ഭാരതീയ ഔഷധപാരമ്പര്യത്തിന്റെ മുഖ്യ കണ്ണികളിലൊന്നായ ആടലോടകത്തിൽ നിന്നും ആധുനിക ശാസ്ത്രം വളരെയധികം ഔഷധങ്ങൾ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ശാസ്ത്രനാമമായ ആടാതോട വാസിക്ക് സൂചിപ്പിക്കുന്നതു തന്നെ ശ്വാസകോശരോഗങ്ങളെ ചെറുക്കുവാനുള്ള ഇതിന്റെ കഴിവിനെയാണ്.
ആടലോടകത്തിന്റെ ശീതവീര്യവും രൂക്ഷഗന്ധവും നിമിത്തം ആടുമാടുകളും മറ്റു ജീവികളും ഇതിന്റെ ഇല ഭക്ഷിക്കാത്തതു കൊണ്ടു തന്നെ വളരെയധികം പാരസ്ഥിതിക പ്രാധാന്യം കൂടിയുള്ള സസ്യം കൂടിയാണിത്.
ഒരു കുറ്റിച്ചെടിയായ ആടലോടകം ഏതു കാലാവസ്ഥയിലും വളരും. ആടലോടകത്തിന്റെ തണ്ടുകൾ മുറിച്ച് നട്ടാൽ മതിയാകും. ഇലക്കും മറ്റ് ഔഷധ കഴിക്കുന്നതിനു ഒന്നോ രണ്ടോ ചെടി വീടുകളിൽ നടുന്നതിന് ഉപരി അതിർത്തികളിൽ വേലിയായും ആടലോടകം വളർത്താം. കൃഷിസ്ഥലമുള്ളവർക്ക് കൃഷിയിടങ്ങളിൽ അങ്ങിങ്ങായി ആടലോടകം വളർത്തുന്നത് കീടനിയന്ത്രണത്തിന് സഹായകരമാണ്.
നടാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിളക്കി അതിൽ മുറിച്ചെടുത്ത കമ്പുകൾ നടാവുന്നതാണ്. അല്പം ജലലഭ്യത ഉറപ്പാക്കിയാൽ നട്ട് ഒരു വർഷത്തിനുള്ളിൽ തന്നെ ആവശ്യത്തിലധികം ഇലകൾ ലഭിക്കും. ഇലകൾ ഒട്ടനവധി ഒറ്റമൂലികൾക്കും മറ്റ് ഔഷധ നിർമ്മാണത്തിനും ഉപയോഗിക്കുന്നതിനു പുറമെ ജൈവ കീടനാശിനി നിർമ്മാണത്തിലും സ്വാഭാവിക കീട നിയന്ത്രണത്തിലും ആടലോടക ഇല വളരെയധികം ഉപയോഗിച്ചു വരുന്നു.
ഔഷധ ഉപയോഗങ്ങൾ
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ ചുമ മാറും
ആടലോടകത്തിന്റെ ഇലയും, ചന്ദനവും അരച്ച് 15 മി.ല്ലി. വീതം രാവിലെയും വൈകീട്ടും പതി വായി കഴിച്ചാൽ രോമകൂപത്തിലൂടെ രക്തം വരുന്നത് തടയും.
ആർത്തവസമയത്ത് കൂടുതൽ രക്തം പോകുന്നുണ്ടെങ്കിൽ ആടലോടകത്തിന്റെ ഇലയുടെ നീര് 15 മില്ലിയും, 15 ഗ്രാം ശർക്കരയും ചേർത്ത് ദിവസേന രണ്ടുനേരം വീതം കഴിക്കുക.
ക്ഷയരോഗത്തിന്റെ ആദ്യാവസ്ഥയിൽ ചുമയുണ്ടെങ്കിൽ ആടലോടക ഇലനീര് 1 ടിസ്പൂൺ വീതം ദിവസേന 3 നേരം കഴിക്കുക.
നേത്രരോഗങ്ങൾക്ക് ഇതിന്റെ പൂവിന്റെ നീര് കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ്. ഉണങ്ങിയ ഇലകൾ ചുരുട്ടാക്കി വലിക്കുന്നത് മൂലം ആസ്മരോഗത്തിന് ശമനം ലഭിക്കും. ഒരു ടിസ്പൂൺ ആടലോടകത്തിന്റെ ഇലയുടെ നീരും ഒരു കോഴിമുട്ട വാട്ടിയതും അൽപം കുരു മുളക് പൊടിയും ചേർത്ത് കഴിച്ചാൽ ചുമ, കഫ ക്കെട്ട് ഇവ മാറുന്നതാണ്.
ആടലോടകത്തിന്റെ ഇല, കണ്ടകാരിയില, ചെറുവഴുതിനയില ഇവ കഷായം വെച്ച് കുടിച്ചാൽ വയറിലെ കൃമികൾ നശിക്കും.
ആടലോടകത്തിന്റെ ഇല വെയിലത്തുണക്കി, പൊടിച്ചത്, അരിവറുത്ത് പൊടിച്ചത്, കൽക്കണ്ടം, ജീരകം, കുരുമുളക് ഇവ പൊടിച്ചത് ചേർത്ത് കഴിച്ചാൽ ചുമ, ജലദോഷം, കഫക്കെട്ട് ഇവ മാറും.