മണ്ണിനടിയിൽ വളരുന്ന കാണ്ഡവും പരന്നു ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന ഇലകളുമാണു വയമ്പിനുള്ളത്. ഗ്ലാഡിയോസ് ചെടികളുമായി രൂപസാദൃശ്യമുണ്ട്. ബാലാരിഷ്ടതകൾക്കുള്ള ഔഷധങ്ങളിൽ പ്രധാന ഘടകം വയമ്പാണ്. ശീതളപാനീയങ്ങൾക്കു രുചിയും മണവും ഔഷധമൂല്യവും നൽകാനും വയമ്പ് ഉപയോഗിക്കാറുണ്ട്.
വെള്ളം കെട്ടി നിർത്തിയ കൃഷിയിടം നന്നായി ഉഴുത് നിരപ്പാക്കിയശേഷം മുറിച്ചെടുത്ത വയമ്പിന്റെ തട ഏകദേശം 5 സെ.മീ. ആഴത്തിൽ 30 x 30 സെ. മീ. അകലത്തിൽ നടാം. ഒരു ഏക്കർ സ്ഥലത്തിന് 10 ടൺ പ്രകാരം ചാണകമോ ജൈവവളമോ നൽകണം. കൂടാതെ പാക്യജനകം, ഭാവഹം, ക്ഷാരം ഇവ ഏക്കറൊന്നിന് 10:20:24 കി. ഗ്രാം പ്രകാരം ഒരു വർഷം നൽകണം. ജൈവ വളങ്ങൾ മണ്ണ് ഉഴുന്ന സമയം നൽകുകയും ബാക്കി വളങ്ങൾ വർഷത്തിൽ 3 പ്രാവശ്യമായി നൽകുകയുമാണുത്തമം. ചെടികൾക്ക് നന നന്നായി ആവശ്യമാണ്. കൃഷിസ്ഥലത്ത് 5 സെ. മീ. കനത്തിൽ വെള്ളം കെട്ടി നിരത്തുന്നതാണ് ഏറ്റവും ഉചിതം. വിളവെടുപ്പിന് രണ്ടാഴ്ച മുമ്പ് കൃഷിസ്ഥലത്തെ വെള്ളം ഒഴുക്കിക്കളയണം.
വിളവെടുപ്പ്, സംസ്ക്കരണം, വിപണനം
വയമ്പിന്റെ ഇലകൾ മഞ്ഞനിറമായി ഉണങ്ങിത്തുടങ്ങുമ്പോൾ വിളവെടുക്കുവാൻ പാകമാകും. ചെടികൾ നട്ട് വർഷം തന്നെ വിളവെടുപ്പിന് പാകമാകും. മണ്ണിൽ അൽപം നനവുള്ളത് കിഴങ്ങ് ശേഖരിക്കൽ എളുപ്പമാക്കും. ഏകദേശം 60 സെ. മീ. ആഴത്തിലും 30 സെ. മീ. ചുറ്റളവിലും കിഴങ്ങുണ്ടാകും, മണ്ണിൽ നിന്നും പറിച്ചെടുത്ത കിഴങ്ങുകൾ 5-7,5 സെ. മീ. വരെ വലിപ്പമുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കണം. ഇങ്ങനെ മുറിക്കുന്നതിനു മുമ്പായി കിഴങ്ങിൽ നിന്നും വേരുകൾ പറിച്ചു മാറ്റണം. തുടർന്ന് വെയിലിൽ ഉണക്കി വിപണനം നടത്താം. ഒരു ഏക്കർ സ്ഥലത്തു നിന്നും 3-4 ടൺ വരെ വയമ്പ് ലഭിക്കും.