ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണുന്ന ഒരിടത്തരം നിത്യഹരിത വൃക്ഷമാണ് ഉങ്ങ്. പുഴകൾക്കും, അരുവികൾക്കും അരികെയും കടലോര പ്രദേശങ്ങളിലും ഇവ കൂടുതലായി കണ്ടു വരുന്നു. അതു കൊണ്ട് തന്നെ ജലാംശം കൂടിയ മണ്ണാണ് ഇവയുടെ വളർച്ചയ്ക്ക് അനിവാര്യം. ഉപ്പിന്റെ അംശമുള്ള മണ്ണിലും ഇവക്ക് നന്നായി വളരാൻ കഴിവുള്ളതിനാൽ കടലോര പ്രദേശങ്ങളിൽ ഇവ ധാരാളമാണ്.
സിൽവികൾച്ചറൽ പ്രത്യേകതകൾ
ഒരു നിത്യഹരിത ഇനമാണെങ്കിലും ചിലയിടങ്ങളിൽ മെയ് മാസ ത്തിൽ ഇല പൊഴിക്കാറുണ്ട്. തണലിനെ സഹിക്കാനുള്ള കഴിവുണ്ടങ്കിലും ചൂടും വെളിച്ചവും നല്ല വളർച്ചക്ക് അത്യാവശ്യമാണ്. ശൈത്യവും വരൾച്ചയും അതിജീവിക്കാനുള്ള കഴിവുണ്ട്. മൂല പ്രസാരകങ്ങൾ ധാരാളം ഉണ്ടാകും. നന്നായി കോപ്പിസ് ചെയ്യും.
പുനരുത്ഭവം
മാർച്ച് മുതൽ മേയ് വരെയാണ് പൂക്കൾ കണ്ടുവരുന്നത്. ജൂൺ ജൂലായ് മാസങ്ങളിൽ കായ് പൂർണ്ണ വളർച്ചയെത്തുന്നു. വിത്ത് നേരിട്ട് നഴ്സറി തടത്തിലോ, പ്ലാസ്റ്റിക് ബാഗുകളിലോ നട്ട് കൃത്രിമ പുനരുത്ഭവം നടത്താം. ഫലത്തിൽ നിന്ന് കായ്‌കൾ വേർപെടുത്തിയതിനു ശേഷം വേണം നഴ്‌സറിയിൽ മുളപ്പിക്കാൻ.
കൃത്രിമ പ്രവർദ്ധനങ്ങൾക്കായി നഴ്‌സറിയിൽ പാകി മുളപ്പിച്ച നാല് തൊട്ട് ആറ് മാസം പ്രായമായ തൈകൾ ഉപയോഗിക്കാം. കമ്പുകളുപയോഗിച്ച് പുനരുത്ഭവം സാദ്ധ്യമാണ്.
മറ്റുപയോഗങ്ങൾ
തടി വിറകിനും താണതരം കാർഷികോപകരണങ്ങൾക്കും ഉപയോഗിക്കും. വിത്തിൽ നിന്നും എടുക്കുന്ന എണ്ണ ത്വക്ക് രോഗ ചികിൽസക്ക് ഉപയോഗിക്കാറുണ്ട്. മെഴുകുനിർമ്മാണത്തിനായി ലാക്ക് പ്രാണിയെ വളർത്തിയെടുക്കാൻ പറ്റിയ ഒരു ആതിഥേയ വൃക്ഷമാണിത്. ഇലകൾ പാക്യജനകത്തിൻ്റെ നല്ല സ്രോതസ്സാണ്. ഇതിൻ്റെ ഇലകൾ മണ്ണിൽ ചേർക്കുന്നതുമൂലം പച്ചക്കറികളിൽ വേരുകളെ ആക്രമിക്കുന്ന നിമാറ്റോഡുകളുടെ ശല്യം ഗണ്യമായി കുറക്കാൻ സാധിക്കും. ഇലകളിൽ പാക്യ ജനകം 4.83%, ഫോസ്‌ഫറസ് 0.14%, പൊട്ടാസ്യം 0.44%, കാൽസ്യം 3.67%, മഗ്നീഷ്യം 1.2%, ഗന്ധകം 0.32% എന്നിവയുണ്ട്.