വിവിധ തരത്തിലുള്ള കയറുകൾ, നൂലുകൾ എന്നിവ നിർമ്മിക്കാൻ വാഴനാരുകൾ ഉപയോഗിക്കുന്നു. വാഴനാരുകൾ പിരിച്ച് തയ്യാറാക്കുന്ന പരിസ്ഥിതി സൗഹൃദമായ മനോഹരമായ ചരടുകൾ ഉപയോഗിച്ച് കിറ്റ് ബാഗുകൾ, ടൂൾ ബാഗുകൾ, പാദരക്ഷകൾ എന്നിവ നിർമ്മിക്കാം.
വാണിജ്യാടിസ്ഥാനത്തിൽ നാരുകൾ വേർതിരിച്ചെടുക്കുന്നതിന് യന്ത്രസഹായം തന്നെ ആവശ്യമായിവരുന്നു. ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെയുള്ള വാഴപോളകളിൽ നിന്നും നാരുകൾ ഇങ്ങനെ വേർതിരിച്ചെടുക്കാവുന്നതാണ്. രണ്ട് റോൾ ക്രഷറുകളിലൂടെ വാഴപ്പോളകൾ അമർത്തി വലിക്കുമ്പോഴാണ് നാരുകൾ വേർതിരിഞ്ഞ് കിട്ടുന്നത്. നാരുകൾ വെളുത്ത നിറമുള്ളതും മിനുസമുള്ളതും ആയിരിക്കും. ചിലപ്പോൾ നാരുകൾക്ക് മങ്ങിയ നിറം കലർന്ന് ലഭിക്കാൻ സാധ്യതയുണ്ട്. അപ്പോൾ ബ്ലീച്ച് ചെയ്യേണ്ടതായി വരും. വേർതിരിച്ചെടുക്കുന്ന നാരുകളെ 5 മുതൽ 7 ശതമാനം വീര്യമുള്ള ഹൈഡ്രജൻ പെറോക്സൈഡ് ലായനിയിൽ മുക്കി എടുക്കുമ്പോൾ നാരിൽ അടങ്ങിയിരിക്കുന്ന ടാനിൻ, ലിഗ്നിൻ എന്നിവ നീക്കം ചെയ്യാനാകും.
ഇളം ചൂടുള്ള ഹൈഡ്രജൻ പെറോക്സൈഡ് ലായനിയിൽ 45 മിനിട്ടോളം മുക്കി വച്ചാൽ ഒരു പോലെ നിറമുള്ളതും മിനുസമുള്ളതുമായ നാരുകൾ തയ്യാറാക്കി എടുക്കാം. ഇങ്ങനെ ബ്ലീച്ച് ചെയ് തെടുത്ത നാരുകൾ ഒന്നോ രണ്ടോ തവണ ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കി എടുക്കണം. നാരുകൾ മൃദുവായി ലഭിക്കുന്നതിന് നേർത്ത ഷാംപൂ വെള്ളത്തിലോ ഡിറ്റർജന്റ് ലായനിയിലോ കഴുകി എടുക്കാവുന്നതാണ്. വാണിജ്യാടിസ്ഥാനത്തിൽ നാരുകൾ ഉൽപാദിപ്പിച്ചെടുക്കാൻ ഇത്തരം രീതികൾ അവലംബിക്കാവുന്നതാണ്.