തേങ്ങാ വിളവാകുന്നതിന് മുമ്പ് പറിച്ച്, രണ്ടു മാസം വെള്ളത്തിൽ മുക്കിയിടുക. തുടർന്ന് വെയിലത്തു വച്ച് നന്നായി ഉണക്കുക. ഇതിന്റെ കണ്ണിൽ കൂടി ഒരു കമ്പി കടത്തി കാമ്പു മുഴുവൻ തോണ്ടിക്കളഞ്ഞ് വൃത്തിയാക്കുക. വീണ്ടും നന്നായി ഉണക്കുക. ഈ ദ്വാരത്തിലൂടെ ചിരട്ടയിൽ പച്ചക്കറി വിത്ത് നിറയ്ക്കുക, ചകിരി കൊണ്ട് ദ്വാരം അടയ്ക്കുക. തേങ്ങായ്ക്ക് പുറമേ കുമ്മായം പൂശി അടുക്കളയിലെ അലമാരയിൽ സൂക്ഷിക്കുക. തന്മൂലം കീടാക്രമണം ഉണ്ടാകാതെ രണ്ടു വർഷം വരെ വിത്തു സൂക്ഷിക്കാം. ഈ തേങ്ങാ തന്നെ ഇതേ ആവശ്യത്തിന് തുടർന്നും ഉപയോഗിക്കാം.
വിത്തിനു വേണ്ടി നിർത്തുമ്പോൾ വിളവെടുപ്പ് കാലയളവിലെ മധ്യത്തിൽ വിളഞ്ഞു പാകമായ കായ്കൾ പറിച്ചെടുത്തു വേർപ്പെടുത്തി നന്നായി ഉണക്കി സൂക്ഷിക്കുന്നതാണ് നല്ലത്. വിത്ത് ഉണക്കുന്ന സമയത്ത് കൂടിയ ചൂടിൽ ഉണക്കരുത്. ഇത് വിത്തിന്റെ മേന്മയെ ബാധിക്കുന്ന കാര്യമാണ്.
നേരിയ ചൂടിൽ സാവധാനം ഉണക്കുന്നതാണ് ഗുണമേന്മയുള്ള വിത്ത് ലഭിക്കാൻ നല്ലത്. വിത്ത് ഉണക്കുമ്പോൾ ചാക്ക് തുണി, പനമ്പ് എന്നിവയിൽ നിർത്തിവേണം ഉണക്കുവാൻ. വിത്തുകൾ ഉണങ്ങിയതിനുശേഷം അതിൽ മുഴുപ്പുള്ളത് മാറ്റിയെടുക്കണം. നല്ല വിത്തുകൾ തിരഞ്ഞെടുത്തതിനു ശേഷം ഇതിൻറെ കിളിപ്പ് ശേഷി നഷ്ടപ്പെടാതെ സൂക്ഷിക്കണം. കിളിർപ്പ് ശേഷി നഷ്ടപ്പെടാതെ കാറ്റ് കടക്കാത്ത ടിന്നുകളിലോ, പ്ലാസ്റ്റിക് പാത്രങ്ങളിലോ, കട്ടിയുമുള്ള പോളിത്തീൻ കൂടുകളിലോ വിത്തുകൾ ശേഖരിക്കണം.
പാവൽ, പടവലം, കുമ്പളം, മത്തൻ, വെള്ളരി തുടങ്ങിയവയുടെ വിത്തുകൾ ശേഖരിക്കുമ്പോൾ പഴുത്ത കായ്കൾ മുറിച്ച് വിത്ത് ഉൾക്കൊള്ളുന്ന മാംസളഭാഗം ഒരു പാത്രത്തിലാക്കി ഒരു രാത്രി പുളിക്കാൻ വയ്ക്കുക. പിറ്റേന്ന് പൊളിച്ച് വെള്ളത്തിൽ നന്നായി കലങ്ങി താഴെ അടിയുന്ന വിത്ത് നിരത്തി വെള്ളം ഊറ്റി കളയുക. വീണ്ടും വെള്ളം ഉപയോഗിച്ച് കഴുകി മാംസളഭാഗം മാറ്റിയ വിത്തുകൾ മാത്രം ശേഖരിക്കുക. വെണ്ടയുടെ വിത്ത് ശേഖരിക്കുമ്പോൾ കായ്ക്കുള്ളിൽ നിർത്തി മുപ്പതുമ്പോൾ പറിക്കുന്നതാണ് നല്ലത്.
വിത്തുകളുടെ ശേഖരണം നടത്തുമ്പോൾ സാധാരണ എല്ലാ കർഷകരും അനുവർത്തിക്കുന്ന രീതിയാണ് ചാരം, അറക്കപൊടി എന്നിവയിലേതെങ്കിലുമൊന്നുമായി വിത്തു തിരുമ്മിയ ശേഷം ഉണക്കി സൂക്ഷിക്കുന്നത്.
വെണ്ട പോലെതന്നെ ചുരയ്ക്ക, കുമ്പളം, മത്തൻ തുടങ്ങിയവയുടെ വിളഞ്ഞ കായ്കൾ അങ്ങനെ തന്നെ വിത്തിനായി സൂക്ഷിക്കുന്നതാണ് നല്ലത്. ഇങ്ങനെ സംരക്ഷിക്കുക വഴി പ്രതികൂലസാഹചര്യങ്ങൾ നിന്ന് വിത്തിനെ സംരക്ഷിക്കാനാകും. കൃഷിയിറക്കാൻ ഉദ്ദേശിക്കുന്ന കാലയളവിലെ രണ്ടാഴ്ച മുൻപ് വിത്തുകൾ വേർപെടുത്തി തണലിൽ ഉണക്കി സൂക്ഷിക്കുക.