കൃഷി ചെയ്യാൻ മനസ്സുണ്ടെങ്കിലും ഇടമില്ലാത്തവർക്ക് ഏറെ ആശ്വാസം പകരുന്നതാണ് ലംബകൃഷി എന്ന സാങ്കേതികവിദ്യ. തട്ടുതട്ടുകളായി മുകളിലേക്ക് ഉയരുംവിധം രൂപകൽപന ചെയ്ത ലംബകൃഷി മാതൃകകൾ/വെർട്ടിക്കൽ സ്റ്റാൻഡ് സ്ഥലപരിമിതിയെ മറികടക്കാൻ ഉപകരിക്കുന്നു. ഇത്തരം മാതൃകകൾ ഉപയോഗിച്ച് ചെറുവിസ്തൃതിയിൽ പോലും കൂടുതൽ ചെടിച്ചട്ടികൾ/ഗ്രോബാഗുകൾ വയ്ക്കാം.
സ്ഥലപരിമിതിയുള്ള നഗരവാസികൾക്ക് ഏറെ പ്രയോജനകരമായ സാങ്കേതിക വിദ്യയാണിത്. ലംബകൃഷി മാതൃകകളിൽ മികച്ച രണ്ട് സംവിധാനങ്ങൾ പരിചയപ്പെടാം. ഇത് കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം കരമനയിലുള്ള സംയോജിത കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രം രൂപപ്പെടുത്തിയതാണ്.
പിരമിഡ് മാതൃക
ഗ്രോബാഗുകളെങ്കിൽ 21 എണ്ണം വരെ ഉൾക്കൊള്ളിക്കാനാകുന്ന മാതൃകയാണിത്. 2.09 ചതുരശ്ര മീറ്ററിൽ ഒതുങ്ങും. ഇരുമ്പ്/ ജിഐ പട്ടകൾ ഉപയോഗിച്ച് നിർമിക്കാം. ഉറപ്പിച്ചു നിർത്തിയ ചട്ടമാണിത്. ഏകദേശം 10,000 രൂപ ചെലവിൽ നിർമിക്കാം. ഏറ്റവും മുകളിലെ തട്ടിൽ ഒരു ബക്കറ്റ് ഉറപ്പിക്കാം. ഇതിൽ വെള്ളം നിറച്ച്, ഡ്രിപ്പ് ലൈനുകൾ ഉറപ്പിച്ച് ഓരോ ഗ്രോബാഗിലും തുള്ളിനന നടത്താം. ഒരു വാൽവ് തുറക്കുകയേ വേണ്ടൂ, ജലം ഗ്രോബാഗുകളിൽ എത്തും. സാധാരണ രീതിയിൽ 2 ചതുരശ്ര മീറ്റർ കൃഷിയിടത്തിൽ/ ടെറസ്സിൽ 8ചട്ടി കൾ/ ഗ്രോബാഗുകൾ വരെയേ വയ്ക്കാനാവുകയുള്ളൂ.
തിരിനന മാതൃക
ഗ്രോബാഗുകൾ വയ്ക്കാം. തിരിനന സൗകര്യവും, അധികജലം വാർന്നുപോകാനുള്ള സംവിധാനവുമുണ്ട്. നനയ്ക്കൊപ്പം ലായനികളും നൽകാം. തിരിനന എളുപ്പവും ആയാസരഹിതവുമാണ്. വീട് വിട്ടുനിൽക്കേണ്ടപ്പോഴും നന തടസപ്പെടില്ല. ഏകദേശ വില 15,000 രൂപ.