കേരളത്തിലെ പ്രധാന കിഴങ്ങുവർഗങ്ങൾ നടാൻ പറ്റിയ സമയമാണ് മാർച്ച്. നല്ല സൂര്യപ്രകാശമുള്ള സ്ഥലങ്ങളിൽ മരച്ചീനി, മധുരക്കിഴങ്ങ് എന്നിവയും. അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളിൽ കൂവ പോലുള്ളവയും നടാം.
തെങ്ങിന്റെ തണലിൽ ചേന, ചേമ്പ്, പാൽ ചേമ്പ്, ചെറുക്കിഴങ്ങ് എന്നിവ കൃഷി ചെയ്യാം.നല്ല ഇളക്കമുള്ള മണ്ണിലാണ് കിഴങ്ങുവർഗങ്ങൾ നടേണ്ടത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ കിഴങ്ങു കൃഷിക്ക് യോജിച്ചതല്ല. വീട്ടിൽനിന്നു ലഭിക്കുന്ന ജൈവമാലിന്യങ്ങൾ കമ്പോസ്റ്റാക്കി കിഴങ്ങു വിളകൾക്കുള്ള ജൈവവളമാക്കാം.
ചാണകം, ചാരം, കോഴിവളം, മണ്ണിരകമ്പോസ്റ്റ്, പച്ചില വളങ്ങൾ തുടങ്ങിയവയും നല്ല ജൈവവളമാണ്. കൂടാതെ ജീവാണു വളങ്ങളും ഇതോടൊപ്പം ഉപയോഗിക്കാം. മരച്ചീനിയും കാച്ചിലും വരികൾ തമ്മിലും മൂന്ന് അടി അകലത്തിൽ കൂനകൂട്ടി നടാം. ചേനയും പാൽചേമ്പും വരികൾ തമ്മിലും ചെടികൾ തമ്മിലും മൂന്നടി അകലത്തിൽ കുഴികൾ എടുത്ത് അതിൽ നടാം.
മധുരക്കിഴങ്ങ് 60 സെ.മീറ്റർ അകലത്തിൽ വാരവും ചാലും എടുത്ത് വാരത്തിൽ 20 സെ.മീറ്റർ അകലത്തിൽ നടാം. ചേമ്പ് 60 സെ.മീറ്റർ അകലത്തിൽ നടാം. ഒരു മീറ്റർ വീതിയുള്ള തടങ്ങൾ എടുത്ത് 30-15 സെ.മീ അകലത്തിൽ കൂവയും നടാം.മുളപ്പിച്ച മുരിങ്ങത്തകൾ വെക്കേണ്ടതും മാർച്ച് മാസത്തിലാണ്. പാലിൽ കുതിർത്തുവെക്കുന്ന മുരിങ്ങവിത്തുകൾ മുളപൊട്ടിയാൽ പോട്ടിങ് മിശ്രിതം നിറച്ച പോളിത്തീൻ കവറിൽ നട്ടുപിടിപ്പിച്ചതാണ് അടുക്കളത്തോട്ടത്തിൽ നടേണ്ടത്. നീർവാർച്ചയുള്ള സൂര്യപ്രകാശം ലഭിക്കുന്നയിടങ്ങളിലാണ് തൈകൾ നടേണ്ടത്.
ഇലക്കറിയിനങ്ങളായ ബഷള, ചിക്കുർമാണീസ്, അഗത്തി എന്നിവയുടെയും തണ്ടുകൾ നട്ടുപിടിപ്പിക്കേണ്ടതും മാർച്ചിലാണ്.