ഫെലൈൻ പാൻലൂക്കോപിനിയ കൂടാതെ ശ്വാസകോശത്തെ ബാധിക്കുന്ന റൈനോട്രക്കിയൈറ്റിസ്, കാൽസി വൈറസ് തുടങ്ങിയ സാംക്രമികരോഗങ്ങളും നമ്മുടെ നാട്ടിൽ പൂച്ചകളിൽ വ്യാപകമായി കണ്ടു വരുന്നു. ഫെലൈൻ പാൻലൂകോപ്പീനിയ, റൈനോട്രക്കി ലൈറ്റിസ്, കാൽസി വൈറസ് തുടങ്ങിയ സാംക്രമികരോഗങ്ങൾ തടയാനുള്ള പ്രതിരോധ ഘടകങ്ങൾ അടങ്ങിയ ആദ്യത്തെ മൾട്ടി കംപോണെൻ്റ് വാക്സിൻ പൂച്ചകൾക്ക് എട്ട് - പത്ത് ആഴ്ച പ്രായമെത്തുമ്പോൾ നൽകണം.
വാക്സിൻ നൽകുന്നതിന് ഒരാഴ്‌ച മുൻപ് പൂച്ചകളെ വിരയിളക്കേണ്ടതും പ്രധാനം. ആദ്യ കുത്തിവെയ്പ്പെടുത്തതിന് നാൽ ആഴ്ചക്ക് ശേഷം ബൂസ്റ്റർ ഡോസ് നൽകാം. ഈ രണ്ടു കുത്തിവെയ്‌പുകൾ കൂടാതെ പൂച്ചകളെ ബാധിക്കുന്ന ഫെലൈൻ ഇൻഫെക്ഷ്യസ് പെരിട്ടോ നൈറ്റിസ് എന്ന വൈറസ് രോഗം തടയാനുള്ള വാക്സിനും ലഭ്യമാണ്.
പകർച്ചവ്യാധികൾ തടയാനുള്ള ഈ പ്രതിരോധ വാക്‌സിനുകൾ നൽകുന്നതിനൊപ്പം പൂച്ചകുട്ടികൾക്ക് പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്‌പും നൽകണം.
ആദ്യ കുത്തിവെയ്പ്പെടുത്തതിന് നാൽ ആഴ്‌ചകൾക്ക് ശേഷം ഒരു ബൂസ്റ്റർ ഡോസും നൽകണം. സർക്കാർ മൃഗാശുപത്രികൾ വഴി സൗജന്യമായാണ് പേവിഷബാധ വാക്‌സിൻ ലഭ്യമാക്കുന്നത്. വാക്‌സിനേഷൻ കാർഡിനും പെറ്റ് സർവീസ് ചാർജിനുമായി 45/ രൂപ ആശുപ്രതിയിൽ അടവാക്കിയാൽ മതിയാകും. ഒരു വർഷം കഴിയുമ്പോൾ എല്ലാ പ്രതിരോധകുത്തിവെയ് പുകളുടെയും ബൂസ്റ്റർ ഓരോ ഡോസ് വീതം നൽകണം.