മഞ്ഞൾ വിത്ത് നടുമ്പോൾ അവ തമ്മിൽ എന്തകലം നൽകണം?
25 × 25 സെ.മീറ്റർ അകലത്തിൽ വേണം വിത്തു നടാൻ.
ഏതു മാസമാണ് വിത്ത് നടാൻ യോജിച്ചത്?
ഏപ്രിൽ-മേയ് മാസങ്ങളിൽ ഒന്നോ രണ്ടോ മഴ ലഭിക്കുന്നതോടെ മഞ്ഞൾ നടാവുന്നതാണ്.
വിത്ത് നടുന്ന രീതി എങ്ങനെയാണ്?
വാരങ്ങളിൽ ചെറിയ കുഴിയെടുത്ത് മുള മുകളിലേക്ക് വരത്തക്ക വിധം കിഴങ്ങ് നട്ട് മണ്ണോ ഉണങ്ങിയ ചാണകപ്പൊടിയോ കൊണ്ട് മൂടണം.
ഒരു ഹെക്ടറിൽ നടാൻ എത്ര വിത്ത് വേണ്ടി വരും?
മുകളിൽ കാണിച്ചിട്ടുള്ള അകലം നൽകി നടുന്നതിലേക്ക് ഒരു ഹെക്ടറിന് 2000-2500കി.ഗ്രാം വിത്ത് വേണ്ടിവരും.
അടിവളമായി കാലിവളമോ കമ്പോസ്റ്റോ നൽകുമ്പോൾ ഒരു ഹെക്‌റിലേക്ക് എത്ര ടൺ ഉപയോഗിക്കണം?
അടിവളമായി 40 ടൺ എന്ന തോതിൽ കാലിവളമോ കമ്പോസ്റ്റോ നൽകണം.
മഞ്ഞൾ കൃഷി ചെയ്യുമ്പോൾ പുതയിടുന്ന രീതി എങ്ങനെയാണ്?
നട്ടയുടനെ ഉണക്ക കരിയിലയോ പച്ചിലയോ ലഭ്യമാണെങ്കിൽ അതുപയോഗിച്ച് പുതയിടണം. ഒരു ഹെക്‌ടറിൽ പുതയിടാൻ 15 ടൺ പച്ചില ആവശ്യമായി വരും. 50 ദിവസങ്ങൾക്കു ശേഷം വീണ്ടും അത്രയും പച്ചില ഉപയോഗിച്ച് പുതയിടണം.
മഞ്ഞളിന് മറ്റു കൃഷിപ്പണികൾ എന്തെല്ലാം വേണ്ടി വരും?
മഞ്ഞളിന് പ്രധാനമായി കളയെടുക്കലാണ് ആവശ്യം. നട്ട് 60 ദിവസം കഴിഞ്ഞ് നല്ലവണ്ണം കളയെടുത്ത ശേഷം ചുവട്ടിൽ മണ്ണു കൂട്ടണം. വീണ്ടും 120 ദിവസവും 150 ദിവസവും കഴിയുമ്പോൾ കളയെടുപ്പ് ആവർത്തിക്കണം.