ആമ്പൽ ചെടി നടാനായി ഉദ്ദേശിക്കുന്ന ടാങ്കിൽ അരയടിഘനത്തിലെങ്കിലും ചെളിയോ മണ്ണോ കോരിയിടുക. ഇതിനുശേഷം ഉപയോഗശൂന്യമായ ഒരു ടയർ ടാങ്കിന്റെ അടിയിൽ മധ്യഭാഗത്ത് ചരിച്ചു വച്ച് ഈ ടയറിന്റെ ഉൾഭാഗത്ത് ചെറിയ കല്ലുകളും ചെളിയും പകുതിയെങ്കിലും നിറച്ച് ഇതിന്റെ മുകളിൽ ആമ്പൽ ചെടിയുടെ വേരുകളും നിരത്തി വച്ചു വേരിനു മുകളിൽ കുറേശെ ചെളി വീണ്ടും ഇട്ടു കൊടുക്കുക.
ആമ്പൽച്ചെടി ചെളിയിൽ ഉറച്ചു നിൽക്കുന്ന അവസ്ഥയിൽ ആക്കിയതിനു ശേഷം ചെടിയുടെ മുകൾപ്പരപ്പുവരെ സാവധാനം വെള്ളം നിറയ്ക്കുക. പിന്നീട് ചെടിയുടെ വളർച്ചയനുസരിച്ച് ആവശ്യാനുസരണം വെള്ളം ഒഴിച്ചു കൊടുത്ത് വെള്ളത്തിന്റെ നിരപ്പ് ഉയർത്താം. ഇപ്രകാരം വളർത്തിയെടുത്ത ചെടിയിലോ പൂവിലോ സക്കറിലോ ആരെങ്കിലും പിടിച്ച് മേൽപ്പോട്ടു വലച്ചാൽ ചെടി ചുവടെ പറിഞ്ഞു പോരില്ല. ടയറിന്റെ നിരപ്പിൽ പുറംഭാഗത്തു ചെളി നിറയ്ക്കേണ്ടതാണ്.
വളപ്രയോഗം
ഒന്ന് ഒന്നര വർഷത്തിനകം ആമ്പൽ പുഷ്‌പിച്ചു തുടങ്ങും. വളപ്രയോഗം നിർബന്ധമല്ലെങ്കിലും ചാണകപ്പൊടി, ആട്ടിൻകാഷ്ടം, പന്നിക്കാഷ്‌ഠം എന്നിവയിലേതെങ്കിലും നന്നായി ഉണങ്ങിയത് ആവശ്യാനുസരണം ഇട്ടുകൊടുത്താൽ ധാരാളം പൂക്കളുണ്ടാകും.