ചെടികളിൽ വേരുകളുടെ കൂട്ടുകാരനായി ജീവിക്കുന്ന ഒരിനം കുമിളാണ് മൈക്കോറൈസ. വേരിനോട് ചേർന്ന് വേരിന്റെ ഭാഗമായാണ് ഇവ ജീവിക്കുന്നത്. സ്വയം ഭക്ഷണം നിർമ്മിക്കാൻ കഴിയാത്ത ഈ കുമിൾ അവയുടെ വളർച്ചക്കാവശ്യമായ അന്നജം ചെടികളിൽ നിന്നും സ്വീകരിക്കുന്നു. ഇതിനു പ്രത്യുകാരമായി മൈക്കോറൈസ ചെടികൾക്ക് ഗുണകരമായ പ്രവർത്തനങ്ങൾ നടത്തി പരസ്പര സഹായ ബന്ധം നിലനിർത്തുന്നു.
വാം ഗുണങ്ങളേറെ
മൈക്കോറൈസ വിളകളുടെ ആഗിരണശേഷി വർദ്ധിപ്പിച്ച് മണ്ണിൽ നിന്നും കൂടുതൽ വെള്ളവും പോഷക മൂലകങ്ങളും വലിച്ചെടുക്കുന്നതിന് സഹായിക്കുന്നു. വിത്ത് മുളച്ചുവരുന്ന തൈകൾ വേരു പിടിക്കുന്നതിനും മൂലരോമങ്ങളും മറ്റും ധാരാളമുണ്ടായി ശക്തമായ വേരുപടലം സാധ്യമാക്കുന്നതിനും അനിവാര്യമായ സസ്യ പോഷണത്തിൽ പ്രമുഖസ്ഥാനമുള മൂലകമാണ് ഫോസ്ഫറസ്..
നമ്മുടെ അമ്ലസ്വഭാവമുളള മണ്ണിൽ ഭൂരിഭാഗം ഫോസ്ഫറസും മണ്ണിലെ മറ്റ് മൂലകങ്ങളുമായി ചേർന്ന് ബന്ധനാവസ്ഥയിൽ ചെടികൾക്ക് വലിച്ചെടുക്കുവാൻ കഴിയാത്ത രൂപത്തിൽ കാണപ്പെടുന്നു. എന്നാൽ ജീവാണുവളമായ വാമിന് ഈ ഫോസ്ഫറസിനെ വലിച്ചെടുത്ത് വിളകൾക്ക് ലഭ്യമാക്കുന്നതിനുള്ള കഴിവുണ്ട്. അതു കൊണ്ടു തന്നെ വാം പ്രയോഗിക്കുന്ന വിളകൾക്ക് ധാരാളം വേരോട്ടമുണ്ടാകുകയും വളർച്ച മെച്ചപ്പെടുകയും ചെയ്യുന്നു.
ഫോസ്ഫറസിനു പുറമെ മാംഗനീസ്, മഗ്നീഷ്യം, കാത്സ്യം തുടങ്ങിയ മൂലകങ്ങൾ വിളകൾക്ക് വലിച്ചെടുക്കുന്നതിനായി പാകപ്പെടുത്തുന്നതിനും വാം സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നല്ലൊരു കുമിൾ നാശിനിയായും വാം പ്രയോജനപ്പെടും. മണ്ണിൽ കാണുന്ന രോഗകാരികളായ കുമിളുകളിൽ നിന്നും വാം വിളകൾക്ക് സംരക്ഷണം നൽകുന്നു. കുരുമുളകിന്റെ വാട്ടരോഗം, നിമാവിരകൾ എന്നിവയെ ചെറുക്കാൻ വാമിന് കഴിവുണ്ട്. പരോപകാരമായ ബന്ധത്തിലൂടെ വിളകൾക്ക് ഇത്രയധികം നിശബ്ദ സേവനം കൃഷിയെ സഹായിക്കുന്ന വാമിനെ കർഷകർ ഹൃദയത്തോട് അടുപ്പിച്ചതിൽ അത്ഭുതപ്പെടാനില്ലല്ലോ