ജൈവ - രാസവളങ്ങൾ ഒരു പോലെ ഓർക്കിഡുകൾക്കാവശ്യമാണ്. യഥാസമയം ശരിയായ രീതിയിൽ വളപ്രയോഗം നടത്തിയാൽ മാത്രമേ ഓർക്കിഡ് ചെടികൾ നമ്മുടെ ആഗ്രഹത്തിനനുസരിച്ച് പുഷ്പിക്കുകയുള്ളു എന്നോർക്കുക.
ആദ്യം ജൈവവളങ്ങളെക്കുറിച്ചു നോക്കാം. ചാണകം, കോഴിവളം, പന്നിവളം, ഫിഷ് അമിനോ ആസിഡ്, പിണ്ണാക്ക്, ഗോമൂത്രം, തേങ്ങാവെള്ളം എന്നിവയാണ് പ്രധാന ജൈവവളങ്ങൾ. അരാക്ക്നിസ്, അരാൻ പോലുള്ള ഓർക്കിഡുകൾക്ക് ചാണകം നല്ലതാണ്. പച്ചച്ചാണകവും പഴയചാണകവും തുല്യ അളവിൽ കലർത്തി ഒരു ഭാഗം ചാണകം 10 ഭാഗം വെള്ളത്തിൽ ലയിപ്പിച്ച് ഒഴിച്ചു കൊടുക്കാം. പച്ചച്ചാണകം മാത്രം കലക്കി തെളിയൂറ്റിയും ഒഴിക്കാം.
ചാണകവും വേപ്പിൻപിണ്ണാക്കും അല്ലെങ്കിൽ കടലപ്പിണ്ണാക്കും കൂടി കലക്കി വച്ച് അതിന്റെ തെളിയൂറ്റി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വെള്ളം ചേർത്തു നേർപ്പിച്ച് ചെടിച്ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ഒരു ഭാഗം ചാണകം 20 ഇരട്ടി വെള്ളം ചേർത്ത് നന്നായി നേർപ്പിച്ച് തെളി ഊറ്റി ഒഴിക്കുന്ന പതിവുമുണ്ട്. തൂക്കുചട്ടികളിൽ വളർത്തുമ്പോൾ പച്ചച്ചാണകം നേർപ്പിച്ച് ഇടയ്ക്കിടെ തളിക്കാം.
കോഴിവളമാണ് മറ്റൊരു ജൈവവളം. ഇതിൽ 2 - 4.5% നൈട്രജൻ, 4.5 - 6% ഫോസ്ഫറസ്, 1- 2.4% പൊട്ടാഷ് എന്നിവയും ഏതാണ്ട് എല്ലാ സൂക്ഷ്മമൂലകങ്ങളും അടങ്ങിയിട്ടുണ്ട്. ഒരു ചട്ടിക്ക് 20 ഗ്രാം കോഴിവളം മതിയാകും. അതും 10 - 12 സെ.മീറ്റർ താഴ്ചയിൽ ചേർക്കുകയും വേണം. ചേർത്താലുടൻ നനയ്ക്കാനും മറക്കരുത്. ഇതുപോലെ തന്നെ പന്നിവളവും ഒരു ഭാഗം 10 ഭാഗം വെള്ളവുമായി കലർത്തി തെളിയൂറ്റി അര ലിറ്റർ വീതം ഓരോ ചെടിയുടെ ചുവട്ടിലും ഒഴിക്കാം.
ജൈവവളത്തോടൊപ്പം ഓർക്കിഡ് ചെടികൾക്ക് കുറച്ച് രാസവളവും ചേർക്കാം. ഇവിടെയും ഓർക്കിഡ് കർഷകർ ദീർഘകാലമായി വിജയകരമായി ഉപയോഗിച്ചു വരുന്ന ചില രാസവളമിശ്രിതങ്ങളുണ്ട്.