ശ്രീനാരായണ ഗുരുവിൻ്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം അഥവാ ഗുരുകുലത്തോട് ചേർന്നുള്ള ഭൂപ്രകൃതിയിൽ 500 വർഷത്തോളം പ്രായമെത്തിയ മുത്തശ്ശി പ്ളാവിന് സുഖചികിത്സയുമായി ഒരുകൂട്ടം വിശ്വാസികൾ ,പരിസ്ഥിതിപ്രവർത്തകർ ,വൃക്ഷചികിത്സാ വിദഗ്‌ധർ രംഗത്തെത്തിയതായി വാർത്ത'. ഈ സത്കർമ്മം തികച്ചും അനുമോദനാർഹം അതിലേറെ പുണ്യകർമ്മം എന്ന് പറയാതെ വയ്യ .
പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളെയും 'ആത്മവത് സർവ്വഭൂതാനി ' എന്ന സങ്കൽപ്പത്തോടെ അഥവാ സ്നേഹാദരവോടെ നോക്കിക്കണ്ട നമ്മുടെ പ്രാചീനാചാര്യന്മാർ പക്ഷിമൃഗാദികൾക്കും വൃക്ഷലതാദികൾക്കും അനുയോജ്യമായ ചികിത്സാ സംവിധാനങ്ങൾ തനിതനിയായി രചിക്കുകയുണ്ടായി .
സസ്യങ്ങൾ അഥവാ വൃക്ഷലതാദികളെ ബാധിക്കുന്ന രോഗങ്ങൾക്കെതിരെ പ്രയോഗിക്കാവുന്ന ആയുർവ്വേദ ശാസ്ത്രശാഖയായ വൃക്ഷായുർവ്വേദത്തിന്റെ പിറവിയുമങ്ങിനെ .
സുരപാലൻ എന്ന ആചാര്യനാണ് വൃക്ഷായുർവ്വേദത്തിൻ്റെ ഉപജ്ഞാതാവ് .ഇന്നത്തെ ഒഡിഷയിൽ ഭീമ്പാല രാജാവിന്റെ രാജസദസ്സിലെ ആയുർവേദ ചികിത്സകനായിരുന്നു സുരപാലൻ. പുരാതന കൃഷിശാസ്ത്രമായ വൃക്ഷായുർവേദം പൂർണരൂപത്തിൽ തയ്യാറാക്കിയത് സുരപാലനാണ്.
അദ്ദേഹത്തിന്റെ കാലഘട്ടത്തിലും അതിനു മുൻപും മറ്റുപല പണ്ഡിതരും രേഖപ്പെടുത്തിയ വൃക്ഷായുർവേദ അറിവുകൾ കൃഷിയിൽ പരീക്ഷിച്ചു.
അതിനു ശേഷം അദ്ദേഹം അവ എഴുതിത്തയ്യാറാക്കി. ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടു പോകുമ്പോൾ സുരപാലൻ തയ്യാറാക്കിയ വൃക്ഷായുർവേദ താളിയോലകളും കൊണ്ടു പോയി എന്നത് ചരിത്രസത്യം .
അതിനൂതനസാങ്കേതിക വിദ്യയിലൂടെ കാർഷികരംഗത്ത് പരീക്ഷണ നിരീക്ഷണങ്ങളും വിളപരിപാലനവും കീടരോഗപ്രതിരോധവും അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ നവീന കാലഘട്ടത്തിലും പഴമയുടെ പാരമ്പര്യത്തനിമയും മഹത്വവും കൈവിടാതെയാണ് ചെമ്പഴന്തിയിലെ പ്ലാവിനു സുഖ ചികിത്സ നടത്തുന്നത് .
പോയകാലഘട്ടത്തിലെ വൃക്ഷായുർവേദത്തിൻ്റെ മഹത്വവും മാഹാത്മ്യവും പുതുതലമുറക്കാർക്ക് കൈമാറാനും ഇതുപകരിക്കാതിരിക്കില്ല തീർച്ച .
വരാഹമിഹിരൻ ,ശാർങധരൻ തുടങ്ങിയ പുരാതന കാലഘട്ടത്തിലെ പണ്ഡിതശ്രേഷ്‌ഠന്മാരെ ഓർമ്മിക്കാനൊരവരംകൂടി .
മാവ് ,പ്ളാവ് ,അശോകം ,ഞാവൽ .ആയനി ,മാതളം ,മുന്തിരി ,ഉറുമാമ്പഴം തുടങ്ങിയവ സമാനസ്വഭാവമുള്ള മറ്റൊരു ചെടിയിൽ ഒട്ടിച്ചുനിർത്തി വളർത്തിയെടുക്കാമെന്നും ചുരുങ്ങിയ കാലപരിധിക്കുള്ളിത്തന്നെ വിളവുൽപ്പാദനം നടത്താമെന്നും പിൽക്കാലങ്ങളിൽ നല്ല ഫലസമൃദ്ധിയും നൂറ്റാണ്ടുകൾക്ക് മുമ്പ്തന്നെ വൃക്ഷായുർവ്വേദം സാക്ഷ്യപ്പെടുത്തുന്നതായി വേണം കരുതാൻ .
ഗ്രാഫ്റ്റിങ്ങും ലയറിങ്ങും ബെഡ്‌ഡിങ്ങും ടിഷ്യു കൾച്ചർ പോലുള്ള വാക്കുകളും കേട്ടറിവില്ലാത്ത കാലയളവിൽ വൃക്ഷായുർവേദത്തിൽ രേഖപ്പെടുത്തിയ ശ്ളോകം വിസ്‌മയം ജനിപ്പിക്കുന്നതെന്ന് പറയാതെ വയ്യ
''പനസാശോകകദളീ ജംബുല
കുചഡാഡിമാഃ
ദ്രാക്ഷാ പാലീവതാശ്ചൈവ
ബീജപൂരാതിമുക്തകാഃ
ഏതേദ്രുമാഃ കാണ്ഡരോവ്യാ
ഗോമയേന പ്രലേപിതാഃ
മൂലഛേദവാ സ്‌കന്ധേരോപണീയാഃ പ്രയത്നതാഃ ''
വിളവർധന, ഗുണമേന്മ, കീടരോഗങ്ങളെ അകറ്റൽ, രാസപ്രയോഗമില്ലാത്ത ജൈവരീതി തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ട് വേദകാലം മുതൽക്കെ വൃക്ഷായുർവേദ ചികിത്സ നിലവിലുണ്ടായിരുന്നു .
ആത്മജ്ഞാനിയും തത്ത്വചിന്തകനുമായിരുന്ന ഋഷിവര്യൻ കപിലമുനി രചിച്ച കൃഷിസൂക്തിയെന്ന ഗ്രന്ഥം പാശ്ചാത്യ രാജ്യങ്ങൾ വരെ പില്‍ക്കാലങ്ങളിൽ മാതൃകയാക്കിയിരുന്നു.
കൃഷിസൂക്തിയെന്ന ഗ്രന്ഥത്തിൻറെ ചുവടുപിടിച്ചാണ് ഇന്നത്തെ മിക്ക കാര്‍ഷികവിജ്ഞാനവും ഗ്രന്ഥങ്ങളും തയ്യാറാക്കിയിട്ടുള്ളതെന്നു സസ്യശാസ്തജ്ഞന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു . വരാഹമിഹിരനും ശുശ്രുതനും ചരകമഹര്‍ഷിയും (ചരകസംഹിത) സസ്യങ്ങളുടേയും ധാന്യങ്ങളുടെയും ഔഷധഗുണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങളുണ്ട് .
'കൃഷിസൂക്തി' എന്ന പൌരാണിക കാര്‍ഷികഗ്രന്ഥത്തിന്റെ ഉള്ളടകത്തിലൂടെ കണ്ണോടിച്ചാൽ ചരിത്രാതീതകാലത്ത് ഭാരതത്തില്‍ അതിസമ്പന്നമായ ഒരു കാര്‍ഷിക സംസ്കാരം നില നിന്നിരുന്നു എന്നു കാണാം.