നായ്ക്കുരുണ കായുടെ പുറത്തുള്ള രോമങ്ങൾ ശരീരത്തിൽ സ്പർശിച്ചാൽ അത്യധികമായ ചൊറിച്ചിലും തടിപ്പും ഉണ്ടാകുന്നു. തുടർന്ന് അവിടെ നീറ്റൽ അനുഭവപ്പെടും. ഈ രോമങ്ങളിലെ വിഷഘടകവുമായി ശരീരത്തിന് സമ്പർക്കം ഉണ്ടാകുമ്പോൾ അവിടെ "ഹിസ്റ്റമിൻ' എന്ന വസ്തു ഉൽപ്പാദിക്കപ്പെടുന്നു. തൽഫലമായാണ് ശക്തിയായ ചൊറിച്ചിൽ ഉണ്ടാകുന്നത്. ഈ രോഗങ്ങൾ ശ്വസിക്കുവാനിടയായാൽ മൂക്കിലും ശ്വാസമാർഗങ്ങളിലും വേദനയും വീക്കവും ഉണ്ടാകും. ചിലപ്പോൾ ശ്വാസംമുട്ടൽ മൂലം മരണം സംഭവിക്കാം. കുറ്റകൃത്യങ്ങൾക്ക് നായ്ക്കുരുണപ്പൊടി ഉപയോഗിക്കുക സാധാരണയാണ്.
ചികിത്സയും പ്രത്യൗഷധവും
നായ്ക്കുരുണ മൂലം ബാഹ്യമായി ഉണ്ടാകുന്ന വികാരങ്ങൾക്ക് സോഡിയം കാർബണേറ്റ് ചേർത്ത് ചെറു ചൂടുവെള്ളം കൊണ്ട് കഴുകുക. ഉള്ളിൽ കഴിച്ച് അസുഖം ഉണ്ടായാൽ ആദ്യം ഒലിവ് എണ്ണയോ ദ്രവപാരഫിനോ കുടിപ്പിക്കുക. നായ്ക്കുരുണ കൊണ്ടുണ്ടാകുന്ന ചൊറിച്ചിലിന് തൈര് സർവാംഗം പുരട്ടുന്നതും നല്ലതാണ്.
ഔഷധഗുണങ്ങളും പ്രയോഗങ്ങളും
ചികിത്സയ്ക്ക് കൂടുതലും കാട്ടുനായ്ക്കുരണയാണ് ഉപയോഗിക്കുന്നത്. വിത്തും വേരുമാണ് ഉപയോഗിക്കുന്ന ഭാഗങ്ങൾ. വിത്തിനുള്ളിലെ പരിപ്പ് ശ്രേഷ്ഠമായ ഒരു വാജീകരണൗഷധമാണ്. ഉഴുന്നിന്റെ ഗുണങ്ങൾ എല്ലാം നായ്ക്കുണപ്പരിപ്പിനുണ്ട്. ഇത് വാതത്തെ ശമിപ്പിക്കുന്നു. കായിലെ രോമങ്ങൾ നെയ്യിലോ തേനിലോ ഉള്ളിൽ കഴിച്ചാൽ കുടലിലെ കൃമികൾ നശിക്കുന്നതാണ്. മൂത്രവർധകമായതിനാൽ ഇതിന്റെ വേരു കൊണ്ടുണ്ടാക്കുന്ന കഷായം വൃക്കരോഗങ്ങൾ ശമിപ്പിക്കുന്നു. നായ്ക്കുരണ വേര് അരച്ച് മന്തുരോഗത്തിൽ ലേപമായുപയോഗിക്കാം. തേൾ കടിച്ച ഭാഗത്ത് നായ്ക്കുരണക്കുരു അരച്ചുപുരട്ടിയാൽ വിഷശമനമുണ്ടാകും.