ഒരു വലിയ ഇല പൊഴിയും മരമാണ് വീട്ടി. എങ്കിലും ജലാംശം കൂടിയ സ്ഥലങ്ങളിൽ ഇത് നിത്യഹരിത വൃക്ഷമാകും. കേരളത്തിലെ ഇല പൊഴിയും ഈർപ്പ വനങ്ങളിലും, അർദ്ധനിത്യഹരിത വനങ്ങളിലും ഇവ സുലഭമായി കണ്ടു വരുന്നു. 4000 അടി മുതൽ 4500 അടിവരെ ഉയരമുള്ള കുന്നിൻ പ്രദേശങ്ങൾ ഇവയ്ക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയാണ്.
സിൽവികൾച്ചറൽ പ്രത്യേകതകൾ
സാമാന്യം നല്ല ചൂട് വളർച്ചക്ക് ആവശ്യമാണ്. ചെറിയ തോതിലുള്ള തണലിനെ അതിജീവിക്കാൻ തൈകൾക്ക് കഴിയും. തുടർച്ചയായ വരൾച്ച ഇവയുടെ വളർച്ചയെ ബാധിക്കുന്നു. ശൈത്യത്തെ അതിജീവിക്കുവാനുള്ള കഴിവില്ല. അതു കൊണ്ട് തന്നെ ഉയരമുള്ള ഹൈറേഞ്ചുകളിൽ വളർത്തിയെടുക്കാൻ പ്രയാസമാണ്.
നന്നായി കോപ്പീസ് ചെയ്യാനുള്ള കഴിവുണ്ട്. ഏപ്രിൽ - മെയ് മാസമാണ് കോപ്പീസ് ചെയ്യാൻ പറ്റിയ സമയം. വേരുകളിൽ നിന്ന് ധാരാളം മൂല പ്രസാരകങ്ങൾ ഉണ്ടാക്കുവാനുള്ള കഴിവുണ്ട്. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇലപൊഴിക്കുന്നു. ഒന്നിച്ച് ഇലപൊഴിക്കാറില്ല.
പുനരുത്ഭവം
മാർച്ച് - ഏപ്രിൽ മാസത്തിലാണ് വിത്തുണ്ടാകുന്നത്. വിത്ത് പൂർണ്ണ വളർച്ചയെത്താൻ 6-8 മാസമെടുക്കും. വിത്ത് വീര്യം നഷ്ടപ്പെടാതെ 6 മാസത്തോളം സൂക്ഷിക്കാം. നഴ്‌സറിയിൽ നേരിട്ടു പാകി തൈകളുൽപാദിപ്പിക്കാം. ഒരു കിലോഗ്രാമിൽ 19000 ത്തോളം വിത്തുകളുണ്ടാവും. ഇതിൽ നിന്ന് 10,000 തൈകളെങ്കിലും ലഭിക്കും. നന്നായി ഉണക്കിയെടുത്ത വിത്ത് നഴ്‌സറിയിൽ പാകുന്നതിനു മുമ്പ് വെള്ളത്തിലിട്ട് വെക്കുന്നത് നല്ലതാണ്. തൈകൾ നേരിട്ട് നടുന്നതിനേക്കാൾ ഒരു വർഷം പ്രായമായ തൈയ്യിൽ നിന്ന് സ്റ്റമ്പുണ്ടാക്കിയെടുക്കുന്നതാണ് ഏറ്റവും അഭികാമ്യം.
2-3 സെ.മീ. നീളത്തിൽ തണ്ടും 25-30 സെ.മീ. നീളത്തിൽ തായ്വേരും നിർത്തി ബാക്കി ഭാഗങ്ങൾ മുറിച്ച് കളഞ്ഞാണ് സ്റ്റമ്പ് ഉണ്ടാ ക്കുന്നത്. ഒരാഴ്ച്‌ചക്കുള്ളിൽ മുളപൊട്ടി മൂന്നാഴ്‌ച കൊണ്ട് മുളയ്ക്കൽ പൂർത്തിയാവുന്നു. ഒരു വർഷം പ്രായമായ തൈകൾ തോട്ടമുണ്ടാക്കാൻ ഉപയോഗിക്കാം.
രോഗങ്ങൾ
കുമിൾരോഗബാധയുണ്ടാക്കുന്നത് പോളിസ്റ്റിക്റ്റസ്, ഷൈസോ ഫില്ലം, ട്രാമറ്റഡ് എന്നീ ജനുസുകളാണ്. ഒരു ശതമാനം വീര്യമുള്ള ഡൈതേൻ, ബാവിസ്റ്റിൻ തുടങ്ങിയ കുമിൾ നാശിനികൾ നിയന്ത്രണത്തിനുപയോഗിക്കാം.
മറ്റുപയോഗങ്ങൾ
തടിക്ക്, ഈട്, ഉറപ്പ്, ബലം എന്നീ ഗുണങ്ങൾ ഒത്തിണങ്ങിയതിനാൽ ഫർണിച്ചറിനും, അലങ്കാര സാമഗ്രികൾ, കൗതുകവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനും അത്യുത്തമമാണ്. .