സൂക്ഷിച്ചാൽ 60 ദിവസങ്ങൾകൊണ്ട് ഉണങ്ങികിട്ടും.
- കിഴങ്ങുവിളകൃഷിയിടത്തിന് അതിരുതീർത്ത് തുവരയും ഇടവരകൾ തീർത്ത് ചെത്തിക്കൊടുവേലിയും നടുന്നത് എലിശല്യം കുറയ്ക്കുകയും വരുമാനവർദ്ധനവിനും നല്ലതാണ്.
- കിഴങ്ങുവിളകൾ ഓരേ സ്ഥലത്ത് തുടർച്ചയായി ചെയ്യുന്നത് ഹിതകരമല്ല. ഇനങ്ങൾ മാറി മാറി ചെയ്യുന്നതാണ് നല്ലത്.
- കൂർക്ക കൃഷിയിൽ നിമവിരകളുടെ ആക്രമണം ഉണ്ടാകുന്നതു തടയാൻ നെല്ലിന്റെ ഉമി, വേപ്പിൻകുരു ചതച്ചത് എന്നിവ ജൈവവളത്തോടൊപ്പം ചേർക്കുന്നത് വഴി സാധിക്കും.
- കീടബാധയില്ലാത്ത ചെടികളിൽ നിന്നും വിത്തുകൾ ശേഖരിക്കണം.
English Summary: tUBER CROPS FARMING 16 TECHNIQUES KJAROCT0620
Published on: 07 October 2020, 12:21 IST