വെണ്ട, വഴുതന, പയർ, മുളക് തുടങ്ങിയവയിൽ ചെടികളുടെ വേര്, തണ്ട്, ഇളംതണ്ട്, പൂവ്, കായ് ഇവ തുരന്ന് നശിപ്പിക്കുന്ന കടി ഉറുമ്പുകൾ പലപ്പോഴും പ്രധാന പ്രശ്നമാണ്. ഉറുമ്പുകളെ കെണിയിൽ കുടുക്കി പൂർണ്ണമായും നശിപ്പിക്കാം.
കെണി തയ്യാറാക്കാൻ പി.വി.സി കുഴൽ അഥവാ മുളംകുഴൽ
കെണി തയ്യാറാക്കാൻ ഒന്നര ഇഞ്ച് വാവട്ടവും ഒരു ചാൺ നീളവുമുള്ള പി.വി.സി കുഴൽ അഥവാ മുളംകുഴൽ എടുക്കുക. ഇതിന്റെ അഗ്രത്തുള്ള വാവട്ടത്തിനകത്ത് പുറത്തേക്ക് കുറച്ച് തള്ളി നിൽക്കുന്ന രീതിയിൽ ഇറച്ചിക്കഷണമോ പച്ചമീനിന്റെ തലയോ തിരുകികയറ്റുക. കെണികൾ അവിടവിടെ കൃഷിയിടത്തിൽ ചെടിച്ചുവടിനു കുറച്ച് അകലെയായി ചെറു ചെരുവിൽ വയ്ക്കുക.
അല്പ സമയം കഴിയുമ്പോൾ കെണിയിൽ ഉറുമ്പുകൾ കൂട്ടം കൂടിയിരിക്കുന്നത് കാണാം. അപ്പോൾ ഒരു ചുട്ട് കത്തിച്ച് ഉറുമ്പുകൂടി യിരിക്കുന്ന സ്ഥലത്ത് കാണിച്ചാൽ അവ ചാകും. ചുട്ട ഉറുമ്പുകളെ മാറ്റാൻ മറ്റുറുമ്പുകൾ വീണ്ടും കെണിയിലേക്ക് വരും. ഇടയ്ക്കിടക്ക് ചൂട്ട് പ്രയോഗം തുടർന്നാൽ ഉറുമ്പുകളെ പൂർണ്ണമായും നശിപ്പിക്കാം.
മാവ്, പ്ലാവ്, തെങ്ങ് മറ്റു മരങ്ങൾ ഇവയിലെല്ലാം നീറ് അഥവ മിശീറിന്റെ ശല്യം മരം കയറുന്നവർക്ക് വലിയ പ്രശ്നമാണ്. ഇവയെ നിയന്ത്രിക്കാനും ഇറച്ചിക്കെണി മതി ചുവട്ടിൽ നിന്ന് 4-5 അടി ഉയരത്തിൽ കെണി വച്ച് കെട്ടുക. നീറ്റ് കെണിയിൽ കൂട്ടമായി വരുമ്പോൾ ചൂട്ട് പ്രയോഗം നടത്തുക. മരത്തിന്റെ കൊമ്പറ്റത്ത് ഇലക്കൂടിനുള്ളിൽ കഴിയുന്ന നീക്കളെ കെണിയിലേക്ക് ആകർഷിക്കാനും വകവരത്താനും ഇങ്ങനെ കഴിയും.
ചിതൽ ശല്യം കൃഷിയിടങ്ങളിൽ പ്രശ്നമാകാറുണ്ട്. ഇത്തരം സ്ഥലങ്ങളിൽ മണ്ണിളക്കി കൃഷിസ്ഥലം തയ്യാറാക്കുമ്പോൾ കരിങ്ങോട്ടി എണ്ണ ഇമൾഷൻ തയ്യാറാക്കി മണ്ണ് നനച്ച് തളിക്കുക. ഈ മരുന്ന് തളിച്ച് രണ്ടാഴ്ചക്കുശേഷം വിളവ് ഇറക്കാം.
തളിലായനി ഇങ്ങനെ തയ്യാർ ചെയ്യാം
ഒരു ലിറ്റർ കരിങ്ങോട്ടി എണ്ണയിൽ അരലിറ്റർ സോപ്പു ലായനി ചേർത്തിളക്കുക. 60 ഗ്രാം ബാർസോപ്പ് (അലക്കു സോപ്പ്) അരലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സോപ്പുലായനി ഉണ്ടാക്കാം. ഈ രീതിയിൽ ലഭിച്ച ഒന്നര ലിറ്റർ കരിങ്ങോട്ടി എണ്ണ ഇമൾഷൻ 60 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് വിളവിറക്കുന്നതിനു രണ്ടാഴ്ച മുൻപ് മണ്ണിൽ നനച്ച് തളിക്കാം.
ചിതൽ നിയന്ത്രണത്തിന് ഇത് ഫലം ചെയ്യും. മരങ്ങളിൽ ചിതലിന്റെ ഉപദ്രവം കാണുമ്പോൾ, മരത്തിന്റെ ചുവടു ഭാഗത്തുള്ള മണ്ണ് ഇളക്കിയ ശേഷം ഈ ലായനി മണ്ണ് നനയുന്ന രീതിയിൽ തളിക്കാം. തടിയിലും തളിക്കാം.