തെങ്ങ് ഒരു ദീർഘകാല (perennial) വിളയാണ്. ആ ചിന്ത തെങ്ങിൻ കുഴി എടുക്കുമ്പോൾ ഉണ്ടാകണം.
സാധാരണ ഇളക്കമുള്ള മണ്ണ് ആണെങ്കിൽ ഒരു മീറ്റർ വീതം നീളം, വീതി ആഴം ഉള്ള കുഴികൾ, കടുപ്പമുള്ള മണ്ണെങ്കിൽ 1.2 മീറ്റർ നീളം, വീതി, ആഴം. ഈ ആഴം എത്തുന്നതിനു മുൻപ് പാറയോ വെള്ളക്കെട്ടോ ഉണ്ടെങ്കിൽ ആ സ്ഥലം ഈ പരിപാടിക്ക് പറ്റിയതല്ല എന്നറിയുക.
വെള്ളക്കെട്ടുള്ള സ്ഥലം ആണെങ്കിൽ പൊക്കത്തിൽ കൂന (mound) ഉണ്ടാക്കി വേണം നടാൻ.
ഇതിനെക്കാളും പ്രധാനപ്പെട്ട ഒന്നുണ്ട്. തെങ്ങിൻ കുഴിയുടെ ചുറ്റും ഏഴര മീറ്റർ അകലത്തിൽ തെങ്ങോ പ്ലാവോ മാവോ ആഞ്ഞിലിയോ പോലെയുള്ള മരങ്ങൾ ഉണ്ടാകാൻ പാടില്ല.
കുഴി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ആദ്യത്തെ ഒരടി മണ്ണ് വളക്കൂറ് കൂടിയതാണ്. അത് പ്രത്യേകം മാറ്റി വയ്ക്കണം. ശേഷിച്ച മണ്ണ് വേറെയും.
കുഴി മുഴുവൻ എടുത്ത് കഴിഞ്ഞാൽ, നേരത്തേ മാറ്റി വച്ച മേൽമണ്ണിനൊപ്പം ഒരു കുട്ട നന്നായി ഉണങ്ങിപ്പൊടിഞ്ഞ ചാണകം ചേർത്ത് നന്നായി ഇളക്കി കുഴിയിൽ ഇട്ട് കുഴി പകുതി മൂടണം. ഒരു മീറ്റർ ആഴത്തിൽ കുഴിച്ച കുഴിയ്ക്ക് ഇപ്പോൾ അര മീറ്റർ ആഴമേ ഉള്ളു എന്നറിയുക.
പകുതി ഭാഗം മേൽ മണ്ണും ചാണകപ്പൊടിയും ചേർത്ത മിശ്രിതം നിറച്ച കുഴിയിൽ ഒരു പിള്ളക്കുഴി എടുത്ത്, അതിൽ ആണ് നമ്മൾ തെങ്ങിൻ തൈ നടേണ്ടത്.
നട്ട് കഴിഞ്ഞാൽ നന്നായി ചവിട്ടി ഉറപ്പിച്ച്, തെങ്ങിൻ തയ്യിൽ മുട്ടാത്ത രീതിയിൽ കരിയിലകളോ തൊണ്ടോ അടുക്കി കൊടുക്കാം. ബാക്കി ഇരിക്കുന്ന മണ്ണ് ഉപയോഗിച്ച് തടത്തിന്റെ വാവട്ടത്തിന് ചുറ്റും ഒരു ബണ്ട് ഉണ്ടാക്കി വെള്ളം വന്ന് കുഴിയിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. (ഒരിക്കൽ എങ്കിലും തെങ്ങിൻ തൈയ്യുടെ കഴുത്തു ഭാഗത്ത് വെള്ളം കെട്ടിനിന്നാൽ അവിടെ ഫംഗസ് ബാധ (Bud rot, മണ്ട ചീയൽ) ഉണ്ടാകാൻ സാധ്യത കൂടും. ഈ എടുത്ത പണി മുഴുവൻ വെള്ളത്തിലാകും.
അത് പോലെ തന്നെ ഉച്ച കഴിഞ്ഞുള്ള വെയിൽ (തെക്ക് പടിഞ്ഞാറൻ വെയിൽ) വന്ന് തെങ്ങിന്റെ ഓലകളിൽ തട്ടാതിരിക്കാൻ ചെറിയ തണൽ കൊടുക്കുന്നതും നന്നായിരിക്കും.
പുതിയ ഓലകൾ വന്നതിന് ശേഷം മാത്രമേ മേൽ വളങ്ങൾ കൊടുക്കാവൂ.
നനയ്ക്കുമ്പോൾ തടത്തിൽ വെള്ളം കെട്ടുന്ന രീതി യിൽ നനയ്ക്കരുത്. മണ്ട് അഴുക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന ഫംഗസ് (Phytophthora palmivora) ആ പരിസരത്തു തക്കം പാർത്തിരിക്കുന്നു എന്ന കാര്യം മറക്കരുത്.
ഇനി കൃത്യമായ ഇടവേളകളിൽ (അതായത് മൂന്ന് മാസം കൂടുമ്പോൾ) തെങ്ങിൻ തൈയ്യുടെ മണ്ടയിൽ ബോർഡോ മിശ്രിതവും ഓലക്കവിളുകളിൽ പൊടിച്ച വേപ്പിൻ പിണ്ണാക്കും ആറ്റുമണലും കലർന്ന മിശ്രിതവും ഇട്ട് നിറയ്ക്കണം. ഒരു കാരണവശാലും കൊമ്പൻ ചെല്ലിയ്ക്കു ഇരിക്കാൻ ഓലക്കവിളുകളിൽ ഒരു റൂം അനുവദിക്കരുത്.
നട്ട് മൂന്നാം മാസം മുതൽ സന്തുലിതമായ അളവിൽ എൻപികെ വളങ്ങൾ (രാസമോ ജൈവമോ ജീവാ - ജന്യമോ) ചേർത്ത് കൊടുത്ത് തുടങ്ങണം
വാൽ കഷ്ണം : നേരത്തേ കുഴി എടുത്തിടാൻ കഴിയുമെങ്കിൽ, കട്ടിയായ മണ്ണാണ് എങ്കിൽ തെങ്ങിൻ കുഴിയുടെ അടിയിൽ 12 കിലോ കല്ലുപ്പ് ഇട്ട് കൊടുക്കുന്നത് ഗുണം ചെയ്യും.
മണ്ണ് കുറേശ്ശേ പൊടിക്കാൻ ഉപ്പിന് കഴിവുണ്ട്. പിന്നെ വളരുന്ന തെങ്ങിന് സോഡിയവും ക്ലോറിനും കിട്ടുകയും ചെയ്യും.